Image

കര്‍മ്മ കുവൈറ്റ്‌ വാര്‍ഷികവും ഓണാഘോഷവും നടത്തി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 26 September, 2012
കര്‍മ്മ കുവൈറ്റ്‌ വാര്‍ഷികവും ഓണാഘോഷവും നടത്തി
കുവൈറ്റ്‌: കുവൈറ്റിലെ കാസര്‍ഗോഡ്‌ ജില്ലാക്കാരുടെ സംഘടനയായ കര്‍മ്മ കുവൈറ്റ്‌ ഒന്നാം വാര്‍ഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്‌റ്റംബര്‍ 20ന്‌ അബാസിയ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടി വര്‍ധിച്ച ജനപങ്കാളിത്തം കൊണ്‌ടും കുവൈറ്റിലെ ഇതര സാമൂഹ്യ സംഘടന പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്‌ടും ശ്രദ്ധേയമായി.

പ്രമുഖ സാഹിത്യകാരനും സംസ്ഥാന സര്‍ക്കാരിന്റെ ഒ.വി. വിജയന്‍ സ്‌മാരക അവാര്‍ഡ്‌ ജേതാവുമായ ബര്‍ഗ്‌ മാന്‍ തോമസ്‌ ഭദ്രദീപം തെളിയിച്ച്‌ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

പ്രവാസ ജീവിതത്തിന്റെ സങ്കീര്‍ണമായ യാഥാര്‍ഥ്യങ്ങള്‍ക്കു മുന്‍പില്‍ കര്‍മ്മയെപോലുള്ള സേവന കൂട്ടായ്‌മകളുടെ പ്രസക്തി ഏറി വരികയാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കര്‍മ്മ കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി അശുതോഷ്‌ യാദവ്‌ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ വിനോദ്‌ കുമാര്‍ മുച്ചിലോട്ട്‌ അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷ കാലയളവില്‍ അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന സ്‌കീമുകളായ അംഗത്വ ഇന്‍ഷ്വറന്‍സ്‌, സൗജന്യ മെഡിക്കല്‍ ചെക്ക്‌ അപ്പ്‌, ഉന്നത വിജയം നേടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ എന്നീ സ്‌കീമുകള്‍ കോര്‍കമ്മിറ്റി ചെയര്‍മാന്‍ മനോജ്‌ കുമാര്‍ ഉദയപുരം യോഗത്തില്‍ വിവരിച്ചു.

കുവൈറ്റിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ എന്‍എസ്‌എസ്‌ ഭാരവാഹി ബിജു പിള്ള, സേവാദര്‍ശന്‍ പ്രതിനിധി വിപീഷ്‌ തിക്കോടി എന്നിവര്‍ ആശംകള്‍ നേര്‍ന്നു പ്രസംഗിച്ചു. കര്‍മ്മ കോര്‍ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ പവിത്രന്‍ പിലിക്കോട്‌ യോഗത്തില്‍ നന്ദി പറഞ്ഞു.

കര്‍മ്മയുടെ കലാകാരന്മാരും കുവൈറ്റിലെ പ്രമുഖ കലാകാരന്മാരും ചേര്‍ന്ന്‌ കലാവിരുന്നൊരുക്കി. പ്രതാപനും സംഘവും ചേര്‍ന്ന്‌ മാവേലിക്ക്‌ വരവേല്‍പ്പ്‌, ഗംഗ പ്രസാദിന്റെ തിരുവാതിര, കാസര്‍ഗോഡിന്റെ പൂരക്കളി, വിവധങ്ങളായ നൃത്തരൂപങ്ങള്‍, ഗാനമേള, ഓണസദ്യ എന്നിവയും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി റാഫില്‍ നറുക്കെടുപ്പില്‍ സാബു ചാക്കോ (കൂപ്പണ്‍ നമ്പര്‍ 1002) ഒന്നാം സമ്മാനവും അജിത്‌ കുമാര്‍ (0912) രണ്‌ടാം സമ്മാനവും, ജയചന്ദ്രന്‍ (2664) മൂന്നാം സമ്മാനവും നേടി.

ആഘോഷപരിപാടികള്‍ക്ക്‌ ബാലകൃഷ്‌ണന്‍ ഉദുമ, വിനോദ്‌ കുമാര്‍ ബോയിക്കണം, ഹരിനാരായണന്‍, കുഞ്ഞുമോന്‍ ചുള്ളിക്കര, മണികണ്‌ഠന്‍ കാഞ്ഞങ്ങാട്‌, ജയന്‍ പല്ലോട്ട്‌, ഗിരീഷ്‌ കുമാര്‍ പെരിയ, ഹരീഷ്‌ തീര്‍ത്തങ്കര, അനില്‍ മാണിക്കോത്ത്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കര്‍മ്മ കുവൈറ്റ്‌ വാര്‍ഷികവും ഓണാഘോഷവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക