Image

അഴിമതി തടയാന്‍ നിരാഹരസമരം കൊണ്ട് സാധിക്കില്ല: പ്രധാനമന്ത്രി

Published on 15 August, 2011
അഴിമതി തടയാന്‍ നിരാഹരസമരം കൊണ്ട് സാധിക്കില്ല: പ്രധാനമന്ത്രി

ഡല്‍ഹി : അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരുമെന്നും ഇതിനായി നിരാഹരസമരം നടത്തുന്നതുകൊണ്ട് കാര്യമില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി തടയാന്‍ ഒരു സര്‍ക്കാരിന്റെ അടുത്തും മാന്ത്രികദണ്ഡില്ലെന്നും ഇതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പൊരുതുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകളോട് ചിലര്‍ക്ക് എതിര്‍പ്പുള്ളതായി അറിയാം. അങ്ങനെ അഭിപ്രായവ്യത്യാസമുള്ളവര്‍ അക്കാര്യം പാര്‍ലമെന്റിലാണ് അറിയിക്കേണ്ടത്. നിയമം പാസാക്കുന്നത് പാര്‍ലമെന്റാണ്. നിരാഹാര സമരത്തിനോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ ജുഡീഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ ജൂഡീഷ്യറിയുടെ സ്വാതന്ത്യത്തെ തന്നെ ഹനിക്കലാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ജുഡീഷ്യറിയെ കൂടുതല്‍ വിശ്വാസയോഗ്യമാക്കാന്‍ ഒരു സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപുരോഗതിക്ക് പ്രധാന തടസ്സം അഴിമതിയാണ്. എന്നാല്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന രീതിയിലാവരുത് ഇതിനെതിരെയുള്ള പോരാട്ടം. രാജ്യത്തെ പൗരന്മാരുടെ വികസനത്തിന് വേണ്ടിയുള്ള പണം പോലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കീശയിലാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

ഇതിന് പുറമെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കുമെന്നും നക്‌സലിസവും തീവ്രവാദവും തടയാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുളള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 40 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ വിദേശനയതന്ത്ര വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. തുടര്‍ച്ചയായ എട്ടാം തവണയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക