Image

സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം ശ്രദ്ധേയമായി

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2012
സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം ശ്രദ്ധേയമായി
കോട്ടയം: ഫോമയുടെ സഹകരണത്തോടെ കെയര്‍ എ ഡേ ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രൊജക്‌ട്‌ 2012 അര്‍ഹരായ നൂറുപേര്‍ക്ക്‌ സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം സെപ്‌റ്റംബര്‍ ഏഴിന്‌ കോട്ടയത്തുവെച്ച്‌ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച്‌ കേരള സംസ്ഥാന ആഭ്യന്തര വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം ജില്ലാ കളക്‌ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ കോട്ടയം നഗരസഭാധ്യക്ഷന്‍ സണ്ണി കലൂര്‍, അസിസ്റ്റന്റ്‌ കളക്‌ടര്‍ ഹിമാനുഷ്‌, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എ.പി. അനില്‍കുമാര്‍, കെയര്‍ എ ഡേ പ്രസിഡന്റും ഫോമാ വൈസ്‌ പ്രസിഡന്റുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഫോമാ മുന്‍ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍, അമേരിക്കയിലേയും കേരളത്തിലേയും ഇതര രാഷ്‌ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക്‌ സഹായം നല്‍കുക എന്നതിലുപരി സ്വയം തൊഴില്‍ ചെയ്‌തു ജീവിക്കുവാന്‍ ഒരുപറ്റം കുടുംബങ്ങളെ പ്രാപ്‌തരാക്കുന്നു എന്നതാണ്‌ ഈ പദ്ധതിയുടെ വെളിച്ചവും അനുഗ്രഹവുമെന്ന്‌ ജില്ലാ കളക്‌ടര്‍ മിനി ആന്റണി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഏറെ അകലത്തില്‍ താമസിക്കുമ്പോഴും സ്വന്തം നാടിനേയും നാട്ടുകാരേയും സ്‌നേഹിക്കുവാനും കരുതുവാനും ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിനും, കെയര്‍ എ ഡേ, ഫോമാ എന്നീ സംഘടനകള്‍ക്കും കഴിയുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന്‌ കളക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.

സേവന രംഗത്ത്‌ പുതിയ പാതയും മാതൃകയും കാട്ടിത്തരുന്ന കെയര്‍ എ ഡേ സംഘടനയോടും, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിനോടും കേരള ജനതയ്‌ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രസ്‌താവിച്ചു. വരുംവര്‍ഷങ്ങളില്‍ ആയിരങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന പുത്തന്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സംഘടനകള്‍ക്ക്‌ കഴിയട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. തയ്യല്‍ മെഷീന്‍ വിതരണത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ തയ്യല്‍ മെഷീന്‍ തങ്കമ്മയ്‌ക്ക്‌ (കുറിച്ചി) മന്ത്രി സമ്മാനിച്ചു.

ചടങ്ങില്‍ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ ആമുഖ സന്ദേശം നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കലൂര്‍, ശശിധരന്‍ നായര്‍, അപ്പുക്കുട്ടന്‍ നായര്‍, സി.വി. വളഞ്ഞവട്ടം, ജോയന്‍ കുമരകം, സഖറിയ ഉമ്മന്‍, ജോയി ജോണ്‍, വാഴൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ കെ. ചെറിയാന്‍, കൗണ്‍സിലര്‍ മോനാ പൊടിപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൈരളി ടിവി ഫെയിം സൂര്യ എസ്‌ ആയിരുന്നു അവതാരക. പ്രൊജക്‌ട്‌ ചെയര്‍മാന്‍ ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്‌ സ്വാഗതവും, കോര്‍ഡിനേറ്റര്‍ റജി ഏബ്രഹാം കൃതജ്ഞതയും പറഞ്ഞു.

സൗജന്യ തയ്യല്‍ മെഷീന്‌ അര്‍ഹരായ 100 കുടുംബങ്ങള്‍ക്കൊപ്പം സാംസ്‌കാരിക കേന്ദ്രമായ കോട്ടയത്തെ പൗരപ്രമുഖരും ഒട്ടനവധി വിദേശ മലയാളികളും ഉള്‍പ്പടെ 550-ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

100 പേര്‍ക്കും തയ്യല്‍ മെഷീന്‍ ചടങ്ങില്‍ വെച്ച്‌ നല്‍കിയത്‌ ഏവരേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. കുറ്റമറ്റ രീതിയില്‍ തികച്ചും ചിട്ടയോടെ നടത്തപ്പെട്ട ചടങ്ങുകള്‍ക്ക്‌ അവസാനം സ്‌നേഹവിരുന്നും നല്‍കപ്പെട്ടു. കേരളത്തിലെ പത്ര-ദൃശ്യ മാധ്യമ പ്രതിനിധികള്‍ ചടങ്ങുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയിരുന്നു.

കെയര്‍ എ ഡേയ്‌ക്കുവേണ്ടി ബിജു ചെറിയാന്‍
സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക