Image

ആലപ്പുഴ ഡി.സി.സി സെക്രട്ടറി കറ്റാനം ഷാജിക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 18 September, 2012
ആലപ്പുഴ ഡി.സി.സി സെക്രട്ടറി കറ്റാനം ഷാജിക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ഡി.സി.സി സെക്രട്ടറി കറ്റാനം ഷാജിക്ക്‌ സെപ്‌റ്റംബര്‍ 13-ന്‌ വ്യാഴാഴ്‌ച മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‌കി.

സെക്രട്ടറി വര്‍ഗീസ്‌ പാലമലയിലിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ്‌ സതീശന്‍ നായര്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ തോമസ്‌ മാത്യു, ബാബു മാത്യു, ലൂയീസ്‌ ചിക്കാഗോ, ജോണ്‍ ഇലക്കാട്ട്‌, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ജോയിച്ചന്‍ പുതുക്കുളം, വര്‍ഗീസ്‌ ഏബ്രഹാം (ഷിബു) ജേക്കബ്‌ വര്‍ഗീസ്‌ എന്നിവരും കേരള എക്‌സ്‌പ്രസ്‌ ചീഫ്‌ എഡിറ്റര്‍ കെ.എം. ഈപ്പനും സംസാരിച്ചു.

യോഗത്തില്‍ സംസാരിച്ച എല്ലാവരും കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണപാടവത്തെ അഭിനന്ദിക്കുകയും, അതോടൊപ്പംതന്നെ കേരളത്തില്‍ വരേണ്ടതായ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ആവശ്യകതയെപ്പറ്റി സൂചിപ്പിക്കുകയും ചെയ്‌തു.

തനിക്കു നല്‍കിയ സ്‌നേഹോഷ്‌മളമായ സ്വീകരണത്തിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ കറ്റാനം ഷാജി നടത്തിയ മറുപടി പ്രസംഗത്തില്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങളേയും ജനസമ്പര്‍ക്ക പരിപാടികളേയും മുക്തകണ്‌ഠം പ്രസംഗിച്ചു. നമ്മുടെ മുഖ്യമന്ത്രിയുടെ പേര്‌ ഗിന്നസ്‌ ബുക്കില്‍ വരെ വരുന്നതിനള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. അതുപോലെതന്നെ 1776-ല്‍ സ്വാതന്ത്ര്യം ലഭിച്ച അമേരിക്കയ്‌ക്ക്‌ രണ്ടേകാല്‍ നൂറ്റാണ്ടുകൊണ്ടുണ്ടായ പുരോഗതിയേക്കാള്‍ ഏറെ ഇരുനൂറു വര്‍ഷക്കാലം ബ്രിട്ടീഷ്‌ ആധിപത്യത്തിനു കീഴില്‍ കഴിഞ്ഞ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ കൊണ്ട്‌ നേടാന്‍ കഴിഞ്ഞുവെന്നും, അതു നമ്മള്‍ മറക്കരുതെന്നും, ഇന്ത്യ ഇന്ന്‌ ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യമാണെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

ജോസി കുരിശിങ്കല്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. അഗസ്റ്റിന്‍ കരിംങ്കുറ്റിയില്‍ യോഗനടപടികള്‍ നിയന്ത്രിച്ചു. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.
ആലപ്പുഴ ഡി.സി.സി സെക്രട്ടറി കറ്റാനം ഷാജിക്ക്‌ ഷിക്കാഗോയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക