Image

എത്ര നിസ്സാരം. ഈ ജന്മം-കൊച്ചേച്ചി

കൊച്ചേച്ചി Published on 28 September, 2012
എത്ര നിസ്സാരം. ഈ ജന്മം-കൊച്ചേച്ചി
ഈ പ്രപഞ്ചത്തിന്റെ(Universe)അത്ഭുതകരമായ വലിപ്പത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഈ ഭൂമി എത്രചെറുതാണെന്നും അതിലെ ജന്തുജാലങ്ങളും മനുഷ്യരും എത്ര നിസ്സാരരാണെന്നും നമുക്കു മനസ്സിലാകും. അണുവില്‍ തുടങ്ങി ഈ വിശ്വത്തിലെ വലിയ ഗോളംവരെ നിര്‍വ്വഹിക്കുന്ന വിപുലമായ ഒരു വ്യവസ്ഥയുണ്ട്. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ അത് അഭംഗുരം തുടരുന്നു. ഇന്നു കണ്ടു നാളെ വാടുന്ന വെറും പൂക്കളാണു മനുഷ്യര്‍. ദൈവസൃഷ്ടിയില്‍ ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യം പോലുമില്ലാത്ത മനുഷ്യനും ഇവിടെ അവരുടെതായ കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്.

എന്നാല്‍ ഈശ്വരന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ മനുഷ്യനു കഴിയുന്നുണ്ടൊ? ഉള്ള സമയം ക്രിയാത്മകമായി മനുഷ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടൊ? ഉള്ള സമയങ്ങ
ള്‍ ക്രിയാത്മകമായി മനുഷ്യനന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടൊ? വളരെ സൂക്ഷ്മതയോടെ ഇതൊക്കെ ചെയ്ത് ഈ പ്രവാസിത്തില്‍ നിന്നും അടുത്ത പ്രവാസത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാന്‍കഴിയുന്നുണ്ടൊ?

ജീവിതത്തിന്റെ ചുരുങ്ങിയ കാലഘട്ടത്തെക്കുറിച്ചൊ തന്റെ നിസ്സാരതയെക്കുറിച്ചൊ ചിന്തിക്കാതെ താന്‍ ആണ് ഏറ്റവും വലിയവന്‍ താനില്ലാതെ സമൂഹം എങ്ങനെ പള്ളികള്‍ എങ്ങനെ സംഘടന എങ്ങനെ, സാഹിത്യസൃഷ്ടികള്‍ എങ്ങനെ എന്നു തുടങ്ങി അഹം മാത്രം സ്വന്തമായ ഒരു ജനതതിയല്ലെ നമ്മള്‍? സ്ഥാനമാനങ്ങള്‍ക്കും സ്റ്റേജ്‌ഷോകള്‍ക്കും വേണ്ടി മല്ലടിച്ച് മൈക്കു കിട്ടാത്തതിന്റെ പേരില്‍ പത്രത്തില്‍ ഫോട്ടോ വരാത്തതിന്റെ പേരില്‍ പിണങ്ങിപിരിഞ്ഞ് പുതിയ പള്ളികളും സംഘടനകളും തീര്‍ക്കുന്നവരെല്ലാം എന്തു സ്റ്റേജ്? എന്തുമൈക്ക്? എന്ത് ആചാരങ്ങള്‍ നമ്മുടെയൊക്കെ വ്യര്‍ത്ഥതയെറിയാവുന്നവര്‍ സംഘടിക്കട്ടെ., ഒന്നിച്ചു പ്രവര്‍ത്തിക്കട്ടെ, നന്മ കാണട്ടെ, നന്മചെയ്യട്ടെ, സാഹിത്യസംവാദങ്ങളിലും സൃഷ്ടികളിലും ഏര്‍പ്പെടട്ടെ.

നാലുപേര്‍ ഒന്നിച്ചാല്‍ മദ്യവും അകത്താക്കി ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയുള്ള നാവുകൊണ്ട് നിരപരാധികളെ കീറിമുറിക്കുന്ന ഈ മദ്യസംസ്‌ക്കാരം എന്നവസാനിപ്പിക്കുന്നുവൊ അന്നെ മലയാളി രക്ഷപ്പെടൂ. ക്രിസ്മസ് കാരള്‍ പോലും മദ്യവെറിക്കൂത്തായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

ഈ സമൂഹത്തിന്റെ പുഴുക്കുത്തുകള്‍ കണ്ടില്ലെന്നു നടിക്കാന്‍ സ്ത്രീകളെ പരിശീലിപ്പിച്ചിരിക്കുകയാണ്. കണ്ടാലും പറയാനൊ എഴുതാനൊ അവരെ സമ്മതിക്കില്ല.. മനസ്സറിയാതെ കള്ളപ്രചരണങ്ങള്‍- പലതും കേള്‍ക്കേണ്ടി വന്നതിന്റെ നോവറിയാതെ അവള്‍ നിന്നു വിങ്ങി. സമൂഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടിവരുന്ന
തിരസ്‌ക്കരണം കാണിക്കുകയും, പണത്തിലൊ ചതിയിലൊ ചെന്നുപെടാതെ ശുദ്ധരായി ജീവിക്കുകയും ചെയ്താല്‍, ഒരു നാള്‍ വാഴ്ത്തപ്പെടുകതന്നെ ചെയ്യും. ഇന്ന് പത്രങ്ങളിലും ഇന്റര്‍നെറ്റ് പത്രങ്ങളിലും മാസികകളിലും തന്റേടമുള്ള യുവതികള്‍ എഴുത്തുകാരായി കാണുന്നത് ശുഭോദര്‍ക്കമാണ്. അവരുടെ കാഴ്ചപ്പാട് വെള്ളം ചേര്‍ക്കാതെ തുറന്നെഴുതുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.

ഗമൂഹത്തെയൊ, വ്യക്തിയെയൊ, കരിതേച്ചു കാണിക്കുന്നവരെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അവര്‍ തികഞ്ഞ മാനസികരോഗികളാണെന്ന്. അപകര്‍ഷബോധമൊ, കുറ്റബോധമൊ, മറ്റേതെങ്കിലും തരത്തിലുള്ള ബലഹീനതകളൊ ഉള്ളവരായിരിക്കുമെന്ന്.

എല്ലാം മറന്ന് നല്ല മനുഷ്യരാകാന്‍ മറ്റുള്ളവര്‍ക്കു നന്മചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രമിച്ചേ മതിയാകൂ. ഒരൊറ്റ ജീവിതമെ ഉള്ളൂ അതു സന്തോഷപ്രദമാകണമെങ്കില്‍ മറ്റുള്ളവരിലെ നന്മകാണണം. അല്ലെങ്കില്‍ ആര്‍ക്കും രക്ഷപ്പെടുത്താനാവത്തവിധം മനസ്സുദുഷിച്ച് ഒരു വിഷകൂമ്പാരമായി മാറ്റുന്നത് നോക്കി നില്‍ക്കേണ്ടിവരും.
എത്ര നിസ്സാരം. ഈ ജന്മം-കൊച്ചേച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക