Image

കുവൈറ്റില്‍ നിയമലംഘനം നടത്തിയ 350 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചു

Published on 24 September, 2012
കുവൈറ്റില്‍ നിയമലംഘനം നടത്തിയ 350 കമ്പനികളുടെ ഫയലുകള്‍ മരവിപ്പിച്ചു
കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ ആഴ്‌ച ജലീബിലും ഫര്‍വാനിയയിലും സാമൂഹികതൊഴില്‍കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക പരിശോധനയില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയ 350 കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ മരവിപ്പിച്ചു.

മന്ത്രാലയത്തിലെ അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദൂസരിയാണ്‌ ഇന്നലെ ഇക്കാര്യം അറിയിച്ചത്‌. ഫയലുകള്‍ മരവിപ്പിക്കുന്നതില്‍ മാത്രം അവസാനിപ്പിക്കാതെ ഇത്തരം കമ്പനികളുടെ ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്യും. അതോടൊപ്പം പേരിന്‌ മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം ഊഹകമ്പനികള്‍ വഴി റിക്രൂട്ട്‌ ചെയ്യപ്പെട്ട ആളുകളെ നിയമവിധേയ തൊഴിലാളികളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജമാല്‍ അല്‍ ദൂസരി പറഞ്ഞു.
അതേസമയം, ജലീബിലും ഫര്‍വാനിയയിലും അരങ്ങേറിയതുപോലുള്ള റെയ്‌ഡ്‌ വരും ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തുമെന്നും ഊഹകമ്പനികളെയും അതുവഴി കൊണ്ടുവരപ്പെട്ട വിദേശികളെയും കണ്ടെത്തുന്നതിനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്നും അണ്ടര്‍ സെക്രട്ടറി മുന്നറിയിപ്പ്‌ നല്‍കി.

കഴിഞ്ഞ ബുധനാഴ്‌ചാണ്‌ ജലീബിലെ അബ്ബാസിയ, ഹസാവി മേഖലകളിലും ഫര്‍വാനിയയിലെ ഇതര ഭാഗങ്ങളിലും ജമാല്‍ അല്‍ ദൂസരിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നത്‌.
പ്രദേശങ്ങളിലെ പല ഷോപ്പിംഗ്‌ സെന്ററുകളിലും കെട്ടിടങ്ങളിലും കമ്പികളെന്ന അര്‍ഥത്തില്‍ വാടക കൊടുത്ത്‌ പേരിന്‌ മാത്രം ഓഫീസുകള്‍ തുറന്നുവെച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.
15000 ഓളം തൊഴിലാളികള്‍ ഇത്തരം കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. നിയമവിധേയ കമ്പനികളെന്നതിന്‌ മതിയായ രേഖകളോ തൊഴിലാളികളോ ഇല്ലാതിരുന്ന ഇവിടങ്ങളില്‍ നടക്കുന്നത്‌ തൊഴില്‍ വിപണിയിലെ സാധ്യത പരിഗണിക്കാതെ വിദേശികളെ എത്തിക്കുകയും പണം വാങ്ങി പുറത്ത്‌ വിടുകയും ചെയ്യുന്ന ഏര്‍പ്പാടാണെന്നാണ്‌ കണ്ടെത്താനായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക