Image

കുവൈറ്റില്‍ നിയമരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ നീതിന്യായ മന്ത്രാലയത്തിന്റെ നിര്‍ദേശം

Published on 18 September, 2012
കുവൈറ്റില്‍ നിയമരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ നീതിന്യായ  മന്ത്രാലയത്തിന്റെ നിര്‍ദേശം
കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ ഇനി വനിതാ ജഡ്‌ജിമാരും അഭിഭാഷകരും. ഈ രംഗത്ത്‌ വനിതകളെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ കുവൈത്ത്‌ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നീതിന്യായ മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കിയതോടെ പുതിയ ചരിത്രം പിറക്കുകയാണ്‌.
മുമ്പ്‌ പലതവണ ഈ വിഷയം പരിഗണനക്ക്‌ വന്നിരുന്നെങ്കിലും ഇസ്ലാമിക നിയമത്തില്‍ ഇതിന്‌ പ്രാബല്യമില്ലെന്ന വാദത്തിന്‌ മുന്‍ഗണന ലഭിച്ചതോടെ ഇത്‌ യാഥാര്‍ഥ്യമായിരുന്നില്ല. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശം നിഷേധിക്കുന്നതിനുള്ള ന്യായമൊന്നും കാണുന്നില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വനിതകള്‍ക്ക്‌ അനുമതി ലഭിച്ചത്‌ മുതല്‍ തന്നെ നീതിന്യായ സംവിധാനത്തിലും അവസരം നല്‍കണമെന്ന വാദം ശക്തമായിരുന്നു. പിന്നീട്‌ മന്ത്രിസഭയില്‍ വരെ വനിതകള്‍ ഇടംപിടിച്ചു. നീതിന്യായ സംവിധാനത്തില്‍ സ്‌ത്രീകള്‍ക്ക്‌ അവസരം നിഷേധിക്കുന്ന തരത്തില്‍ ഒന്നും തന്നെ രാജ്യത്തെ ഭരണഘടനയിലില്ലെന്ന്‌ വ്യക്തമാക്കിയ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ യാഥാര്‍ഥ്യമായില്ലെങ്കിലും മുമ്പൊരിക്കല്‍ പബ്‌ളിക്‌ പ്രോസിക്യൂഷനില്‍ 190 വനിതാ ജീവനക്കാരെ നിയമിക്കാന്‍ പാര്‍ലമെന്‍റ്‌ തന്നെ അനുമതി നല്‍കിയിരുന്ന കാര്യവും ചൂണ്ടിക്കാട്ടി.

വനിതകളെ നിയമിക്കല്‍ ഈ മാസാവസാനത്തോടെ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ്‌ സൂചന. തുടക്കമെന്ന നിലയില്‍ പബ്‌ളിക്‌ പ്രോസിക്യൂഷനില്‍ ഏഴു വനിതാ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനാണ്‌ നീക്കം. കുവൈത്തി സമൂഹം ഇതുമായി പരിചയിച്ചുവരുന്നതിനുവേണ്ടിയാണ്‌ തുടക്കത്തില്‍ പ്രോസിക്യൂട്ടര്‍മാരെ മാത്രം നിയമിക്കുന്നതെന്ന്‌ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 80 ശതമാനത്തിന്‌ മുകളില്‍ മാര്‍ക്കോടെ നിയമ ബിരുദം സ്വന്തമാക്കിയ വനിതകളില്‍നിന്നാണ്‌ പ്രോസിക്യൂട്ടര്‍ തസ്‌തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുക. രണ്ടു വര്‍ഷത്തെ പരിശീലന കോഴ്‌സിനുശേഷം മാത്രമാണ്‌ ഇവര്‍ക്ക്‌ ഔദ്യാഗികമായി ജോലി തുടങ്ങാനാവുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക