Image

ഗുരുവിനെ ഭയപ്പെടുന്നതാര്‌? (ബിജോ ജോസ്‌ ചെമ്മാന്ത്ര)

Published on 26 September, 2012
ഗുരുവിനെ ഭയപ്പെടുന്നതാര്‌? (ബിജോ ജോസ്‌ ചെമ്മാന്ത്ര)
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പകര്‍ന്ന ഉണര്‍വിലൂടെയായിരുന്നു ആധുനിക മലയാളി തന്റെ സ്വത്വത്തിലേയ്‌ക്ക്‌ ചരിത്രപരമായി ചുവടുവെച്ചത്‌. സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളായിരുന്ന ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു, അയ്യങ്കാളി, വാക്‌ഭടാനന്ദന്‍ തുടങ്ങി പല ധീഷണശാലികളും ഈ സാമൂഹ്യ നവോത്ഥാനത്തിനു നേതൃത്വം നല്‍കി. കേരളീയ സാമൂഹ്യ നവോത്ഥാനത്തിന്റെ മുഖ്യശില്‌പ്പിയായാണ്‌ ശ്രീനാരായണഗുരു വിലയിരുത്തപ്പെടുന്നത്‌. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍ പ്രകടമായിരുന്ന സാര്‍വത്രിക മാനവികത കേരളത്തിലന്നുവരെ അന്യമായിരുന്ന ബൗദ്ധിക ഉള്‍ക്കാഴ്‌ചകള്‍ സമൂഹത്തില്‍ വിതയ്‌ക്കുകയായിരുന്നു.

സമീപകാലങ്ങളില്‍ ശ്രീനാരായണഗുരുവിനെ വികലമായി ചിത്രീകരിക്കുന്ന ചരിത്ര പുസ്‌തകങ്ങളും, പാഠപുസ്‌തകങ്ങളും പ്രചരിക്കുകയുണ്ടായി. വിവാദപരമായ വാ
ര്‍ത്തകകള്‍ മാത്രം വിളവെടുക്കുന്ന വര്‍ത്തമാന കാലത്ത്‌ കാര്യമായി ചര്‍ച്ചചെയ്യാതെ പോയ ഈ വിഷയം ഇവിടെ സൂചിപ്പിക്കേണ്ടതാവശ്യമാണെന്നു കരുതുന്നു.

സത്യവിരുദ്ധമായ പരാമര്‍ശങ്ങള്‍

കേരള നവോത്ഥാനത്തിനു തുടക്കം കുറിച്ച പ്രതിഭകളെപ്പെറ്റി എന്തിനാണ്‌ സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു ആര്‍ക്കും സംശയം തോന്നാം. കേരളീയ സമൂഹം അംഗീകരിച്ചിട്ടുള്ള ചരിത്ര വസ്‌തുതകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാനും അതിലൂടെ അവയെ കാലക്രമേണ നിരാകരിക്കാനുമുള്ള ബോധപൂര്‍വകമായ ശ്രമമായി ഇതിനെ കാണേണ്ടിവരും.`ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ്‌ വരാം' എന്ന കുമാരനാശാന്റെ വരികള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ്‌ മേല്‍ സൂചിപ്പിച്ച പ്രചാരവേല മുന്നേറുന്നത്‌. സ്ഥിരീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ മൂടിവെയ്‌ക്കുവാനും നിക്ഷിപ്‌ത താല്‌പ്പര്യങ്ങള്‍ക്കനുസരിച്ച്‌ യാഥാര്‍ത്ഥ്യങ്ങളെ വളച്ചോടിക്കാനുള്ള ശ്രമം പണ്ടേ ഉണ്ടായിരുന്നു.

കഴിഞ്ഞ നാല്‌ വര്‍ഷമായി CBSE സിലബസിലുള്ള എട്ടാംതരത്തിലെ സാമുഹ്യപാഠ പുസ്‌തകത്തില്‍ Our Past എന്ന പാഠഭാഗത്തില്‍ ശ്രീനാരായണ ഗുരുവിനെ വിദ്യാര്‌ത്ഥി കള്‌ക്ക്‌ പരിചയപ്പെടുത്തുന്നതിങ്ങനെ; `ഒരേ ഒരു ഗുരുവില്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അത്‌ താനായിരിക്കണമെന്നും' അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗുരുവിനെക്കുറിച്ചുള്ള ഈ പരാമര്‍ശത്തിന്‌ യാഥാര്‍ത്ഥ്യവുമായി എന്ത്‌ ബന്ധമാണുള്ളത്‌?  ഈ പാഠഭാഗം 2008 മുതല്‍ ഇന്ത്യയൊട്ടുക്കുള്ള CBSE സിലബസ്‌ പിന്തുടരുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നു. പഠനമുറിയുടെ പുറത്തേക്കു വ്യാപിക്കുന്ന
വിദ്യാര്‍ഥികളുടെ ചിന്തക്കും അന്വേഷണങ്ങള്‍ക്കും ചരിത്രവസ്‌തുതകളെ കൃത്യമായി രേഖപ്പെടുത്തുന്ന പാഠപുസ്‌തകം മാത്രമേ ഗുണകരമാകൂ. എന്നാല്‍ വികലമായി രേഖപ്പെടുത്തിയ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയുമൊക്കെ അറിവിലാണ്‌ ഒരു പുതുതലമുറ ഇവിടെ വളര്‍ന്നു വരുന്നത്‌.

കേരള സിലബസില്‍ തയ്യാറാക്കിയ പത്താംതരത്തിലെ സാമൂഹ്യപാഠപുസ്‌തകത്തിലുമുണ്ടായിരുന്നു ഇത്തരം പിഴവുകള്‍. ചട്ടമ്പിസ്വാമികളുടെ നിലപാടുകള്‍ക്ക്‌ പ്രയോഗിക രൂപം നല്‌കു്‌കയായിരുന്നു ശ്രീനാരായണ ഗുരു എന്ന വാദമാണ്‌ പ്രസ്‌തുത പുസ്‌തകത്തിലെ പാഠഭാഗം മുന്നോട്ടുവെയ്‌ക്കുന്നത്‌. എന്ത്‌ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌ എന്നൊരു സൂചനയും പാഠപുസ്‌തകം നല്‌കുന്നില്ല. പരസ്‌പരം ആദരിച്ച സമകാലീനരായ ഈ രണ്ട്‌ മഹാത്മാക്കളും അന്ന്‌ നിലനിന്നിരുന്ന സാമൂഹ്യ ഉച്ച നീചത്വങ്ങളെ എതിര്‍ത്തിരുന്നു. ഇവരിലൊരാള്‍ മറ്റൊരാളുടെ ആശയങ്ങള്‍ പിന്തുടരുകയായിരുന്നുവെന്നു എങ്ങനെയാണ്‌ അനുമാനിക്കാനാവുക? ചരിത്രകാരന്മാരുംവിദ്യാഭ്യാസ വിചക്ഷണരുമടങ്ങിയവിദഗ്‌ദസമിതി തയ്യാറാക്കുന്ന പാഠപുസ്‌തകങ്ങളില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുന്നതെങ്ങനെയെന്നു ആര്‍ക്കും സംശയം തോന്നാം. പാഠപുസ്‌തകങ്ങളെ സമഗ്രവും സൂക്ഷ്‌മവുമായ പരിശോധനക്ക്‌ വിധേയമാക്കി അവ കുറ്റമറ്റതാണെന്നു ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വമുളള ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

പ്രസിദ്ധ സാമൂഹ്യ ചരിത്രകാരനായ രാമചന്ദ്ര ഗുഹയ്‌ക്ക്‌ കഴിഞ്ഞവര്‍ഷം കേന്ദ്രസാഹിത്യ അവാര്‍ഡ്‌ നേടിക്കൊടുത്ത `ഇന്ത്യ ആഫ്‌റ്റര്‍ ഗാന്ധി' എന്ന കൃതിയില്‍ ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ കള്ളുചെത്തു കുലത്തൊഴിലാക്കിയ ഒരു സമുദായത്തിന്റെ നേതാവായി ചിത്രീകരിച്ചിരിക്കുന്നു. ഇത്‌ ഗ്രന്ഥകാരന്‌ അറിയാതെ പറ്റിയ ഒരു പിശകായി കണക്കാക്കാനാവില്ല. അമേരിക്കയിലെ `ഫോറിന്‍' മാഗസിനും ഇഗ്ലണ്ടിലെ `പ്രോസ്‌പെക്ട്‌' മാഗസിനും സംയുക്തമായി 2008ല്‍ നടത്തിയ അഭിപ്രായ സര്‍വെയിലൂടെ തിരഞ്ഞെടുത്ത ലോകത്തിലെ പ്രശസ്‌തരായ നൂറ്‌ ബുദ്ധിജീവി എഴുത്തുകാരിലൊരാളാണ്‌ പദ്‌മഭൂഷന്‍ ജേതാവായ രാമചന്ദ്ര ഗുഹ. ഏതു ചരിത്രഗ്രന്ഥത്തെയും മഹത്തരമാക്കുന്നതു അതിന്റെ സത്യസന്ധതയാണ്‌. അതിവിടെ നഷ്ടമായിരിക്കുന്നു.

ഇനിയും കൂടുതല്‍ പാഠപുസ്‌തകങ്ങളും ചരിത്ര പുസ്‌തകങ്ങളും പുതിയ കണ്ടെത്തലുകളുമായി അണിയറയില്‍ തയ്യാറാക്കപ്പെടുന്നുണ്ടാവാം. ഇവിടെ ചരിത്രം പുനര്‌നിര്‍മ്മിക്കപ്പെടുന്നു. എന്തിന്‌? ആര്‍ക്കു വേണ്ടി? ഉത്തരങ്ങള്‍ എവിടെക്കൊണ്ടെത്തിച്ചാലും സത്യം നിഷേധിക്കുന്ന ചരിത്രത്താളുകള്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്‌.

കേരളീയ സാമൂഹ്യ നവോത്ഥാനം

ജാതി ശുദ്ധീകരണത്തിന്റെയും അയിത്തോച്ചാടാനത്തിന്റെയും ഭാഗമായാണ്‌ കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനു തുടക്കം കുറിക്കപ്പെട്ടത്‌. ഉത്തരേന്ത്യയിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ സ്വഭാവമായിരുന്നില്ല കേരളത്തിലേതിന്‌. ഇവിടെയതു കൂടുതല്‍ ശക്തവും വ്യാപകവുമായിരുന്നു. അതിനു കാരണം അടിച്ചമര്‍ത്തപ്പെട്ട അധ:സ്ഥിത സമുദായങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്‌ പ്രധാനമായും ഈ മുന്നേറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‌കിയതെന്നുള്ളതായിരുന്നു. അടിച്ചമര്‍ത്തലിനു വശംവദരാകാന്‍ മടിച്ച ഈഴവരുള്‍പ്പെട്ട
അവര്‍ണ്ണനെന്നു മുദ്രകുത്തപ്പെട്ട ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യവാഞ്‌ഛ പൊതുസാംസ്‌ക്കാരിക വളര്‍ച്ചയായി രൂപാന്തരപ്പെടുകയായിരുന്നു. പിന്നീടത്‌ കേരള നവോത്ഥാനത്തിന്റെ ആധാരശിലയായി പരിണമിച്ചു.

ഇന്ത്യയിലെ ദേശീയ നവോത്ഥാനം വിദേശരാജ്യങ്ങളിലെ പോലെ അത്ര വിപുലമായിരുന്നില്ല. നവോത്ഥാന പ്രക്രിയയുടെ ഭാഗമായി പാശ്ചാത്യലോകത്ത്‌ ഉയര്‍ന്നുവന്ന ദര്‍ശന സംഹിതയ്‌ക്കു സമാനമായ ഒന്ന്‌ ഇന്ത്യയിലുണ്ടായില്ല. കേരളത്തിലാകട്ടെ മതങ്ങളുടെ സംഘടിതവും ജനകീയവുമായ സ്വാധീനത്തെ പൂര്‌ണ്ണാമായി അതിജീവിക്കാന്‍ നവോത്ഥാനത്തിനായില്ലതാനും.

കേരളത്തില്‍ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും ആശയങ്ങളും
ഉഴുതു മറിച്ച മണ്ണിലാണ്‌ പിന്നീട്‌ സോഷ്യലിസ്റ്റ്‌ കമ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ വേരോടിയത്‌. ഇന്ന്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന നവോത്ഥാന മൂല്യങ്ങള്‍ പരിരക്ഷിക്കുവാനോ അതിനൊരു തുടര്‍ച്ച സാധ്യമാക്കാനോ സമുദായിക രാഷ്ട്രീയ സംഘടനകളോ പോതുപ്രവര്‍ത്തകരോ പ്രതിജ്ഞാബദ്ധമായി മുന്നോട്ടു വരുന്നില്ലായെന്നത്‌ കേരളസമൂഹത്തിനു ഒട്ടുംതന്നെ ശുഭസൂചകമല്ല.

ശ്രീനാരായണഗുരുവും സാമൂഹ്യപരിഷ്‌കരണവും

കേരളീയ സാമൂഹ്യ നവോത്ഥാന നേതാക്കളില്‍ പ്രധാനിയായിരുന്നു ശ്രീനാരായണഗുരു. അദ്ദേഹത്തെപ്പോലെ ആധ്യാത്മിക ഭൗതിക തലങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്‌ ജാതി മതാതീതമായി ഒരു സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കിയവര്‍ കേരള ചരിത്രത്തില്‍ വിരളമാണ്‌. തന്റെ കാലത്ത്‌ നിലവിലുണ്ടായിരുന്ന സാമുഹ്യ വ്യവസ്ഥയെ പുനര്‍നിര്‍ണ്ണയിക്കാനാണ്‌ ഗുരു ശ്രമിച്ചത്‌. അദ്ദേഹം മുന്നോട്ടുവെച്ച മഹാപ്രബോധനങ്ങള്‍ക്കുപരിയായി മറ്റൊന്നും കേരള സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ ആര്‍ക്കുമായില്ലെന്നത്‌ കേരളത്തിന്റൊ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

സമഗ്രവും നവീനവുമായ ഒരു വിദ്യാഭ്യാസ സങ്കല്‌പമാണ്‌ ഗുരുവിനുണ്ടായിരുന്നത്‌. വിദ്യകൊണ്ട്‌ സ്വതന്ത്രരാകുവാനും സംഘടനകൊണ്ട്‌ ശക്തരാകുവാനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. നിരക്ഷരത പിന്നാക്കാവസ്ഥക്ക്‌ പ്രധാന കാരണമാമാണെന്നു ഗുരുവിനു തിരിച്ചറിയാനായി. നലംതികഞ്ഞ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയാണ്‌ ഈ സന്ദേശങ്ങളിലൂടെ ലോകത്തിനു ദര്‍ശിക്കാനാവുന്നത്‌. പിന്നീടുള്ള കാലയളവില്‍ കേരളം രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലൊക്കെയും വരിച്ച പുരോഗതിയുടെ തുടക്കം ശ്രീനാരായണ ഗുരുവില്‍ നിന്നാണെന്ന്‌ മനസ്സിലാക്കുവാന്‍ കഴിയും.

നാണുവില്‍ നിന്ന്‌ നാരായണ ഗുരുവിലേക്കുള്ള വളര്‍ച്ചയ്‌ക്ക്‌ നിദാനം മരുത്വാമലയിലെ ഏകാന്ത ധ്യാനമോ അദൈ്വത ചിന്തയിലധിഷ്ടിതമായ അത്മീയതയോ മാത്രമല്ല, ദുഷിച്ച ജാതിവ്യവസ്ഥയുടെ പിടിയിലകപ്പെട്ട തനിക്കു ചുറ്റുമുള്ള സമൂഹ്യ സാഹചര്യവുമായിരുന്നു. ഗുരു ക്രമേണ ഒരു മതാതീത പ്രവാചകനായി മാറുകയായിരുന്നു.

കേരളത്തിന്റെ സാമൂഹ്യജിവിതത്തില്‍ മറ്റാരെക്കാളുമധികം സ്വാധീനം ചെലുത്തിയിട്ടു പോലും കേരള ദേശീയതയുടെ പ്രതീകമായി എന്തുകൊണ്ട്‌ അദ്ദേഹം മാറിയില്ലായെന്നതു ആഴത്തില്‍ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌. കേരളം ലോകത്തിനു സമര്‍പ്പിച്ച ജീവിത ദര്‍ശനമായിരുന്നു ഗുരുവിന്റെ പ്രബോധനങ്ങള്‍. അത്‌ വിപ്ലവകരമായ സാമൂഹ്യവീക്ഷണമായി പരിവ
ര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത്‌ കേരള സമൂഹത്തിന്റെ വൈകല്യമായി വിലയിരുത്തപ്പെടും.

മതാതീത ആത്മീയത

`മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന പ്രബോധനത്തിലൂടെ ഒരേസമയം മതം ആവിശ്യമാണെന്നും അനാവശ്യമാണെന്നും പറയാതെ അത്‌ അപ്രസക്തമാണെന്ന്‌ സൂചിപ്പിക്കുകയും മതത്തിലും വലുതാണ്‌ മനുഷ്യനെന്ന്‌ പ്രഖ്യാപിക്കുകയുമായിരുന്നു നാരായണഗുരു. അരുവിപ്പുറത്തെ ഈഴവ ശിവന്റെ പ്രതിഷ്‌ഠയിലൂടെയും കണ്ടംകൊടത്തെ കണ്ണാടി പ്രതിഷ്‌ഠയിലൂടെയും അദ്ദേഹം ജീര്‍ണ്ണിച്ച സമൂഹത്തില്‍ മുമ്പെങ്ങും ദര്‍ശിക്കാത്ത വിപ്ലവത്തിന്റെ കൊടുങ്കാറ്റു വീശി. വിശ്വാസത്തിലധിഷ്‌ഠിതമായ ഒരു സമൂഹത്തില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചൂണ്ടിക്കാണിച്ചതിനോടൊപ്പം തന്നെ അദ്ദേഹം മതേതരത്വത്തിന്റെയും സമത്വത്തിന്റെയും നിറവില്‍ സമാധാനപൂര്‍ണ്ണമായ പുതിയ ലോകം വിഭാവനം ചെയ്‌തു. കാലമേറെയായിട്ടും കേരളമണ്ണില്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയത വേരോടാതിരുന്നതിനു പ്രധാന കാരണം ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളിലൂടെ രൂപപ്പെട്ട സാംസ്‌കാരിക ബോധമായിരുന്നു.

മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ ഗുരു മടിച്ചിരുന്നു. ഒരിക്കല്‍ മാത്രമാണ്‌ ശിഷ്യരുടെനിര്‍ബന്ധത്തിനു വഴങ്ങി കാവി വേഷം ധരിക്കാന്‍ അദ്ദേഹം തയ്യാറായത്‌. അതുകൊണ്ട്‌ ഗുരു ദൈവവിശ്വാസത്തെ എതിര്‍ത്തിരുന്നു എന്ന്‌ അനുമാനിക്കാനാവില്ല. ബാഹ്യരൂപങ്ങളിലെ കപടത അദേഹം നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. മതയാഥാസ്ഥിതികതയുടെ പദാവലി അദ്ദേഹത്തിന്റെ ഭാഷണങ്ങളില്‍ അറിയാതെ പോലും കടന്നുവന്നില്ല. മതാതീതമായ ആത്മീയതയുടെ സാധ്യത മുന്‌കൂിട്ടിക്കാണുവാന്‍ ശ്രീനാരായണഗുരുവിനു സാധിച്ചു.

ജാതിയെന്ന സര്‍പ്പം പല അളവില്‍ അപകര്‍ഷതയായും വികലമായ മിഥ്യാഭിമാനമായും മലയാളിയുടെ ഉള്ളില്‍ ഇന്നും മയങ്ങുന്നു. ഇക്കാലത്ത്‌ വാര്‍ത്തകളില്‍ നിറയുന്ന മതതീവ്രവാദവും വര്‍ഗ്ഗിയകലാപങ്ങളുമൊക്കെ ശ്രീനാരായണഗുരുവിന്റെ പ്രബോധനങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാനോ അത്‌ പൂര്‍ണ്ണമായി പ്രാവര്‍ത്തിമകമാക്കാനോ ആധുനികസമൂഹത്തിന്‌ സാധിക്കാത്തതുകൊണ്ടുകൂടിയാണ്‌. സമൂഹത്തിലെ ഇന്നത്തെ അപഭ്രംശങ്ങള്‌ക്ക്‌ കാരണം തേടി കൂടുതല്‍ അലയേണ്ടതില്ല.

മാറിയ സാമൂഹ്യജീവിതം

ആധുനിക വരേണ്യതയുടെ അളവുകോലായി ധനവും അധികാരവും മാറിക്കഴിഞ്ഞു. ജാതിമത ചിന്തകള്‍ ഇന്ന്‌ ഉയര്‍ത്തുന്നതുതന്നെ അര്‍ഹമായ അധികാരങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമായിരിക്കുന്നു. വ്യക്തിതാല്‌പര്യങ്ങള്‍ വെടിഞ്ഞു മനുഷ്യവിമോചനത്തിലേക്കും സമൂഹനന്മയിലേക്കും ചിന്തകളെ നയിക്കുവാനുള്ള വിശാലത സമൂഹത്തിനു നഷ്ടമായിരിക്കുന്നു. ദാര്‍ശനികമായ ചിന്തകളുടെ അഭാവത്തില്‍ ഇന്ന്‌ വേണ്ടവണ്ണം ചരിത്രത്തിലിടപെടാന്‍ സാമുദായിക നേതൃത്വത്തിനാവുന്നില്ല.

പണ്ട്‌ സാമൂഹ്യമായി പിന്നാക്കം നിന്ന സമുദായംഗങ്ങളെ പുരോഗമനപരമായ ആദര്‍ശങ്ങള്‍ക്കായി സംഘടിപ്പിച്ച്‌ നവോത്ഥാനത്തിലൂടെ പൊതുമണ്ഡലത്തിലേക്ക്‌ ആനയിക്കുവാന്‍ യത്‌നിച്ചവരുണ്ടായിരുന്നു. ഇന്നാകട്ടെ പൊതുവായൊരു സാമൂഹ്യവീക്ഷണം മുന്നോട്ടുവെയ്‌ക്കാനില്ലാതെ മുഖ്യധാരയില്‍ നിന്നകന്ന്‌ സുരക്ഷിതമായ സ്വന്തം തുരുത്തുകളില്‍ ശക്തി ഉറപ്പിച്ച്‌ സംഘടനാശക്തിയിലൂടെ സ്വാര്‍ത്ഥ താത്‌പ്പര്യങ്ങള്‍ നടപ്പിലാക്കാനാണ്‌ സാമുദായിക നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്‌. ഗുരുവിലെ സാമൂഹ്യപരിഷ്‌കര്‍ത്താവിനെ തള്ളുകയും ദിവ്യപുരുഷനെ സ്വീകരിക്കുകയും ചെയ്യുന്നതു വഴി അത്‌ അവര്‍ക്ക്‌ കൂടുതല്‍ എളുപ്പമാകുന്നു.
പൊതുസമൂഹം അംഗീകരിക്കുന്ന ചരിത്രസത്യങ്ങളെ വളച്ചോടിക്കുന്നത്‌ യാദൃശ്ചികമാണെന്നു കരുതാനാവില്ല. സമൂഹത്തില്‍ കാതലായ വ്യതിയാനങ്ങള്‍ വരുത്തിയ അവര്‍ണ്ണ സമുദായാംഗമായി കരുതപ്പെട്ട വിപ്‌ളവകാരികളുടെ കഴിവുകളെ വിലകുറച്ചു കാണുവാന്‍ ശ്രമിക്കുകയാണിവിടെ. മധ്യകാല കേരളചരിത്രം പക്ഷപാതപരമായി വീക്ഷിക്കുകയും, അതു രേഖപ്പെടുത്തുകയും ചെയ്യുന്നത്‌ സാമുഹ്യനീതിയായി കണക്കാക്കാനാവില്ല.

ശ്രീനാരായണഗുരു വിമര്‍ശനങ്ങള്‍ക്കതീതനാണെന്നോ, സത്യസന്ധമായ ചരിത്രാന്വേഷണത്തെ എതിര്‍ക്കണമെന്നോ ഇവിടെ സൂചിപ്പിച്ചതിനര്‍ത്ഥമില്ല. ചരിത്രത്തെ കാലോചിതമായ വിശകലനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കാവുന്നതാണ്‌. പക്ഷെ ഉപോല്‍ബലകമായ തെളിവുകളുടെ അഭാവത്തില്‍ ആര്‍ക്കാണ്‌ ചരിത്രം തിരുത്തുവാനാവുക?
ഗുരുവിനെ ഭയപ്പെടുന്നതാര്‌? (ബിജോ ജോസ്‌ ചെമ്മാന്ത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക