Image

റിയാദ്‌ നാടക വേദി ഇന്റര്‍സ്‌കൂള്‍ നാടക മത്‌സരം നടത്തുന്നു

ഷക്കീബ്‌ കൊളക്കാടന്‍ Published on 27 September, 2012
റിയാദ്‌ നാടക വേദി ഇന്റര്‍സ്‌കൂള്‍ നാടക മത്‌സരം നടത്തുന്നു
റിയാദ്‌: പ്രവാസ ലോകത്ത്‌ നാടക കലയെ പ്രോത്‌സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി തുടക്കമിട്ട റിയാദ്‌ നാടകവേദിയുടെ മൂന്നാം വാര്‍ഷികാഷോഷങ്ങള്‍ വിവിധ പരിപാടികളോടെ 2013 ജനുവരിയില്‍ നടക്കും.

റിയാദിലെ 17 ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു നടക്കുന്ന നാടക മത്‌സരം വാര്‍ഷികാഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരിക്കുമെന്ന്‌ നാടക വേദി ഭാരവാഹികള്‍ ബത്‌ഹയിലെ റിംഫ്‌ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരമുള്ള മധ്യേഷ്യയിലെ ഏക സംഘടനയായ റിയാദ്‌ നാടകവേദി മൂന്നു വര്‍ഷമായി ഒട്ടേറെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയിട്ടുണ്‌ട്‌. വേദിയുടെ ഒന്നാം വാര്‍ഷികത്തില്‍ മുന്‍ സംഗീത നാടക അക്കാഡമി ചെയര്‍മാനും പ്രശസ്‌ത നടനുമായ മുകേഷായിരുന്നു മുഖ്യാതിഥി. തെരുവോരം എന്ന പേരില്‍ തെരുവില്‍ അലയുന്ന കുട്ടികള്‍ക്കായി സമര്‍പ്പിച്ച വേദിയുടെ രണ്‌ടാം വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി കലാ കേരളത്തോട്‌ വിട പറഞ്ഞ മഹാ നടന്‍ തിലകന്‍ എത്തിയിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗള്‍ഫില്‍ ആദ്യമായൊരു നാടക മത്‌സരം സംഘടിപ്പിക്കുന്ന മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഇത്തവണ കേരളത്തില്‍ നിന്നും പ്രമുഖ കലാകാരന്‍ പങ്കെടുക്കുമെന്ന്‌ റിയാദ്‌ നാടക വേദി ചെയര്‍മാന്‍ നിസാര്‍ ജമീല്‍ അറിയിച്ചു. അതോടൊപ്പം മലയാളത്തില്‍ ആദ്യമായി ഒരു ഡ്രാമ റിയാലിററി ഷോയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ ഒട്ടേറെ മറ്റു കലാപരിപാടികളും അറബ്‌ കലാകാരന്‍മാരുടെ കലാപ്രകടനങ്ങളും ഉണ്‌ടായിരിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന നാടക മത്‌സരത്തില്‍ മികച്ച മലയാള നാടകം, മികച്ച നാടകം എന്നിങ്ങനെ രണ്‌ട്‌ വിഭാഗങ്ങളിലായി സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥികളില്‍ നാടകാഭിനയ അഭിരുചി കണെ്‌ടത്തി പ്രോത്‌സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി നാടകകളരി നടത്താനും നാട്ടില്‍ നിന്നും നാടക കലാകാരന്‍മാരെ കൊണ്‌ടു വന്ന്‌ പരിപാടികള്‍ സംഘടിപ്പിക്കാനും നാടകവേദി ശ്രമിക്കുന്നുണെ്‌ടന്നും ജനറല്‍ സെക്രട്ടറി ദീപക്‌ കലാനി പറഞ്ഞു.

നാടക മത്‌സരത്തിനായുള്ള രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 0561678363, 0502460530, 0564036111 എന്നീ നമ്പരുകളില്‍ ബന്‌ധപ്പെടാവുന്നതാണ്‌.

വാര്‍ത്താസമ്മേളനത്തില്‍ വേദി ഭാരവാഹികളായ ശ്രീകുമാര്‍, ബിനു, ബൈജു നായര്‍, ശ്യാം തുടങ്ങിയവരും പങ്കെടുത്തു.
റിയാദ്‌ നാടക വേദി ഇന്റര്‍സ്‌കൂള്‍ നാടക മത്‌സരം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക