Image

വിവാദ സിനിമ ഭിന്നിപ്പിനുള്ള ഗൂഢതന്ത്രം:കുവൈത്ത് പ്രധാനമന്ത്രി

Published on 21 September, 2012
വിവാദ സിനിമ ഭിന്നിപ്പിനുള്ള ഗൂഢതന്ത്രം:കുവൈത്ത്  പ്രധാനമന്ത്രി
ദോഹ: ഈജിപ്തില്‍ മുസ്ലിംകളെയും കോപ്റ്റുകളെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് പ്രവാചകന്‍ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന വിവാദ സിനിമക്ക് പിന്നിലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി അഭിപ്രായപ്പെട്ടു. കുവൈത്ത് പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി വിവാദ സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

വിവാദ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് ഈ ചിത്രത്തെ വിശേഷിപ്പിക്കാന്‍ 'വളരെ മോശപ്പെട്ടത്' എന്നതിനേക്കാള്‍ അര്‍ത്ഥവത്തായ വാക്കുണ്ടായിരുന്നെങ്കില്‍ താന്‍ അത് ഉപയോഗിക്കുമായിരുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും നീതീകരിക്കാനും അംഗീകരിക്കാനുമാവാത്ത കാര്യമാണ് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്തത്. എന്നാല്‍, ഇത്തരമൊരു സിനിമ ജനിക്കാനുണ്ടായ മൂലകാരണങ്ങളെക്കുറിച്ചാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത്തരമൊരു നീചകൃത്യത്തിന് പിന്നില്‍ സിനിമയില്‍ അഭിനയിച്ചവരുടെ പങ്കും താന്‍ നിഷേധിക്കുന്നില്ല.
ഈ വിഷയത്തില്‍ ഭാഗഭാക്കാകാന്‍ അമേരിക്കന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല. ഇത്തരമൊരു സിനിമയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന സമയവും നമ്മള്‍ സൂക്ഷ്മമായി വിലയിരുത്തണം. മുല്യങ്ങളൊന്നുമില്ലാത്ത, പൈശാചികമായ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്ന ഒരാളാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക