Image

ഷാര്‍ജയില്‍ കീടനാശിനി ശ്വസിച്ച്‌ 12 തൊഴിലാളികള്‍ ആശുപത്രിയില്‍

Published on 24 September, 2012
ഷാര്‍ജയില്‍ കീടനാശിനി ശ്വസിച്ച്‌ 12 തൊഴിലാളികള്‍ ആശുപത്രിയില്‍
ദുബായ്‌: ഷാര്‍ജ വ്യവസായ മേഖലയിലെ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന 12 ദക്ഷിണേഷ്യന്‍ തൊഴിലാളികളെ കീടനാശിനി ശ്വസിച്ച്‌ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്‌ച രാവിലെയാണ്‌ തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ തൊഴിലാളികളെ അല്‍ ഖാസിമി, കുവൈത്ത്‌ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്‌. അല്‍ഖാസിമി ആശുപത്രിയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണ്‌്‌. കുവൈത്ത്‌ ആശുപത്രിയിലുള്ള ബാക്കിയുള്ളവര്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്‌. പാകിസ്‌താന്‍, ബംഗ്‌ളാദേശ്‌ സ്വദേശികളാണ്‌ ഇവര്‍.

തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ നിരോധിത കീടനാശിനിയായ അലുമിനിയം ഫോസ്‌ഫൈഡ്‌ ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്‌. ഇവരെ ഷാര്‍ജ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തുവരികയാണ്‌. ഭക്ഷ്യവിഷബാധയാണ്‌ കാരണമെന്ന്‌ കരുതി അതിനുള്ള ചികിത്സയാണ്‌ ആദ്യം തൊഴിലാളികള്‍ക്ക്‌ നല്‍കിയത്‌. എന്നാല്‍, പിന്നീട്‌ നടത്തിയ പരിശോധനയില്‍ കീടനാശിനി ശ്വസിച്ചതാണ്‌ കാരണമെന്ന്‌ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ കീടനാശിനി ഉപയോഗിച്ചതായി തൊഴിലാളികള്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്‌തു.

അടുത്ത കാലത്ത്‌ അശ്രദ്ധമായി കീടനാശിനി ഉപയോഗിക്കുന്നത്‌ പല അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്‌. ഏതാനും ദിവസം മുമ്പ്‌ ഷാര്‍ജയില്‍ കീടനാശിനി ശ്വസിച്ച്‌ ഈജിപ്‌ഷ്യന്‍ വംശജ രണ്ടുവയസ്സുകാരി ഹിബ ഹിശാം മരിച്ച സാഹചര്യത്തില്‍ ദുബൈ, ഷാര്‍ജ എമിറേറ്റുകളില്‍ മുനിസിപ്പാലിറ്റികള്‍ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

അലുമിനിയം ഫോസ്‌ഫൈഡ്‌ ശ്വസിച്ചതാണ്‌ ഹിബ ഹിശാമിന്‍െറ മരണത്തിനിടയാക്കിയത്‌. ഹിബക്കൊപ്പം അവശനിലയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹോദരന്‍ അബ്ദുറഹ്മാന്‍ കഴിഞ്ഞദിവസമാണ്‌ ആശുപത്രി വിട്ടത്‌. അലുമിനിയം ഫോസ്‌ഫൈഡ്‌ വ്യക്തികള്‍ ഉപയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌. കീടനാശിനി വില്‍ക്കാനും താമസ കേന്ദ്രങ്ങളില്‍ പ്രയോഗിക്കാനും അധികൃതരില്‍നിന്ന്‌ നിയമപരമായി അനുമതി നേടണം. അലുമിനിയം ഫോസ്‌ഫൈഡ്‌ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ശ്വസിക്കുന്ന ആളുകള്‍ക്ക്‌ മരണം വരെ സംഭവിക്കാമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.
ഷാര്‍ജയില്‍ കീടനാശിനി ശ്വസിച്ച്‌ 12 തൊഴിലാളികള്‍ ആശുപത്രിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക