Image

തിലകന്‍ പകരക്കാരനില്ലാത്ത മഹാനടന്‍: മുഖ്യമന്ത്രി

Published on 24 September, 2012
തിലകന്‍ പകരക്കാരനില്ലാത്ത മഹാനടന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം:പകരക്കാരനില്ലാത്ത മഹാനായ നടനാണ്‌ തിലകനെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അപൂര്‍വമായാണ്‌ ഇത്തരം പ്രതിഭകള്‍ ഉണ്ടാകുന്നതെന്നും മഹാനടന്റെ തിരോധാനം മലയാള കലാലോകത്ത്‌ വിലയ വിടവ്‌ സൃഷ്‌ടിച്ചിരിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സിനിമാ രംഗത്തെ ആധിപത്യം കൈക്കലാക്കാന്‍ നിലകൊണ്ട ഒരു ശക്‌തിക്കും അദ്ദേഹത്തെ കീഴ്‌പ്പെടുത്താനായില്ല എന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. തന്റെ അഭിപ്രായം ശക്‌തമായി പ്രകടിപ്പിച്ച്‌ കലാ-സാഹിത്യലോകത്തിന്റെ പ്രിയപ്പെട്ടവനായി മാറാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നുവെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ ഉറ്റബന്ധുവാണ്‌ തിലകനെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.
കോഴിക്കോട്‌: തിലകനെ കാണാനായി തിരുവനന്തപുരത്തെ കിംസ്‌ ആശുപത്രിയില്‍ പോയിരുന്നു എന്നും എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ കാണാന്‍ കഴിഞ്ഞില്ല എന്നും നടന്‍ മമ്മൂട്ടി. തനിക്കും തിലകനുമിടയില്‍ പ്രായവ്യത്യാസം ഒരു പ്രശ്‌നമല്ലായിരുന്നു എന്നും എത്രയോ പ്രായം കുറഞ്ഞ തന്നെ അദ്ദേഹം മമ്മൂക്ക എന്നായിരുന്നു വിളിച്ചിരുന്നത്‌ എന്നും മമ്മൂട്ടി അനുസ്‌മരിച്ചു. തിലകനുമായുണ്ടായിരുന്ന അടുത്ത സൗഹൃദം തന്റെ സ്വകാര്യ അഹങ്കാരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിലകന്‍ തൃശൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. അപ്പോള്‍ രണ്ട്‌ ദിവസത്തിനകം ഇറങ്ങും എന്നായിരുന്നു പറഞ്ഞത്‌. അന്നത്തെ അദ്ദേഹത്തിന്റെ ആരോഗ്യമുളള ശബ്‌ദം ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്‌. മുമ്പത്തെപ്പോലെ അദ്ദേഹം ഇത്തവണയും ആരോഗ്യവാനായി പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ആ പ്രതീക്ഷ തെറ്റിച്ച്‌ അദ്ദേഹം മടങ്ങിവരാന്‍ വിസമ്മതിച്ചു എന്നും മമ്മൂട്ടി വേദനയോടെ ഓര്‍ത്തു. കോഴിക്കോട്‌ സിനിമപ്രവര്‍ത്തകര്‍ നടത്തിയ അനുസ്‌മരണത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്: കോഴിക്കോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തിലകന്‍ അനുസ്മരണം നടത്തി. മമ്മൂട്ടി, വിനീത്, കാവ്യമാധവന്‍, സംവിധായകന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് മഹാറാണി ഹോട്ടലിലായിരുന്നു അനുസ്മരണം.

തിലകന്‍ മഹാപ്രതിഭയുള്ള നടനാണെന്ന് പറഞ്ഞാല്‍ അത് വെറും ഒരു ഉപചാരവാക്കായിപ്പോകുമെന്ന് പറഞ്ഞാണ് മമ്മൂട്ടി അദ്ദേഹത്തെ അനുസ്മരിച്ചു തുടങ്ങിയത്. തിലകനും താനും തമ്മിലുള്ള അഭിപ്രായവ്യത്യാസവും വിവാദങ്ങളും മമ്മൂട്ടി സൂചിപ്പിച്ചു. തിലകനിലൂടെ മറ്റ് പലരുടെയും നാവായിരുന്നു സംസാരിച്ചത്. താനും തിലകനും തമ്മില്‍ പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല. വിവാദങ്ങള്‍ ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചവരാണ് ഉണ്ടാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. തിലകനോട് വ്യക്തിപരമായി വിരോധമുണ്ടാകാനുള്ള കാര്യങ്ങളൊന്നും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല.

തിലകന്റെ മുഖം തനിക്ക് പുഞ്ചിരിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളു. അദ്ദേഹത്തെക്കാള്‍ ഇത്ര പ്രായം കുറഞ്ഞ തന്നെ മമ്മുക്ക എന്ന് മാത്രമായിരുന്നു തിലകന്‍ വിളിച്ചിരുന്നത്. തന്റെ മകന്റെ കൂടെപ്പോലും അഭിനയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മമ്മൂട്ടി അനുസ്മരിച്ചു.


കോഴിക്കോട്‌: മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരമാണ്‌. തിലകന്‌ ചെറിയ കാലത്തേക്കായാലും അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ്‌ മലയാള സിനിമ ചെയ്യേണ്ടതെന്ന്‌ സംവിധായകന്‍ രഞ്‌ജിത്‌. തിലകന്റെ വേര്‍പാടില്‍ അദ്ദേഹത്തെ അനുസ്‌മരിക്കുകയായിരുന്നു രഞ്‌ജിത്‌. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിയാത്തവരുണ്ട്‌. വിദ്വേഷം മനസില്‍ കൊണ്ടുനടക്കുന്ന വ്യക്‌തിയായിരുന്നില്ല അദ്ദേഹം. മനസ്സില്‍ തോന്നുന്നത്‌ മുഖത്തുനോക്കി പറയുമെന്നു മാത്രം. ഇന്ത്യന്‍ റുപ്പീയില്‍ തിലകനെ അഭിനയിപ്പിക്കുക എന്നത്‌ തന്റെ തീരുമാനമായിരുന്നു. തന്റെ കഥാപാത്രത്തിന്‌ തിലകനോളം അനുയോജ്യനായ മറ്റൊരു നടന്‍ ഇല്ല എന്നാണ്‌ താന്‍ കരുതിയത്‌. ആ പ്രതീക്ഷ തിലകന്‍ തെറ്റിച്ചതുമില്ല എന്നും രഞ്‌ജിത്‌ നടന്‍ തിലകനെ അനുസ്‌മരിച്ച്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക