Image

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസികള്‍ ഇടപെടണം വയലാര്‍ രവി

Published on 17 September, 2012
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസികള്‍ ഇടപെടണം വയലാര്‍ രവി
ന്യൂദല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ വിദേശത്ത് നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ കാര്യക്ഷമമായി ഇടപെടണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ദല്‍ഹിയില്‍ ജി.സി.സി, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസി ഇന്ത്യക്കാരില്‍ ആത്മഹത്യ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അതീവ ഗൗരവത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രവാസികളെ ഇരയാക്കുന്ന റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രവാസി മന്ത്രാലയം നിരന്തര ശ്രമങ്ങളാണ് നടത്തുന്നത്.അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. ജയിലുകളില്‍ അകപ്പെട്ടവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കണം.

ചെറിയ പിഴ അടക്കാന്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അതിനുള്ള തുക എംബസിയുടെ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് നല്‍കണം. അതിനായി നല്‍കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 19179 പ്രവാസികള്‍ക്കായി 21 കോടി രൂപയുടെ സഹായം വിതരണം ചെയ്തിട്ടുണ്ട്. പ്രവാസികള്‍ക്കായി തുടങ്ങിയ മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന പദ്ധതിയിലെ അംഗങ്ങളെ ചേര്‍ക്കുന്നത് അടുത്ത മാസം ആരംഭിക്കും. ആദ്യഘട്ടം അംഗത്വവിതരണം യു.എ.ഇയിലാണ് നടക്കുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്ത് പോകുന്നവര്‍ ഭൂരിപക്ഷവും അഭ്യസ്തവിദ്യരാണ്. വടക്കേ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് സാധാരണ തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫിസ് തുറക്കുമെന്നും രവി പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസികള്‍ ഇടപെടണം വയലാര്‍ രവിപ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസികള്‍ ഇടപെടണം വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക