Image

അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ അബുദാബിയില്‍തന്നെ താമസിക്കണമെന്ന നിയമം പാസായി

അനില്‍ സി. ഇടിക്കുള Published on 18 September, 2012
അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ അബുദാബിയില്‍തന്നെ താമസിക്കണമെന്ന നിയമം പാസായി
അബുദാബി: തലസ്ഥാന നഗരിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അബുദാബി എമിറേറ്റ്‌സിന്റെ അധികാരപരിധിക്കുള്ളില്‍ തന്നെ താമസിക്കണമെന്ന നിര്‍ദേശം എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ അംഗീകരിച്ചതായി സെക്രട്ടറി ജനറല്‍ അറിയിച്ചു.

മറ്റ്‌ എമിറേറ്റുകളില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇനി മുതല്‍ വീട്ടുവാടക നല്‍കേണ്‌ടതില്ലെന്ന നിര്‍ദേശമാണ്‌ നല്‍കിയിരിക്കുന്നത്‌.

അടുത്ത ഒരു വര്‍ഷത്തിനകം അബുദാബിയിലെ എല്ലാ പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളിലേയും ഏജന്‍സികളിലേയും ജീവനക്കാര്‍ തലസ്ഥാന നഗരിക്കുള്ളില്‍ താമസസ്ഥലം കണെ്‌ടത്താന്‍ നിര്‍ബന്ധിതരാകും.

അബുദാബിക്ക്‌ പുറത്ത്‌ ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്നുണെ്‌ടന്നാണ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ കണക്കാക്കിയിരിക്കുന്നത്‌. രാവിലെ ആറിനും ഒന്‍പതിനും ഇടയില്‍ മറ്റ്‌ എമിറേറ്റുകളില്‍ നിന്നും 10869 വാഹനങ്ങളിലായി 19564 പേര്‍ അബുദാബി നഗരത്തിലേക്ക്‌ എത്തുന്നുവെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. റോഡുകളിലെ വര്‍ധിച്ച അപകടങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഗതാഗതകുരുക്കുകള്‍ക്കും ഇത്തരം ദൂരയാത്ര ഇടവരുത്തുന്നുവെന്നും കണക്കാക്കുന്നു.

അബുദാബിലേതിനേക്കാള്‍ വളരെ കുറഞ്ഞ വാടക നിരക്കില്‍ അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞ താമസസ്ഥലങ്ങള്‍ ദുബായിലും ഷാര്‍ജയിലും ലഭ്യമായതിനാലും കുട്ടികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കുന്നതിനുമാണ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റ്‌ എമിറേറ്റുകളെ ആശ്രയിക്കുന്നതെന്നാണ്‌ കരുതപ്പെടുന്നത്‌.

ഒരു വര്‍ഷത്തിനകം ഇരുപതിനായിരം പേര്‍ അബുദാബിയിലേക്ക്‌ മടങ്ങേണ്‌ടിവരുന്നതോടെ തലസ്ഥാനനഗരിയിലെ വാടക കുത്തനെ ഉയരുമെന്നാണ്‌ ഭയപ്പെടുന്നത്‌. പുതിയ തീരുമാനം റിയല്‍ എസ്റ്റേറ്റ്‌ മേഖലക്ക്‌ അനുഗ്രഹമാകും. സര്‍ക്കാര്‍ ജീവനക്കാരുടെ വാടകയിനത്തില്‍ മാത്രം രണ്‌ടു ബില്യണ്‍ ദിര്‍ഹം എമിരേറ്റിലെ റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്ക്‌ എത്തുമെന്നാണ്‌ കരുതുന്നത്‌. ഇത്‌ പ്രാദേശിക തലത്തില്‍ ഏറെ മാറ്റങ്ങള്‍ക്ക്‌ കാരണമാകുമെന്നും വിലക്കയറ്റത്തിനും വാടകവര്‍ധനവിനും കാരണമായേക്കുമെന്നും സാമ്പത്തിക വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക