Image

ചില കള്ള്‌ കാര്യങ്ങള്‍ (മീനു എലിസബത്ത്‌)

Published on 24 September, 2012
ചില കള്ള്‌ കാര്യങ്ങള്‍ (മീനു എലിസബത്ത്‌)
എന്റെ ഓര്‍മവെച്ച നാള്‍ പാല്‍ എന്നോ പഞ്ചാര എന്നോ പറയുന്നത്‌ പോലെ തന്നെ സുപരിചിതമായിരുന്ന ഒരു വാക്കായിരുന്നു കള്ളും!

ഞങ്ങളുടെ നെല്‍പ്പാടങ്ങളോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ചിറകളിലെ തെങ്ങുകള്‍ ചെത്താന്‍ കൊടുത്തിരുന്നു. രാവിലെയും സന്ധ്യയ്‌ക്കും കള്ള്‌ചെത്താനായി സ്ഥലത്തെ പ്രധാന ചെത്തുകാരന്‍ ഗോപിച്ചേട്ടന്‍ വരും. കയറു പാകിയ ചുരക്കാത്തോട്‌ അരയില്‍ വെച്ചുകെട്ടി, ചെത്തു കത്തിയുമായി ആകാശം മുട്ടെ നില്‌ക്കുന്ന വലിയ തെങ്ങുകളിലേക്ക്‌ അദ്ദേഹം പാഞ്ഞു കയറുന്നതും ഒരു മായാവിയെപ്പോലെ കുടം നിറയെ കള്ളുമായി ഇറങ്ങി വരുന്നതും, അത്ഭുതക്കാഴ്‌ചയായിരുന്നു. എപ്പോഴും പറമ്പിന്റെ ഏതെങ്കിലുമൊരു ദിക്കില്‍ നിന്നുള്ള ഈ കാഴ്‌ചയാവാം, കള്ളിനെ ഒരു കുടുംബസ്വത്താക്കി
മാറ്റിയത്‌.

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരന്റെ പ്രകൃതിപാനീയമാണല്ലോ കള്ള്‌. കുട്ടിക്കാലത്ത്‌ ഒരു തവണയെങ്കിലും ഒരു കവിള്‍ കള്ള്‌ കട്ട്‌ കുടിക്കാത്ത കുട്ടികള്‍ ഞങ്ങളുടെ ഭാഗത്ത്‌ ഉണ്ടായിരുന്നോ എന്ന്‌ സംശയമാണ്‌.

ഞങ്ങളുടെ വീടുകളിലെ മുതിര്‍ന്ന പുരുഷന്മാരുടെ നാവിന്‍ തുമ്പില്‍ നിന്ന്‌ ഇടയ്‌ക്കിടെ കൊതിയോടും ആര്‍ത്തിയോടും ആ വാക്ക്‌ കുഴഞ്ഞു മറിഞ്ഞു വീഴുന്നത്‌ ഓര്‍മവെച്ച നാള്‍ മുതല്‍ കേള്‍ക്കാനും കാണാനും തുടങ്ങിയതാണ്‌. അപ്പനപ്പൂപ്പന്മാരുടെ സന്തോഷത്തിലും സങ്കടത്തിലും വിട്ടുപിരിയാത്ത സുഹൃത്തായി കള്ള്‌ അന്നും ഇന്നും അവിടെ ചുറ്റിക്കറങ്ങുന്നു.

തലമുറകളായി ഒരു കര്‍ഷകകുടുംബം ആയിരുന്നു ഞങ്ങളുടേത്‌. വലിയപ്പനാണ്‌ പ്രധാന കൃഷിക്കാരന്‍. കോളജുപഠനം കഴിഞ്ഞ്‌ സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും എന്റെ അപ്പനും അപ്പാപ്പനും ഒന്നും കൃഷി ഉപേക്ഷിച്ചിരുന്നില്ല. കൃഷി എന്ന്‌ പറയുമ്പോള്‍ നെല്ലും തേങ്ങയുമാണ്‌ പ്രധാനം. ഞാറുനടിലിനും മരുന്നടിക്കും എഞ്ചിന്‍വെച്ച്‌ വെള്ളം വറ്റിക്കുന്നതിനുമൊന്നും അപ്പനും അപ്പാപ്പനും പോകാറില്ല. എന്നാല്‍ പ്രധാന അവസരങ്ങളായ കളം കൊയ്‌ത്ത്‌, വിളവെടുപ്പ്‌, കറ്റകെട്ട്‌, മെതി, കൊയ്‌ത്ത്‌ ഇവയ്‌ക്കെല്ലാം എല്ലാവരും കാണും.

ഈ ദിവസങ്ങളില്‍ ഞാനും സഹോദരനും കൂടെ പോകും. മിക്കവാറും ഓണാവധി സമയത്തോ വല്യവധിക്കോ ആവും ഇതെല്ലാം നടക്കുക. എല്ലാ ദിവസങ്ങളിലും സന്ധ്യക്ക്‌ ചെത്തിയിറക്കിയ കള്ളുമായി ചെത്തുകാരന്‍ ഗോപിച്ചേട്ടനോ, അദ്ദേഹത്തിന്റെ അഛനോ വരും. മാട്ടയില്‍ നിന്നും അപ്പോളൂറ്റിയെടുത്ത കള്ളിന്റെ വെളുത്ത കുപ്പികള്‍, കളത്തിന്റെ നടുക്ക്‌ കെട്ടി ഉയര്‍ത്തിയിരിക്കുന്ന മാടത്തിലേക്ക്‌ മാറ്റപ്പെടും.

അന്നത്തെ പണിയെല്ലാം കഴിഞ്ഞ്‌, കൊയ്‌ത്തുകാര്‍ കൂലിയും വാങ്ങിപ്പോയിട്ടുണ്ടാവും. അപ്പച്ചന്റെ ചില ആശ്രിതരും സില്‍ബന്തികളും മാടത്തിലെ കള്ളില്‍ കണ്ണ്‌ വെച്ച്‌ അവിടവിടെ പതുങ്ങി നില്‌ക്കും. ആറ്റില്‍ നിന്ന്‌ കമ്പി കൊണ്ട്‌ കുത്തിയെടുക്കുന്ന കരിമീനോ, തോട്ടില്‍ നിന്ന്‌ കൂട്‌ വെച്ച്‌ പിടിക്കുന്ന വരാലോ വളവര വള്ളത്തിലിരുന്ന്‌ അവര്‍ പാകപ്പെടുത്തും. അപ്പച്ചന്റെ വലം കൈയായ കൊച്ചോമാച്ചേട്ടന്‍ ഗ്ലാസുകള്‍ ആറ്റുവെള്ളത്തില്‍ കഴുകി, നിരത്തി വെയ്‌ക്കും. കൊയ്‌ത്തും മെതിയും നടക്കുമ്പോള്‍ പത്തു പന്ത്രണ്ടു ദിവസം, ഒരു വീട്ടിലേക്കുള്ള സാധനങ്ങളും സകല സന്നാഹങ്ങളുമായി വളവര വള്ളം ആറ്റില്‍ കിടക്കും.

`എന്നാ ഒഴിയെടാ കൊച്ചോമ്മായേ എന്ന സിഗ്നല്‍ കിട്ടേണ്ട താമസം, കൊച്ചോമ്മാചേട്ടന്‍ വരിവരിയായി നിരത്തി വെച്ചിരിക്കുന്ന ഗ്ലാസുകള്‍ ഒരു പോലെ നിറയ്‌ക്കും. അപ്പച്ചന്‍ ആദ്യം ഗ്ലാസെടുത്ത്‌, തള്ള വിരലവും ചൂണ്ടുവിരലും കൂട്ടി മുട്ടിച്ച്‌ നിറഞ്ഞ ഗ്ലാസില്‍ ഒന്ന്‌ തൊട്ട്‌ തെറ്റിക്കും. അതെന്തിനായിരുന്നു ചെയ്‌തിരുന്നത്‌ എന്ന്‌ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌. എന്നിട്ട്‌ ഗ്ലാസുകള്‍ ഒറ്റവലിക്ക്‌ കാലിയാക്കും. എല്ലാവരും കൂടെകൂടി തുടങ്ങും. വീണ്ടും ഒഴിക്കും. കുടിക്കും... ഇളവനില്‍ തുടങ്ങി, നല്ല മൂത്തത്‌ വരെ ആ കുപ്പികളില്‍ കാണും. ഇടയ്‌ക്കെല്ലാം ഇവര്‍ കള്ളിനെക്കുറിച്ചു സൊയമ്പന്‍, ഉഗ്രന്‍, ചിമിട്ടന്‍ എന്നിങ്ങനെ പറയുന്നത്‌ കേള്‍ക്കാം.

ഇതിനകം കുഞ്ഞുമോന്‍ ചേട്ടനോ, കൊച്ചിട്ടന്‍ മൂപ്പനോ അപ്പോള്‍ പാകപ്പെടുത്തിയ ചൂടാറാത്ത കപ്പക്കറിയും, കൊടമ്പുളിയിട്ട പാകപ്പെടുത്തിയ മീന്‍കറിയും ചട്ടിയോടെ എടുത്ത്‌ കൊണ്ട്‌ വള്ളത്തില്‍ നിന്നും കൊണ്ടുവരും... ചൂട്‌ മാറാത്ത കപ്പയുടെ മുകളിലേക്ക്‌ തിളയ്‌ക്കുന്ന മീന്‍കറിയുടെ ചാറൊഴിച്ചു കുഴച്ചു... യ്യോ.... പോരാത്തതിന്‌ കൊച്ചോമ്മച്ചേട്ടന്റെ വീതം ഒരു ഉണക്കമീന്‍ അടച്ചു വാറ്റിച്ചമ്മന്തിയും! കാന്താരിമുളക്‌, ചുവന്നുള്ളിയും കരിയാപ്പിലയും ചേര്‍ത്തു മണ്‍കലത്തിന്റെ മൂടി കൊണ്ട്‌ ചതച്ച്‌ അതിലേക്ക്‌ നിറയെ പച്ചവെളിച്ചെണ്ണയും വാളന്‍പുളിയും ചാലിച്ചുണ്ടാക്കുന്നതാണ്‌ അടച്ചു വാറ്റിച്ചമ്മന്തി. ഉണക്കപ്പരവായോ ഉണക്കച്ചെമ്മീനോ അതില്‍ ചേര്‍ക്കാം. ചെമ്മീനാണ്‌ ഒന്നുകൂടെ രുചി കൂടുതല്‍. ഹോ... ഓര്‍ക്കുമ്പോള്‍ ഇന്നും... വായില്‍ വെള്ളം നിറയുന്നു.

ഇതിനിടെ കുഞ്ഞാങ്ങള അപ്പച്ചന്റെ അടുത്ത്‌ ചെന്ന്‌ ഒഴിഞ്ഞ കള്ള്‌കുപ്പി നോക്കി ചിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ അപ്പച്ചന്‍ കൊച്ചോമ്മച്ചേട്ടനോട്‌ പറയും, `എടാ കൊച്ചോമ്മായേ... നീയാ ചെന്തങ്ങേന്ന്‌ രണ്ട്‌ കരിക്കിട്ടു കൊച്ചുങ്ങള്‍ക്ക്‌ കൊടുക്ക്‌.

അത്‌ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ സന്തോഷം. അധികം പൊക്കമില്ലാത്ത തെങ്ങുകളാണ്‌. കൊച്ചോമ്മചേട്ടന്‍ കരിക്കിട്ടോണ്ട്‌ വരുന്നത്‌ ഞങ്ങള്‍ വേഗം കുടിച്ചു പകുതിയാക്കും. എന്നിട്ട്‌ ആരും ശ്രദ്ധിക്കില്ലെന്ന്‌ കാണുമ്പോള്‍... എളവന്‍ നിറച്ച കള്ളുകുപ്പിയെടുത്തു പാതി നിറഞ്ഞ കരിക്കിനകത്തേക്ക്‌ ഒഴിക്കും. അത്‌ അത്ര കള്ളുമല്ല, കരിക്കുമല്ല. ഇത്‌ ഇച്ചിരിച്ചേ നുണഞ്ഞിറക്കി, കപ്പയും
കറിയും കഴിച്ചു... ഞങ്ങളും ഇവരുടെ വര്‍ത്തമാനങ്ങള്‍ കേട്ട്‌ അങ്ങനെ ഇരിക്കും.

അപ്പച്ചന്‍ അപ്പോഴേക്കും പഴയ ചവിട്ടുനാടകത്തിലേക്ക്‌ കടക്കുന്ന പരുവത്തില്‍ ആയിട്ടുണ്ടാവും.

ഇതായിരുന്നു എന്റെയും കുഞ്ഞാങ്ങളുടെയും കള്ളുകുടിയുടെ തുടക്കം. പിന്നെ വല്ലപ്പോഴും ഇച്ചിരെ മധുരക്കള്ള്‌ കാണാന്‍ കിട്ടുന്നത്‌, ക്രിസ്‌തുമസിനോ നോയമ്പ്‌ വീടലിനോ അപ്പം ഉണ്ടാക്കാന്‍ കള്ള്‌ കൊണ്ടുവരുമ്പോഴാണ്‌. അതിന്റെയും വിതരണക്കാരന്‍ ഗോപിച്ചേട്ടനാണ്‌. സന്ധ്യയ്‌ക്ക്‌ തന്നെ പുള്ളി കള്ള്‌ വീട്ടില്‍ എത്തിക്കും. ആ നേരത്ത്‌ വീട്ടിലാരുമില്ലെങ്കില്‍ ഞങ്ങള്‍ ഒരല്‌പം ഗ്ലാസിലൊഴിച്ചു ഓര്‍മ പുതുക്കും. അത്രയും അളവ്‌ വെള്ളം ഒഴിച്ച്‌ വെയ്‌ക്കും.

ഒരു പ്രാവശ്യം വെള്ളത്തിന്റെ അളവ്‌ കൂടി അപ്പം ശരിക്ക്‌ പൊങ്ങാതെ വന്നപ്പോളാണ്‌ ഞങ്ങള്‍ പിടിയിലാകുന്നത്‌. അന്നേതായാലും അടിയൊന്നും കിട്ടിയില്ല. ക്രിസ്‌മസ്‌ അല്ലെ.

അപ്പന്റെ വീട്ടുകാര്‍ മിക്കപേരും സാമാന്യം കുടിയന്മാര്‍ തന്നെ. അവര്‍ക്ക്‌ സങ്കടം വന്നാലും സന്തോഷം വന്നാലും കുടി. പക്ഷേ, അപ്പന്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ ആയിരുന്നതിനാലാവണം, എന്റെ ചെറുപ്പകാലങ്ങളില്‍ അദ്ദേഹം കുടിച്ചു കാണുന്നത്‌ പള്ളിപ്പെരുന്നാളിനോ ക്രിസ്‌മസിനോ ഈസ്റ്ററിനോ മാത്രമായിരുന്നു. പക്ഷേ, എല്ലാ വര്‍ഷവും ആലപ്പുഴ വള്ളംകളി മുടങ്ങാതെ കാണാന്‍ പോയിരുന്ന ആള്‍ അത്‌ കഴിഞ്ഞു വരുന്നത്‌ നാലു കാലിലായിരിക്കും. നാട്ടിലുള്ളിടത്തോളം കാലം നെഹ്‌റു ട്രോഫി അദ്ദേഹം മുടക്കിയിട്ടില്ല. വള്ളംകളി എന്നാല്‍ വെള്ളംകളി കൂടെ ആയിരുന്നു അപ്പനും കൂട്ടുകാര്‍ക്കും.

അപ്പന്‍ അമേരിക്കയില്‍ ജീവിച്ച സമയങ്ങളില്‍ തണുപ്പ്‌ കാലങ്ങളില്‍ അമ്മയറിയാതെ മദ്യം കഴിച്ചിരുന്നു. അമ്മ കാണാതെയിരിക്കാന്‍ കോക്കിന്റെയോ സ്‌പ്രൈറ്റിന്റെയോ കാനില്‍ ഒഴിച്ചായിരുന്നു കുടി. ഒരിക്കല്‍ അമ്മ അറിയാതെ അപ്പന്റെ സ്‌പ്രൈറ്റിന്റെ കാനില്‍ നിന്നു ഒരിറക്ക്‌ കുടിച്ചപ്പോഴാണ്‌ കള്ളി വെളിച്ചത്തായത്‌. അന്ന്‌ അപ്പന്റെ കള്ളത്തരങ്ങള്‍ക്ക്‌ കൂട്ട്‌ നിന്നു എന്നു പറഞ്ഞ്‌ എനിക്കും കിട്ടി വഴക്ക്‌. ഞാനായിരുന്നു അദ്ദേഹത്തിന്‌ ഒഴിഞ്ഞ കാനുകള്‍ ശേഖരിച്ചു കൊടുത്തിരുന്നത്‌.

അമ്മയുടെ വീട്ടുകാര്‍ യാഥാസ്ഥിതിക മനോഭാവമുള്ള ഓര്‍ത്തഡോക്‌സുകാര്‍ ആണ്‌. അവിടെ ആരും കുടിക്കുകയോ വലിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. അതെല്ലാം പാപശീലങ്ങളായിട്ടാണ്‌ അവര്‍ കണ്ടിരുന്നത്‌.

അമ്മയുടെ താഴത്തങ്ങാടിയിലെ വീടിന്റെ അടുത്ത്‌ ഒരു വര്‍ക്കിച്ചേട്ടനും കുടുംബവും ഉണ്ട്‌. വര്‍ക്കിച്ചേട്ടന്‌ തെങ്ങ്‌വെട്ടാണ്‌ ജോലി. പകലന്തിയോളം മണ്ട പോയ തെങ്ങെല്ലാം കയറി തളര്‍ന്ന്‌ വരുന്ന വര്‍ക്കിച്ചേട്ടന്‍, വരുന്ന വഴി കള്ളുഷാപ്പില്‍ കയറി കൂലി കിട്ടിയ കാശ്‌ മുഴുവന്‍ അവിടെ കൊടുക്കും.

സന്ധ്യക്ക്‌ വര്‍ക്കിച്ചേട്ടന്‍ കവലയില്‍ വരുമ്പോളേ കേള്‍ക്കാം ഒച്ച. ആ നാട്ടിലുള്ള സകലരെയും ഉച്ചത്തില്‍ ചീത്ത വിളിച്ചാണ്‌ വരവ്‌. വീട്ടില്‍ വരേണ്ട താമസം, ഭാര്യ തെറോതിച്ചേട്ടത്തിയുമായി വഴക്കു തുടങ്ങും. `ഇന്നും നിങ്ങള്‌ മുടിഞ്ഞ കുടി കുടിച്ചോണ്ടാണോ മനുഷ്യാ വന്നതെന്ന്‌ ചോദിച്ച്‌ ചേട്ടത്തി നെഞ്ഞത്തടി തുടങ്ങും. അപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ നെഞ്ഞത്തിനിട്ടും പുറത്തിനിട്ടും കൂടി രണ്ട്‌ കൊടുക്കും. ചേട്ടത്തി വലിയ വായിലെ...`യ്യോ ഓടി വരണേ... ഈ കാലമാടനെന്നെ തല്ലിക്കൊല്ലുന്നേ എന്ന്‌ വിളിച്ചു കൂവും. വര്‍ക്കിച്ചേട്ടന്‍ ഉടനെ അവരുടെ മരിച്ചു പോയ തന്തയ്‌ക്കും തള്ളയ്‌ക്കും വിളിക്കും. പിന്നെ അങ്ങോട്ട്‌ കൊടുങ്ങല്ലൂര്‍ പൂരവും, ചവിട്ടുനാടകവും പൊടിപൂരം... കഞ്ഞിക്കലങ്ങളും
കറിപ്പാത്രങ്ങളും അടുക്കള വഴി കപ്പളത്തിന്റെ ചോട്ടിലേക്ക്‌ പറക്കും... ഒരു കില്ലപ്പട്ടിയുള്ളത്‌ വര്‍ക്കിച്ചേട്ടന്റെ തൊഴി കൊണ്ട്‌ കയ്യാലപ്പുറത്ത്‌ പോയി വീഴും.

പിള്ളേര്‌ ആദ്യം തന്നെ വെളിയിലിറങ്ങി നില്‌ക്കും. എപ്പളാ അടി വീഴുന്നതെന്ന്‌ പറയാന്‍ പറ്റുകേല. കലി മൂത്താല്‍ അങ്ങേര്‌ പിള്ളാരെ തല്ലാന്‍ ഇട്ടോടിക്കും. അതുങ്ങള്‍ വലിയ വായില്‍ കരഞ്ഞു കൊണ്ട്‌ പറമ്പ്‌ വഴി ഓടും. അടിം ഇടിം കുറെ കൊണ്ട്‌ കഴിയുമ്പോള്‍ തെറോതി ചേട്ടത്തി ഓടി ഞങ്ങടെ അമ്മയുടെ വീട്ടില്‍ വരും. കൂടെ പിള്ളേരും. പിന്നെ കുറെ നേരത്തേക്ക്‌ കൂട്ടക്കരച്ചിലും പതം പറച്ചിലും മൂക്ക്‌ പിഴിച്ചിലും..`പോട്ടെടീ, തേറതി അവന്‍ കുടിച്ചേച്ചും വരുമ്പം നീയങ്ങ്‌ മിണ്ടാതിരിന്നേക്കണം എന്നുള്ള സ്ഥിരം പല്ലവി എന്റെ വല്ലിയമ്മച്ചി കൊടുക്കും. പഴംകഞ്ഞിയോ കറിയോ കുട്ടികള്‍ അടുക്കളയിലിരുന്നു കഴിക്കും. ഉള്ളതില്‍ ഒരു പാതി, പൊതിഞ്ഞു കെട്ടി ചേട്ടത്തി വര്‍ക്കിച്ചേട്ടന്‌ കൊണ്ട്‌ പോകും.

ഇത്‌ നിത്യവും കണ്ടു വളര്‍ന്ന അമ്മയ്‌ക്കും സഹോദരിമാര്‍ക്കും കള്ളുകുടിയന്മാര്‍ എന്നും വെറുക്കപ്പെട്ടവര്‍ തന്നെയായിരുന്നു.

എന്റെ കല്യാണത്തിന്റെ തലേദിവസം. ഞാന്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്‌ കണ്ട്‌ അമ്മ മുറിയില്‍ വന്നു. പല കാര്യങ്ങളും ഉപദേശിക്കുന്നതിടയില്‍ വളരെ ഗൗരവത്തോടെ അമ്മ പറഞ്ഞു. `മോളെ, ഒരു കാര്യം പറയുവാ കേട്ടോ, ചെറുക്കനെ നിവര്‍ത്തിയുണ്ടെങ്കില്‍ കള്ളുകുടിക്കാന്‍ സമ്മതിക്കരുത്‌. വലിക്കുവേലന്നു തോന്നുന്നു. കള്ള്‌, അതൊരു തരത്തിലും നമ്മളായിട്ട്‌ പ്രോത്സാഹിപ്പിക്കരുത്‌. ഓര്‍ത്തോണം! ഞാന്‍ തലകുലുക്കി സമ്മതിച്ചു. അമ്മ സമാധാനത്തോടെ പോയി.

അതിന്റെ തലേദിവസം അപ്പന്‍ എന്നോട്‌ പറഞ്ഞകാര്യം അപ്പോള്‍ എനിക്കോര്‍മ വന്നു. `എടീ...നിന്നെ കെട്ടാന്‍ പോകുന്ന ചെറുക്കന്‍ വലിക്കുവേലന്നു പറഞ്ഞു. ശരി, വേണ്ട! അല്ലേലും വലി... ആപത്താ. പിന്നെ വല്ലാത്ത നാറ്റവും. പക്ഷെ ഇച്ചിരെ കുടിക്കത്ത്‌ പോലും ഇല്ലേല്‍ ഞാന്‍ എങ്ങനെ അവന്റെ കൂടെ ജീവിക്കുമെടി?

ഞാന്‍ അത്‌ കേട്ട്‌ ചിരിച്ചതിനു കണക്കില്ല. അപ്പനും കൂടെ ചിരിച്ചു. കെട്ടാന്‍ പോകുന്ന ചെറുക്കന്‍ കുടിക്കുമെന്നോ കുടിക്കില്ലന്നോ ഒന്നും എനിക്കറിയില്ല. ഞാന്‍ അത്‌ ചോദിച്ചിരുന്നില്ല, ഞാന്‍ അങ്ങനെ ഒരു കാര്യത്തെക്കുറിച്ചൊന്നും ഓര്‍ത്തതേയില്ല. പ്രണയിക്കുന്ന കാലത്ത്‌, ആകെ അല്‌പം മിണ്ടാന്‍ കിട്ടുന്ന സമയം, ഇതൊക്കെ പറയാന്‍ എവിടെയാ നേരം?

എന്തായാലും, അപ്പന്‍ എന്നെങ്കിലും ഒരല്‌പം കുടിച്ചുവരുമ്പോള്‍, അമ്മ മുഖം വീര്‍പ്പിക്കുന്നതും, പിണങ്ങുന്നതും, കരഞ്ഞുമൂക്ക്‌ ചുവപ്പിക്കുന്നതും പിന്നെ രണ്ടു ദിവസത്തേക്ക്‌ വീട്ടില്‍ ചില അവാര്‍ഡ്‌ പടങ്ങള്‍ പോലെ സംസാരം ഇല്ലാതിരുന്നതും, ആകെക്കൂടി ഒരു മൂടിക്കെട്ടിയ അന്തരീക്ഷം പലതവണ കണ്ടിരുന്ന ഞാന്‍, ഒരിക്കല്‍പോലും ഭര്‍ത്താവിനോട്‌, കുടിക്കരുത്‌ എന്ന്‌ ഒരു വാക്ക്‌ ഇന്നുവരെ പറഞ്ഞിട്ടില്ല!... പറയേണ്ടി വന്നിട്ടില്ല, എന്നതാണ്‌ സത്യം. കാരണം, ഒരിക്കലും അമിതമായി മദ്യപിച്ച്‌ ഞാന്‍ അദ്ദേഹത്തെ ഇന്നു വരെ കണ്ടിട്ടില്ല എന്നതുതന്നെ.

കുട്ടികള്‍ വലുതാകുന്നിടം വരെ, വല്ല പ്രധാന ദിവസങ്ങളിലും മാത്രമായിരുന്നു മദ്യം ഉപയോഗിച്ചിരുന്നത്‌. ഇന്ന്‌, ഇടയ്‌ക്ക്‌ പാര്‍ട്ടികള്‍ക്ക്‌ പോകുമ്പോള്‍ മദ്യം ഉപയോഗിക്കുമ്പോഴും ഞാന്‍ ഒന്നും പറയാറില്ല.

എന്റെ അനുഭവത്തില്‍, ഭര്‍ത്താക്കന്മാരെ, കള്ളുകുടിയുടെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രിക്കുന്ന ഭാര്യമാരാണ്‌, പ്രശ്‌നക്കാര്‍. ഞങ്ങള്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന ആദ്യത്തെ തെറ്റാണ്‌ അത്‌. കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിനെ ആകെ ഒന്ന്‌ മാറ്റിയെടുക്കാം എന്ന്‌ ചിന്തിക്കുന്നിടത്തോളം വലിയ ഒരു വിഡ്‌ഢിത്തം ഇല്ല. കാലങ്ങളായി അവര്‍ ജീവിച്ചു വന്ന രീതികളും ശൈലികളും ഉണ്ട്‌. അതിനെ ഒറ്റയടിക്ക്‌ മാറ്റുക എന്നത്‌ പട്ടാളക്യാമ്പില്‍ പോലും നടക്കാത്ത കാര്യമാണ്‌. എവിടെ സ്‌ത്രീകള്‍ കുടിക്കുന്നവരുടെ മേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവോ, അത്രയും കൂടുതല്‍ കുടിക്കണം എന്ന ചിന്ത അവര്‍ക്ക്‌ ഉണ്ടാകും. പിന്നെ, കണ്‍ട്രോള്‍ ആയി, വഴക്കായി... കരച്ചിലും തമ്മിലടിയും... ആയി. ഈ ഒരൊറ്റ പ്രശ്‌നത്തില്‍ എത്രയോ കുടുംബങ്ങള്‍ നരകതുല്യം കഴിയുന്നു.

എന്ന്‌ വച്ച്‌ ഭര്‍ത്താവ്‌ അമിത മദ്യപാനം ചെയ്‌തു ജോലിക്ക്‌ പോകാതെ, വീട്ടുകാര്യങ്ങള്‍ നോക്കാതെ, നടക്കുന്ന കുടുംബജീവിതം തീര്‍ച്ചയായും ബുദ്ധിമുട്ടായിരിക്കും. അത്തരക്കാരെ, നല്ല പാതയിലേക്ക്‌ നയിക്കാന്‍ സ്‌നേഹവും അനുനയവും സഹനശക്തിയും അല്ലാതെ മാര്‍ഗം ഒന്നുമില്ല.. തീരെ കൈവിട്ടു പോയ കേസ്‌ ആണെങ്കില്‍ തീര്‍ച്ചയായും, കൗണ്‍സിലിംഗ്‌ പോലെയുള്ള ശക്തമായ രീതികള്‍ സ്വീകരിച്ചേ മതിയാവൂ. പക്ഷേ, വല്ലപ്പോഴും ഭര്‍ത്താവ്‌ കൂട്ടുകാരുടെ കൂടെ ഒരല്‌പം മദ്യപിക്കുമ്പോള്‍ ഉടനെ ചന്ദ്രഹാസമിളക്കി, വാളെടുക്കുന്ന ഭാര്യ തീര്‍ച്ചയായും വലിയ ഒരുവിപത്തിനാണ്‌ വിത്ത്‌ വിതയ്‌ക്കുന്നത്‌. അപ്പോഴാണ്‌, അയാള്‍ക്ക്‌ നിങ്ങളെ ഒളിച്ചു കുടിക്കണമെന്നും, വാശിക്ക്‌ എപ്പോഴും കുടിക്കണമെന്നും തോന്നാന്‍ തുടങ്ങുക.

തീര്‍ച്ചയായും മദ്യത്തിന്റെ അടിമയാകുന്ന മനുഷ്യന്‌ അത്‌ വഴി മരണത്തിലേക്കുള്ള വഴി എളുപ്പമാക്കുകയാണ്‌. സംശയമില്ല. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ കള്ള്‌ നശിപ്പിച്ച കുടുംബങ്ങള്‍ നിരവധിയുണ്ട്‌. എന്നാല്‍ കുടിക്കുന്ന പിതാക്കന്മാരെ കണ്ട്‌ വളരുന്ന ഞങ്ങളുടെ പുതിയ തലമുറയില്‍ കള്ള്‌ കൈകൊണ്ട്‌ തൊടാത്ത ധാരാളം ചെറുപ്പക്കാരുമുണ്ട്‌. അപ്പോള്‍ നാം എല്ലാറ്റിനും സാഹചര്യങ്ങളെയും കൂട്ടുകെട്ടിനെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വില്‍ പവര്‍ അതല്ലേ, എല്ലാം? അതെ ആത്മനിയന്ത്രണം ഉള്ള
ന്‌ ഒരു ശീലവും ദുശീലം ആവില്ല. എന്തും അമിതമായാല്‍ വിഷം തന്നെയാണെന്ന സത്യത്തെ മുന്‍നിര്‍ത്തി, മദ്യവും ആ രീതിയില്‍ മാത്രം ഉപയോഗിക്കുവാന്‍ ശ്രമിച്ചാല്‍ നന്ന്‌.

നെടുംപറമ്പിലെ എല്ലാ കള്ളുകുടിയന്മാര്‍ക്കുമായി ഈ കോളം സമര്‍പ്പിക്കട്ടെ.
(മലയാളം പത്രത്തില്‍ തത്സമയം പംക്തിയില്‍ പ്രസിദ്ധീകരിച്ചത്‌)
ചില കള്ള്‌ കാര്യങ്ങള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക