Image

ദുബായ്‌ ഹോട്ടലില്‍ വന്‍ തീപിടുത്തം: 13 പേര്‍ക്ക്‌ പരിക്കേറ്റു

Published on 28 September, 2012
ദുബായ്‌ ഹോട്ടലില്‍ വന്‍ തീപിടുത്തം: 13 പേര്‍ക്ക്‌ പരിക്കേറ്റു
ദുബായ്‌: ദേരയില്‍ ഗോള്‍ഡ്‌ സെന്‍ററിന്‌ സമീപം ഫിര്‍ദൗസ്‌ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വ്യാഴാഴ്‌ചയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ക്ക്‌ പരിക്കേറ്റു. നില ഗുരുതരമായ ഒരാളെ ദുബൈ റാശിദ്‌ ഹോസ്‌പിറ്റലിലേക്ക്‌ മാറ്റി. ദേര മത്സ്യ മാര്‍ക്കറ്റിന്‌ സമീപം ഹയാത്ത്‌ റീജന്‍സിക്ക്‌ എതിര്‍വശത്തുള്ള കെട്ടിടത്തില്‍ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയിലാണ്‌ ആദ്യം തീപിടിച്ചത്‌. ഇത്‌ നിമിഷങ്ങള്‍ക്കകം മുകള്‍ നിലയിലേക്ക്‌ പടരുകയായിരുന്നു. സംഭവ സമയം ഹോട്ടലില്‍ കുടുങ്ങിയപോയ 13 ആളുകള്‍ക്കാണ്‌ പരിക്കേറ്റത്‌. കനത്ത പുകയെ തുടര്‍ന്ന്‌ പുറത്ത്‌ കടക്കാനാകാതെ ബുദ്ധിമുട്ടിയ ഇവരെ സിവില്‍ ഡിഫന്‍സുകാര്‍ എത്തിയാണ്‌ രക്ഷപ്പെടുത്തിയത്‌. അപകടം അറിഞ്ഞയുടന്‍ സമീപത്തെ ഹോട്ടലിലെയും കച്ചവട സ്ഥാപനങ്ങളിലെയും 100ഓളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയിരുന്നു.

സിവില്‍ ഡിഫന്‍സുകാരുടെ സമയോചിതമായ ഇടപെടലാണ്‌ നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയെ അപകടത്തില്‍ നിന്ന്‌ രക്ഷിച്ചത്‌. ഇവിടുത്തെ കച്ചവടക്കാരിലധികവും മലയാളികളാണ്‌. അപകടത്തെ തുടര്‍ന്ന്‌ പൊലീസ്‌ ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇത്‌ മൂലം ഖലീജ്‌ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ഉച്ചക്ക്‌ 12.30ഓടെയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന ധാരണയില്‍ നിരവധി ആംബുലന്‍സുകളും സംഭവ സ്ഥലത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക