Image

ഒരുകോടി രൂപ തട്ടിപ്പ്‌ നടത്തി മലയാളി ചിട്ടി നടത്തിപ്പുകാരന്‍ മുങ്ങി

Published on 17 September, 2012
ഒരുകോടി രൂപ തട്ടിപ്പ്‌ നടത്തി മലയാളി ചിട്ടി നടത്തിപ്പുകാരന്‍ മുങ്ങി
മനാമ: ഒരുകോടി രൂപ തട്ടിപ്പ്‌ നടത്തി മലയാളി ചിട്ടി നടത്തിപ്പുകാരന്‍ മുങ്ങി. ചിട്ടി ബിസിനസിലൂടെ ഏകദേശം 50000 ദിനാറിന്‌ മുകളില്‍ കൈവശപ്പെടുത്തിയാണ്‌ തിരുവനന്തപുരം നെടുമങ്ങാട്‌ പാലോട്‌ പേരയം സ്വദേശി നിരവധി പേരെ വഞ്ചിച്ച്‌ സ്ഥലം വിട്ടതായി പരാതി ഉയര്‍ന്നത്‌. ബി.ഡി.എഫില്‍ ജോലി ചെയ്യുന്ന ഇയാള്‍ 24 വര്‍ഷത്തോളമായി ബഹ്‌റൈനിലുണ്ട്‌. ആറ്‌ വര്‍ഷത്തോളമായി ചിട്ടിയും പലിശ കച്ചവടവും നടത്തുന്ന ഇയാള്‍ക്കെതിരെ വഞ്ചിക്കപ്പെട്ടവര്‍ ഇന്ത്യന്‍ എംബസിയിലും പൊലീസിലും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ്‌.

കഴിഞ്ഞ മാസം 24 വരെ ചിട്ടി നടത്തിപ്പുകാരന്‍ ബഹ്‌റൈനിലുണ്ടായിരുന്നുവത്രെ. അമ്മക്ക്‌ സുഖമില്ലാത്തതിനാല്‍ നാട്ടില്‍ പോവുകയാണെന്ന്‌ പറഞ്ഞാണ്‌ സ്ഥലം വിട്ടതെന്ന്‌ പറയുന്നു. നാട്ടിലെ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു തവണ ഫോണ്‍ എടുത്തെങ്കിലും പിന്നീട്‌ ഫോണ്‍ സ്വിച്ച്‌ ഓഫിലാണത്രെ.

പാലോട്ടെ ഇയാളുടെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു. ബഹ്‌റൈനില്‍തന്നെയുള്ള ഒരു സ്‌ത്രീയോടൊപ്പമാണ്‌ ഇയാള്‍ മുങ്ങിയതെന്നും വിവരം ലഭിച്ചതായി ചിട്ടിയില്‍ ചേര്‍ന്ന്‌ വഞ്ചിതരായവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക