Image

ഒരു സാദാ മലയാളിയുടെ സങ്കടങ്ങള്‍ (ശ്രീപാര്‍വതി)

Published on 28 September, 2012
ഒരു സാദാ മലയാളിയുടെ സങ്കടങ്ങള്‍ (ശ്രീപാര്‍വതി)
എമര്‍ജ്ജിങ്ങ്‌ കേരളം ഇപ്പോള്‍ എമര്‍ജ്‌ ചെയ്‌തുകൊണ്ടിരിക്കുകയാണോ അതോ കുഴിയിലേയ്‌ക്ക്‌ വീണുകൊണ്ടിരിക്കുകയാണോ എന്നത്‌ നോക്കിയിരിക്കുകയാണ്‌, ഇവിടെയുള്ള സാധാരണ ജനങ്ങള്‍ . കാര്‍ഷികവൃത്തി ദൈനംദിന തൊഴിലായിമാറിയ വലിയൊരു വിഭാഗം ജനങ്ങള്‍ ഒരുകാലത്ത്‌ നിര്‍മ്മിച്ചെടുത്ത ഹരിതാഭമായ ഒരു നാടുതന്നെയാണ്‌, കേരളം. പിന്നീട്‌ വേഗതയേറിയ ജീവിതം നഗരങ്ങളെ മാറ്റിയെടുത്തതുപോലെ പതുക്കെ പതുക്കെ ഇവിടുത്തെ ഗ്രാമങ്ങളേയും മാറ്റിയെടുക്കാന്‍ തുടങ്ങി. ചെറുത്തുനില്‍പ്പ്‌ പല ഭാഗങ്ങളില്‍നിന്ന്‌ ഉണ്ടായെങ്കിലും അതിനെയൊക്കെ മറികടന്ന്‌ അതിവേഗലോകത്തിന്റെ കംപ്യൂട്ടര്‍ വക്താക്കളായി കേരളവും പേരു രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നു.

പണ്ട്‌ വീടിനോട്‌ ചേര്‍ന്നുണ്ടായിരുന്ന വയലുകളുടെ ഭംഗി ഓര്‍മ്മ വരുന്നു, കണ്ണെത്തുന്ന ദൂരത്തോളം നീളത്തില്‍ ഇളംപച്ച നിറത്തില്‍ നെല്‍വയലുകള്‍, പിന്നെ ചെറിയ കുളങ്ങള്‍, തവളകള്‍, തുമ്പികള്‍, വര്‍ഷങ്ങള്‍ക്കുശേഷം അവിടെ കണ്ടത്‌ മണ്ണിട്ടു നികന്ന വയലുകളും ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളുമാണ്‌. കേരളത്തിന്റെ ഒരു ചെറിയ മൂലയ്‌ക്കുണ്ടായ മാറ്റം ഇതാണെങ്കില്‍ ഒരുപക്ഷേ എമര്‍ജിങ്‌ കേരള എന്ന വ്യാവസായിക തുടിപ്പ്‌ കൊണ്ടുവരുന്ന മാറ്റം ഇതിലും എത്രയോ വലുതായിരിക്കും. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ ബഹുനിലകെട്ടിടങ്ങള്‍ നശിപ്പിച്ചു കളയുന്നത്‌ എത്ര ഏക്കര്‍ വയലുകളും ചെറിയ നീര്‍കുളങ്ങളുമായിരിക്കും?

ഈയിടെ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ പറഞ്ഞത്‌ പത്രത്തില്‍ വായിച്ചു, കൃഷിയ്‌ക്കു പകരം കുറച്ചുകൂടി പ്രവര്‍ത്തന നിരതമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടു കൂടെ എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന അക്ഷരാര്‍ത്ഥത്തില്‍ സങ്കടപ്പെടുത്തി, പിന്നെ സ്വയം ആശ്വസിച്ചു. പക്ഷേ വൈകാരികമായി കാണരുതെന്ന്‌ അദ്ദേഹം പറയുമ്പോഴും കേരളം എന്ന മണ്ണിന്റെ കൃഷിയിടങ്ങള്‍ക്കു പറ്റിയ മണ്ണിനെ കുറിച്ച്‌ അദ്ദേഹം മറന്നു.

ഓരോ സ്ഥലത്തിനും ഭൌമശാസ്‌ത്രപരമായി ഒരുപാട്‌ പ്രത്യേകതകള്‍ ഉണ്ട്‌. തീര്‍ച്ചയായും കൃഷിയ്‌ക്ക്‌ പറ്റിയ ഇടങ്ങളെ ആ രീതിയില്‍ തന്നെയാണ്‌, സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടത്‌ എന്നിരിക്കേ മറുനാടുകളില്‍നിന്നു വരുന്ന വിഷലിപ്‌തമായ ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉപദേശിക്കുക എന്നത്‌ അപലപനീയമായിപ്പോയി. ഈയിടെ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു, തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍ അവിടെ പച്ചക്കറി കൃഷി രണ്ടു രീതിയില്‍ ഉണ്ടത്രേ, ഇദ്ദേഹം മലയാളിയാണെന്നറിയാതെ ഒരു തമിഴന്‍ പറയുകയാണ്‌, അത്‌ മലയാളികള്‍ക്കു വേണ്ടി കൃഷി ചെയ്‌തെടുക്കുന്നതാണെന്ന്‌, അവിടെ അയാള്‍ മുഖത്ത്‌ തുണി കെട്ടി നിന്ന്‌ മാരകമായ കീടനാശിനികള്‍ അടിക്കുകയാണ്‌. അതിനുശേഷം സുഹൃത്ത്‌ കടകളില്‍ നിന്ന്‌ പച്ചക്കറി വാങ്ങാറില്ലത്രേ, പകരം സ്വന്തമായി ഒരു കൃഷിത്തോട്ടം നിര്‍മ്മിച്ചെടുത്തു. ഈ വിഷപ്രയോഗം പച്ചക്കറികളില്‍ മാത്രമാണെന്ന്‌ വിശ്വസിക്കാന്‍ വയ്യ, അരിയിലും ഗോതമ്പിലും വരെയുണ്ടാകും. ഇതൊക്കെ അറിഞ്ഞു കൊണ്ട്‌ ഇറക്കുമതി ഭക്ഷ്യവസ്‌തുകള്‍ കഴിക്കേണ്ടി വരുന്ന (അതും നിര്‍മ്മിക്കാനാവശ്യമായ അവസരങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും) നമ്മുടെ അവസ്ഥ എത്ര ദയനീയമാണ്‌.

ആറന്‍മുളയില്‍ വിമാനത്താവളം എമെര്‍ജിങ്‌ കേരളയില്‍ ഉള്‍പ്പെടുത്തിയെന്നറിഞ്ഞു. ഇതിന്റെ നടത്തിപ്പിനായി കൊടുത്ത അപേക്ഷയില്‍ കമ്പനി കാണിച്ചിരിക്കുന്നത്‌ തരിശു നിലം എന്നാണെന്ന്‌ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു, ആറന്‍മുളയില്‍ എഴുന്നൂറ്‌ ഏക്കറോളം ഭൂമി തരിശാണെന്ന്‌ വിശ്വസിക്കാന്‍ തന്നെ ആ പ്രദേശത്തെ കുറിച്ച്‌ അറിയുന്നവര്‍ക്ക്‌ ഊഹിക്കാന്‍ പറ്റില്ല. ഹരിതാഭയണിഞ്ഞ സ്ഥലമെന്നനിലയില്‍ ധാരാളം കാവുകളും മറ്റും നിറഞ്ഞ സ്ഥലമായതു കൊണ്ടു തന്നെ മനോഹരമാണ്‌, ആറന്‍മുള. അവിടെ അത്രയും പച്ചപ്പില്‍ നിലനില്‍ക്കുന്ന പരിസ്ഥിതിയെ മുറിവേല്‍പ്പിച്ച്‌ ഒരു വിമാനത്താവളം കൊണ്ടുവരുന്നത്‌ ആരുടെ അജണ്ടയാണ്‌? നെടുമ്പാശ്ശേരി വിമാനത്താവളം അധികം അകലെ അല്ലാതെയുമിരിക്കേ ഇതുകൊണ്ട്‌ ആര്‍ക്കാണ്‌, പ്രയോജനം? വിമാനത്തിന്റെ യാത്രാവില കൊടുത്ത്‌ സാധാരണക്കാരന്‍ ഇതില്‍ യാത്ര ചെയ്യുമെന്ന്‌ കരുതാന്‍ വയ്യ. പിന്നെ ഇതിന്റെ ഗുണഭോക്താവ്‌ ആര്‌...? കോര്‍പ്പറേറ്റ്‌ കമ്പനികളുടേയും ബിനാമികളുടേയും അജണ്ടയില്‍ പക്ഷേ പ്രതിപക്ഷത്തിനുവരെ മറുവാക്കില്ല. പിന്നെ ആരാണ്‌, പ്രതിഷേധിക്കേണ്ടത്‌? കണ്ണുമടച്ച്‌ പാര്‍ട്ടി മാത്രം നോക്കി വോട്ട്‌ കുത്തുന്ന ജനങ്ങളോ? കണ്ണടച്ചിരിക്കുന്നവര്‍ എന്ത്‌ പ്രതിഷേധിക്കാന്‍!!!

കയ്യൂക്കിലും പണത്തിലുമാണ്‌, കാര്യം അതിനു മുകളിലൂടെ ഒരു ആക്ടിവിസ്റ്റും പറക്കില്ല, ഒരു പരിസ്ഥിതിവാദിയും പറക്കില്ല, ഒരു പ്രതിപക്ഷ നേതാവും കുതിക്കില്ല. പിന്നെ നമുക്ക്‌ കണ്ടാസ്വദിക്കാം വര്‍ദ്ധിപ്പിച്ച ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച്‌ കേന്ദ്രത്തോട്‌ കൊമ്പു കോര്‍ക്കുന്ന ചിലരെ, അതും വെറുമൊരു ഷോ മാത്രമാണെന്നറിയുമ്പോള്‍ പിന്നെ എന്തു ചെയ്യണം.

വൈകാരികമായ ദുരവസ്ഥ ആവശ്യത്തിനുണ്ട്‌ കേരളത്തില്‍. അതിനും മുകളില്‍ അധികാരമുകള്‍ വര്‍ഗ്ഗത്തിനു മാത്രം പ്രയോജനപ്പെടുന്ന എമേര്‍ജിങ്ങ്‌ കേരള പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ്‌? കൃഷിയിടങ്ങള്‍ക്കാവശ്യമായ മണ്ണിന്റെ മുകളില്‍ കോണ്‍ക്രീറ്റ്‌ അടിത്തറയിടുന്നത്‌ ആരെ പ്രീണിപ്പിക്കാനാണ്‌, അതിനു വേണ്ടി എപ്പോള്‍ വേണമെങ്കിലും മാറ്റി മറിയ്‌ക്കാവുന്ന നിയമങ്ങളും.

വര്‍ദ്ധിപ്പിച്ച ഡീസല്‍വിലയില്‍ കുതിച്ചു കയറുന്ന ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധനയും സാധനവിലയും എല്ലാം ബാധിക്കുന്നത്‌ സാധാരണക്കാരെ മാത്രം. നോക്കുകുത്തികളായ ,കുത്തക മുതലാളിമാരോടും കേന്ദ്രത്തോടും മാത്രം കൂറുള്ള ഒരു ഭരണമായി പോയി നമ്മുടേത്‌, അനുഭവിക്കാം.

തീര്‍ച്ചയായും ഞാനൊരു വികസ വിരോധിയല്ല, ഇതു വായിച്ച്‌ ചിലരെങ്കിലും രോഷം കൊള്ളുന്നതെനിക്ക്‌ കാണാം. വികസനം വരണമെന്ന്‌ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്‌, പക്ഷേ മണ്ണിനെ മറന്നിട്ട്‌, പരിസ്ഥിതിയെ മറന്നിട്ട്‌ ഒരു വികസനം കൊണ്ടു വരുന്നത്‌ അവനവന്‍ ഉള്ള ശവക്കുഴി തോണ്ടുന്ന പ്രവൃത്തിയായതു കൊണ്ട്‌ അതിനെ ന്യായീകരിക്കാന്‍ വയ്യ, ഇനിയാര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ നിങ്ങളും ഒരുക്കി വച്ചോളൂ, സ്വയമൊരു ശവക്കുഴി...
ഒരു സാദാ മലയാളിയുടെ സങ്കടങ്ങള്‍ (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക