Image

കുവൈറ്റിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വരുന്നു

സലിം കോട്ടയില്‍ Published on 20 September, 2012
കുവൈറ്റിലും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വരുന്നു
കുവൈറ്റ്‌ : കുവൈറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ നിലവിലുള്ള നമ്പരില്‍ മാറ്റം വരുത്താതെ മറ്റൊരു മൊബൈല്‍ കമ്പനിയുടെ വരിക്കാരാവുന്നതിനുള്ള സൗകര്യം നിലവില്‍ വരുന്നതായി വാര്‍ത്ത വിനിമയ മന്ത്രി സാലേം അല്‍ ഉതൈന അറിയിച്ചു.

അപേക്ഷ ലഭിച്ചു 24 മണിക്കൂറിനകം ഉപഭോക്താവിന്‌ പുതിയ സൗകര്യം ലഭ്യമാക്കാനുള്ള സൗകര്യം ബന്ധപ്പെട്ട കമ്പനികള്‍ ചെയ്യണമെന്നും ഇത്തരം സേവനങ്ങള്‍ക്ക്‌ അഞ്ചു ദിനാറില്‍ കൂടുതല്‍ ചാര്‍ജു ഈടാക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കാലങ്ങളായി മൊബൈല്‍ വരിക്കാര്‍ നിരന്തരം ആവശ്യപ്പെടുന്ന സൗകര്യമായിരുന്നു മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം.

പുതിയ സൗകര്യം നിലവില്‍ വരുന്നതോടെ ടെലികോം കമ്പനികള്‍ തങ്ങളുടെ സേവനം മെച്ചപ്പെടുന്നതോടൊപ്പം വരിക്കാര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌. നേരത്തെ രാജ്യത്തെ മൊബൈല്‍ രംഗത്ത്‌ കുത്തകയായിരുന്ന വതനിയ, സൈന്‍ എന്നീ കമ്പനികള്‍ വര്‍ഷങ്ങളോളം ലാന്റ്‌ ഫോണുകളില്‍ നിന്നും സ്വീകരിക്കുന്ന കോളുകള്‍ക്ക്‌ മിനിട്ടിന്‌ 40 ഫില്‌സ്‌ നിരക്കില്‍ ചാര്‍ജ്‌ ഈടാക്കിയിരുന്നു. സൗദി മൊബൈല്‍ കമ്പനിയായ വിവ യുടെ ആഗമനത്തോടെയാണ്‌ ഈ പകല്‍ കൊള്ള നിര്‍ത്തലാക്കിയത്‌. ഇതുപോലെ ഉപഭോക്താവിന്‌ നിലവിലുള്ള നമ്പരില്‍ മാറ്റം കൂടാതെ കൂടുതല്‍ ഓഫറുകള്‍ ലഭിക്കുന്ന കമ്പനിയിലേക്ക്‌ വരിക്കാരനാകാനുള്ള സൗകര്യം നിലവില്‍ വരുന്നതോടെ വരിക്കാരുടെ കൊഴിഞ്ഞു പോക്ക്‌ തടയുന്നതിന്‌ കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുകയും ഉപഭോക്താവിന്‌ കൂടുതല്‍ മെച്ചപ്പെട്ട സേവനവും ആനുകൂല്യങ്ങളും പ്രഖ്യാപിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക