Image

ഗള്‍ഫില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 20 September, 2012
ഗള്‍ഫില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌
ദോഹ: ഗള്‍ഫില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായുള്ള ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യു.എഫ്‌.പി.ഡബ്‌ളിയു.സി) പ്രതിദിനം ശരാശരി ഇത്തരം 3.9 കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ജനുവരി ഒന്ന്‌ മുതല്‍ ഈ മാസം 15 വരെ സ്‌ത്രീകളും കുട്ടികളും ഇരകളായ 995 കേസുകളില്‍ സഹായം ലഭ്യമാക്കിയതായി ഫൗണ്ടേഷന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഓഫീസിലാണ്‌ പരാതികളെത്തിയത്‌. ഇതിലെ 521 ഇരകള്‍ സ്‌ത്രീകളും 474 പേര്‍ കുട്ടികളുമായിരുന്നു. 508 കേസുകളില്‍ ഫൗണ്ടേഷന്‍ സാമൂഹികമായ പിന്തുണ നല്‍കി. 181 കേസുകളില്‍ വിദ്യാഭ്യാസ സഹായവും 184 കേസുകളില്‍ നിയമസഹായവും 91 കേസുകളില്‍ ചികില്‍സാ സഹായവും 50 കേസുകളില്‍ സാമ്പത്തിക സഹായവും 52 കേസുകളില്‍ അഭയകേന്ദ്രവും ലഭ്യമാക്കി. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ദ്വിദിന ശില്‍പശാലയുടെ ഉദ്‌ഘാടന ചടങ്ങില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫരീദ അല്‍ ഉബൈദിയാണ്‌ ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്‌. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക്‌ പിന്നിലെ പ്രധാന കാരണം രക്ഷിതാക്കളുടെ അവഗണനയാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. പരിചരണവും ശിക്ഷയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ മാതാപിതാക്കള്‍ അജ്ഞരാണ്‌.

രാജ്യത്ത്‌ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ ചടങ്ങില്‍ സംസാരിച്ച ഫാമിലി അഫയേഴ്‌സ്‌ സുപ്രീം കൗണ്‍സിലിലെ നഹീദ്‌ അല്‍ ബുഅനൈന്‍ മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക