Image

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ എട്ടുനോമ്പു പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2012
വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ എട്ടുനോമ്പു പെരുന്നാള്‍
ന്യൂയോര്‍ക്ക്‌: `പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ' എന്ന ശരണമന്ത്രവുമായി വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ ഓടിക്കൂടിയ നൂറുകണക്കിന്‌ ഭക്തര്‍ക്ക്‌ അനുഗ്രഹങ്ങളും പ്രത്യാശയും പ്രദാനം ചെയ്‌തുകൊണ്ട്‌ ഈ വര്‍ഷത്തെ എട്ടുനോമ്പു പെരുന്നാള്‍ സമംഗളം പര്യവസാനിച്ചു.

ദൈവജനനിയും ആര്‍ദ്രതയുടെ പൂര്‍ണ്ണരൂപവുമായ വി.കന്യകാമറിയാമിന്റെ ജന്മദിനമാചരിക്കാന്‍ നോമ്പിലും ജാഗരണത്തിലും കഴിഞ്ഞ വിശ്വാസികള്‍ക്ക്‌ എട്ടുദിവസമായി തുടരെ?തിരുവചനപ്രഘോഷണദ്വാരാ ലഭ്യമായ സ്വര്‍ഗ്ഗീയഭോജനം, നിത്യതയിലേക്കുള്ള മുതല്‍ക്കൂട്ടായിത്തീര്‍ന്നു. സെപ്‌റ്റംബര്‍ 1-ന്‌ വി. കുര്‍ബ്ബാനയോടെ ആരംഭിച്ച നോമ്പാചരണം സെപ്‌റ്റംബര്‍ 8 ശനിയാഴ്‌ച വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയോടെയാണ്‌ പര്യവസാനിച്ചത്‌. `മലങ്കരയുടെ പ്രകാശഗോപുര' മെന്ന വിശിഷ്ടനാമത്താല്‍ അറിയപ്പെടുന്ന പുണ്യശ്ലോകനും , വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയുടെ എഴുപതുകളിലെ ആരംഭകാലം മുതലേ മാര്‍ഗ്ഗദര്‍ശിയുമായിരുന്ന കിഴക്കിന്റെ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ രണ്ടാമന്‍ ബാവയുടെ 16-ാമതു ഓര്‍മ്മദിനം സെപ്‌റ്റംബര്‍ 1-ന്‌ വി.കുര്‍ബ്ബാനമദ്ധ്യേ പ്രത്യേക പ്രാര്‍ഥനകളോടെ ആചരിച്ചു. നോമ്പിന്റെ എട്ടുദിവസങ്ങളിലും വി. ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, സെപ്‌റ്റംബര്‍ 3 മുതല്‍ 7 വരെ സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷഘോഷണവും നടന്നു. തിരുവചനപ്രഘോഷണത്താല്‍ , കടന്നു വന്ന എല്ലാവരേയും ആത്മീയപ്രബുദ്ധരാക്കിയ റവ.ഫാ.സാംസണ്‍ മേലോത്ത്‌, റവ.ഫാ.രാജന്‍ പീറ്റര്‍ , റവ.ഫാ.ഗീവര്‍ഗീസ്‌ തേക്കാനത്ത്‌, റവ.ഫാ.ജോസഫ്‌ വര്‍ഗീസ്‌ എന്നീ വന്ദ്യവൈദികരേയും, ഏഴാം തീയതി നടന്ന റിട്രീറ്റിന്‌ നേത്രുത്വം നല്‌കുകയും ,ദൈവവചനം ആവോളം നല്‌കി തൃപ്‌തിപ്പെടുത്തുകയും ചെയ്‌ത ബഹു.അജീഷ്‌ പഴയാറ്റില്‍ ശെമ്മാശ്ശനേയും ഇടവക എറ്റവും നന്ദിയോടെ സ്‌മരിക്കുന്നു.

വലിയപെരുന്നാളിന്റെ ദിവസമായിരുന്ന എട്ടാംദിവസം അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തിലും റവ.ഫാ.വര്‍ഗീസ്‌ പോള്‍, റവ.ഫാ.ജെറി ജേക്കബ്‌ എന്നീ വൈദികരുടെ സഹകരണത്തിലും വി.മൂന്നിന്മേല്‍ കുര്‍ബ്ബാന, അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആദ്യമെത്രാപ്പോലീത്തായായിരുന്ന കാലം ചെയ്‌ത ആര്‍ച്ചുബിഷപ്പ്‌ യേശു മോര്‍ അത്താനാസ്യോസ്‌ തിരുമേനിയെ ഓര്‍ത്തുള്ള പ്രാര്‍ത്ഥന, മെത്രാപ്പോലീത്തയുടെ പെരുന്നാള്‍ സന്ദേശം , ആഘോഷപൂര്‍ണമായ റാസ, ആശീര്‍വാദം , നേര്‍ച്ചവിളമ്പു, വിഭവലേലം, പെരുന്നാള്‍ സദ്യ എന്നിവയോടെ പെരുന്നാള്‍ പരിപാടികള്‍ക്ക്‌ വിരാമമായി.

ഇടവകയിലെ എല്ലാ കുടുംബങ്ങളും കയ്യോടു കൈചേര്‍ന്ന്‌ ദൈവനാമമഹത്വത്തിനും വി.മാതാവിന്റെ തിരുസാന്നിദ്ധ്യത്താല്‍ പ്രസിദ്ധിയാര്‍ന്ന വൈറ്റ്‌പ്ലെയിന്‍സ്‌ പള്ളിയുടെ യശ്ശസ്സിനും ചേര്‍ന്നവിധം നടത്തിയ ഈ വര്‍ഷത്തെ നോമ്പാചരണം , പെരുന്നാള്‍ എന്നിവകളുടെ വിജയത്തിന്‌ മുഖ്യനിദാനം , വികാരി ബഹു.വര്‍ഗീസ്‌ പോള്‍ അച്ചന്റെ നിസ്വാര്‍ത്ഥ സേവനവും , ഇടവക മെത്രാപ്പോലീത്തയുടെ കരുതലും ആണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌.
വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞ എട്ടുനോമ്പു പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക