Image

ജുബൈല്‍ വാഹനാപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 10 ലക്ഷം രൂപ അടിയന്തര സഹായവും ജോലിയും

Published on 19 September, 2012
ജുബൈല്‍ വാഹനാപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ 10 ലക്ഷം രൂപ അടിയന്തര സഹായവും ജോലിയും
മനാമ: സൗദി അറേബ്യയിലെ അല്‍ജുബൈലില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ തങ്ങളുടെ കമ്പനിയിലെ 11പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നാസര്‍ എസ്‌. അല്‍ഹജ്രി കമ്പനി മാനേജ്‌മെന്‍റ്‌ അതിയായ ദുഃഖം രേഖപ്പെടുത്തി. നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി സൗദി അറേബ്യയില്‍ വന്ന്‌ കഠിനാധ്വാനം ചെയ്‌തിരുന്ന ഇവരുടെ വേര്‍പാട്‌ മൂലം 11 കുടുംബങ്ങളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ മരണമടഞ്ഞ 11 ജീവനക്കാരുടെയും ആശ്രിതര്‍ക്ക്‌ 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന്‌ മാനേജ്‌മെന്‍റ്‌ അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങളില്‍നിന്ന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍ കമ്പനിയില്‍ ജോലി നല്‍കും.

മരണപ്പെട്ടവരുടെ കുടുംബത്തിന്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്ന്‌ നിയമപ്രകാരം പരമാവധി നഷ്ടപരിഹാരം നേടിക്കൊടുക്കാനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിച്ചുവരുന്നതായി മാനേജ്‌മെന്‍റ വിശദീകരിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ എന്‍.എസ്‌.എച്ച്‌ കോര്‍പറേഷനിലെ ജീവനക്കാരും പങ്കുചേര്‍ന്നു.

അതിനിടെ വാഹനാപകടത്തില്‍ മരിച്ച നാലു മലയാളികളുടെ മൃതദേഹങ്ങള്‍ സൗദിയില്‍ തന്നെ സംസ്‌കരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്‌ച രാത്രി അബൂഹദ്രിയക്ക്‌ സമീപം ജുബൈല്‍ഖഫ്‌ജി റോഡില്‍ ബസും ട്രെയിലറും കൂട്ടിയിടിച്ച്‌ കത്തിയാണ്‌ നാലു മലയാളികളടക്കം 12 പേര്‍ മരിച്ചത്‌. മരിച്ച മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പെരുംകുളത്തിങ്കല്‍ യഅ്‌ഖൂബ്‌ വെളുത്തേടത്ത്‌ (32), കോഴിക്കോട്‌ അടിവാരം കോട്ട പലക്കല്‍ അബ്ദുല്‍ അസീസ്‌ (40), കോഴിക്കോട്‌ കുന്ദമംഗലം പതിനൊന്നാം മൈല്‍ മേലേചെറുവാളത്ത്‌ സലീം (39), കൊല്ലം കൊട്ടിയം മയ്യനാട്‌ എല്‍.എം.എസ്‌.എം.പി സ്‌കൂളിനു സമീപം ചേനവിളവീട്ടില്‍ ജയദേവന്‍ എന്ന ജയജോയ്‌ (44) എന്നിവരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിക്കാനുള്ള നീക്കങ്ങളാണ്‌ തുടങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക