Image

അഹിംസയുടേയും അക്രമത്തിന്റേയും പോരാട്ടം; ഹസ്സാരെയുടെ കത്ത്‌

Published on 17 August, 2011
അഹിംസയുടേയും അക്രമത്തിന്റേയും പോരാട്ടം; ഹസ്സാരെയുടെ കത്ത്‌
എന്റെ പ്രിയപ്പെട്ട ദേശവാസികളേ

രണ്ടാം സ്വാതന്ത്ര്യസമരം ഇതാ തുടങ്ങുകയായി. ഞാന്‍ അറസ്റ്റിലാണ്‌; പക്ഷേ പ്രക്ഷോഭം ഇതുകൊണ്ട്‌ തീരുമോ? അങ്ങനെ സംഭവിക്കരുത്‌. ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ സമരത്തില്‍ ചേര്‍ന്നു കഴിഞ്ഞു. ഈ പ്രക്ഷോഭം നയിക്കാന്‍ അരവിന്ദ്‌ കെജരിവാള്‍, കിരണ്‍ബേദി, പ്രശാന്ത ്‌ഭൂഷണ്‍, മനീഷ്‌ സിസോഡിയ, അരവിന്ദ്‌ ഗൗഡ്‌, പി.വി രാജഗോപാല്‍, ശാന്തിഭൂഷന്‍, അഖില്‍ ഗൊഗോയ്‌ തുടങ്ങിയ പ്രഗല്‌ഭരുടെ നിര തയാറായി നില്‍ക്കയാണ്‌. പ്രക്ഷോഭത്തിന്റെ യഥാര്‍ഥ പാത അവര്‍ നിങ്ങള്‍ക്ക്‌ കാണിച്ചുതരും. അതെ, നമ്മുടെ പോരാട്ടം തുടരുകതന്നെ ചെയ്യും.

ഞാന്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം അറസ്റ്റിലായപ്പോള്‍, രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും അറസ്റ്റുവരിക്കാന്‍ ജനം മുന്നോട്ടുവന്നു. ഈ രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ ഒരു ദിനം വരും, അന്ന്‌ ഇന്ത്യയിലെ ഒരു ജയിലിലും ഒരിഞ്ച്‌ സ്ഥലംപോലും ബാക്കിയുണ്ടാവില്ല.

പക്ഷേ, ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ, ഒരാളും അക്രമത്തിലേക്ക്‌ വഴി തിരിയരുത്‌. ഇത്‌ അഹിംസയുടെയും അക്രമരാഹിത്യത്തിന്റെയും പോരാട്ടമാണ്‌. പൊതു മുതലിനോ സ്വകാര്യസ്വത്തിനോ ഈ പ്രക്ഷോഭം കൊണ്ട്‌ ഒരു കേടുപാടുമുണ്ടാകരുത്‌. സമരത്തില്‍ എന്നെ അനുഗമിക്കുന്നവര്‍ എന്റെ സഹോദരീ സഹോദരങ്ങളാണ്‌. അക്രമ വിരുദ്ധതയെന്ന പാതയിലൂടെയാണ്‌ നാം വിജയം നേടേണ്ടത്‌.

ഓര്‍ക്കുക, സത്യഗ്രഹം എന്നത്‌ ഒരുതരം തപസ്സാണ്‌. നമുക്ക്‌ മാത്രമല്ല മറ്റുള്ളവര്‍ക്കും അങ്ങനെ തോന്നണം. ഈ പോരാട്ടത്തില്‍ അണിചേരാനായി സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും അവധിയെടുത്ത്‌ എത്തിയവരോട്‌ എനിക്കൊരു അഭ്യര്‍ഥനയുണ്ട്‌. നിങ്ങളുടെ എട്ടു ദിവസങ്ങള്‍ പിറന്ന നാടിന്‌ കൊടുക്കുക. ആവശ്യമെങ്കില്‍ മാതൃഭൂമിക്കുവേണ്ടി എട്ടുദിവസം ജയിലില്‍ കഴിയുക.

എല്ലാവര്‍ക്കും സത്യം മനസ്സിലായി. എന്നാല്‍ ഈ സര്‍ക്കാറിന്മാത്രം ഒന്നും വ്യക്തമായിട്ടില്ല. ഇത്‌ മാറ്റത്തിനുവേണ്ടിയുള്ള സമരമാണ്‌. മാറ്റം വന്നില്ലെങ്കില്‍ ഈ വ്യവസ്ഥിതി പാളം തെറ്റിത്തന്നെ തുടരും.

അവസാന ശ്വാസംവരെ സമരം തുടരണം; അക്രമരാഹിത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌.

നന്ദി
മാതൃരാജ്യം ജയിക്കട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക