Image

ദുബായില്‍ ഭര്‍ത്താവിന്റെയും മകളുടെയും മരണം; ഭാര്യയെ കുറ്റവിമുക്തയാക്കി

അനില്‍ സി. ഇടിക്കുള Published on 22 September, 2012
ദുബായില്‍ ഭര്‍ത്താവിന്റെയും മകളുടെയും മരണം; ഭാര്യയെ കുറ്റവിമുക്തയാക്കി
അബുദാബി: ദമ്പതികളും മകളുമടങ്ങുന്ന കുടുംബം ജീവനൊടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ രക്ഷപെട്ട മലയാളി യുവതിക്ക്‌ ഒടുവില്‍ ഇതിന്റെ പേരില്‍ നേരിടേണ്‌ടിവന്ന നിയമനടപടികളില്‍ നിന്നും മോചനം.

ഈ വര്‍ഷം ജനുവരി 14 നാണ്‌ മലയാളിയായ റിജേഷ്‌ നമ്പ്യാര്‍(32), മകള്‍ ആറുവയസുകാരിയായ ആവന്തിക എന്നിവരെ മരിച്ച നിലയിലും ഭാര്യ ശ്രീഷ നമ്പ്യാരെ(29) കൈത്തണ്‌ടയിലെ ഞരമ്പ്‌ മുറിഞ്ഞ്‌ ചോര വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയിലും ബുര്‍ ദുബായിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്‌ടെത്തിയത്‌. റിജേഷിനെ തൂങ്ങിമരിച്ച നിലയിലും മകളെ തലയിണകൊണ്‌ട്‌ മുഖം അമര്‍ത്തി ശ്വാസംമുട്ടി മരിച്ച നിലയിലും കണ്‌ടെത്തുകയായിരുന്നു. റാഷിദ്‌ ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീഷ മരണത്തില്‍ നിന്ന്‌ രക്ഷപെട്ടു. സാമ്പത്തിക ബാധ്യതമൂലം കുടുംബത്തോടെ ജീവനൊടുക്കുകയാണെന്നു കാണിച്ച്‌ റിജേഷ്‌ പോലീസിനും ബന്ധുക്കള്‍ക്കും എഴുതിയ ഓരോ കത്തുകളും മുറിയില്‍ നിന്ന്‌ കണ്‌ടെത്തിയിരുന്നു. ഭര്‍ത്താവിനെയും ഏകമകളേയും നഷ്‌ടപ്പെട്ട ദുരന്തത്തില്‍ ഏറെ തകര്‍ന്ന നിലയിലായിരുന്ന ശ്രീഷയ്‌ക്കു ആശുപത്രിയില്‍ കൗണ്‍സിലിംഗും നല്‍കിയിരുന്നു.

ശ്രീഷയ്‌ക്ക്‌ എതിരെ കൊലപാതകത്തിനും അത്മഹത്യാശ്രമത്തിനും പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീഷയുടെ ആകെ തകര്‍ന്ന അവസ്ഥയ്‌ക്ക്‌ ഇരട്ടയാഘാതമായി. ഇതേതുടര്‍ന്ന്‌ നാട്ടിലേക്ക്‌ പോകുവാന്‍ ശ്രീഷയ്‌ക്കു വിലക്കുണ്‌ടായിരുന്നു. അന്വേഷണത്തില്‍ ശ്രീഷയ്‌ക്കുമേല്‍ ആരോപിക്കപ്പെട്ട രണ്‌ടു കുറ്റങ്ങള്‍ക്കും ആവശ്യമായ തെളിവ്‌ ഇല്ലെന്നു കണ്‌ടെത്തിയതിനാല്‍ കേസ്‌ പിന്‍വലിക്കുകയായിരുന്നു. ഇനി ശ്രീഷയ്‌ക്ക്‌ നാട്ടിലേക്ക്‌ തിരിച്ചുപോകാനാകും.
ദുബായില്‍ ഭര്‍ത്താവിന്റെയും മകളുടെയും മരണം; ഭാര്യയെ കുറ്റവിമുക്തയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക