Image

എസ്‌.എം.സി.സിയുടെ നേതൃത്വത്തില്‍ സാന്റാ അന്നായില്‍ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2012
എസ്‌.എം.സി.സിയുടെ നേതൃത്വത്തില്‍ സാന്റാ അന്നായില്‍ ഓണം ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: സതേണ്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാംവര്‍ഷമാണ്‌ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചത്‌.

വി. കുര്‍ബാനയ്‌ക്കുശേഷം പള്ളിയങ്കണത്തില്‍ അരങ്ങേറിയ ആഘോഷങ്ങളില്‍ ഇടവക വികാരി റവ.ഡോ അഗസ്റ്റിന്‍ പാലയ്‌ക്കാപറമ്പില്‍ ഓണസന്ദേശം നല്‍കുകയും എല്ലാവര്‍ക്കും സ്‌നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും ആശംസകള്‍ നേരുകയും ചെയ്‌തു.

കേരളത്തിന്റെ സാംസ്‌കാരിക പൈതതൃകം വിളിച്ചോതുന്ന ഓണാഘോഷവേളയില്‍ കേരളത്തനിമയില്‍ വസ്‌ത്രം ധരിച്ചാണ്‌ എല്ലാവരും എത്തിയത്‌. പൂക്കളവും നിറപറയും നിലവിളക്കും പൂത്തിരുവാതിരയും കുട്ടികളില്‍ കൗതുകമുണര്‍ത്തി. സര്‍വ്വാഢംഭര പ്രൗഢിയില്‍ രാജകിങ്കരനോടൊത്ത്‌ ഓലക്കുടയും ചൂടി എത്തിയ മാവേലിത്തമ്പുരാനെ ആര്‍പ്പുവിളികളോടെ എതിരേറ്റപ്പോള്‍, സാന്റാ അന്നാ പള്ളിയിലെ ചെണ്ടമേളക്കാര്‍ പൂക്കളത്തിന്‌ ചുറ്റും നിന്ന്‌ ശിങ്കാരിമേളം നടത്തി. തുടര്‍ന്ന്‌ ബ. അഗസ്റ്റ്യനച്ചന്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോള്‍ 450-ഓളം പേര്‍ സാക്ഷികളായി.

മാവേലിയായി ജിമ്മി ജോസഫും, രാജകിങ്കരനായി സച്ചിന്‍ സെബാസ്റ്റ്യനും തങ്ങളുടെ കഴിവ്‌ തെളിയിച്ചു. ഏഞ്ചല്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള തിരുവാതിര കളിയും, കുട്ടികളുടെ നൃത്തങ്ങളും, ഓണപ്പാട്ടുകളും, സജി പിറവത്തിന്റെ മിമിക്രിയും മനോഹരമായി. ടോമി പുല്ലാപ്പള്ളിയും ടീനയും അവതാരകരായിരുന്നു.

മുന്‍ വര്‍ഷങ്ങളിലേതുപോലെ കേരളത്തനിമയില്‍ തൂശനിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കിയത്‌ ഇരുപതോളം ഇടവകാംഗങ്ങള്‍ ചേര്‍ന്ന്‌ പള്ളിയില്‍ തന്നെയാണ്‌. ഓണസദ്യയ്‌ക്കുശേഷം കായിക മത്സരങ്ങളും എസ്‌.എം.സി.സിക്കുവേണ്ടിയുള്ള വടംവലി മത്സരവും നടന്നു. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ `കൊറോണ'യെ പരാജയപ്പെടുത്തി `ടോറന്‍സ്‌' ടീം ട്രോഫി കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ അഗസ്റ്റിനച്ചന്‍ നല്‍കി.

എസ്‌.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിലെ ടീച്ചര്‍മാരേയും പ്രത്യേകം ട്രോഫികള്‍ നല്‍കി ആദരിച്ചു. ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തില്‍ സ്വാഗതവും, സെക്രട്ടറി ബിജു വിതയത്തില്‍ നന്ദിയും പറഞ്ഞു. നാഷണല്‍ കമ്മിറ്റിക്കുവേണ്ടി എസ്‌.എം.സി.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി തോമസ്‌ ആശംകള്‍ നേരുകയും, അഗസ്റ്റ്യനച്ചന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നന്ദിയും പറഞ്ഞു. സജി പിറവം വീഡിയോഗ്രാഫിയും ജെയ്‌സണ്‍ ദൃശ്യങ്ങളും പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.
എസ്‌.എം.സി.സിയുടെ നേതൃത്വത്തില്‍ സാന്റാ അന്നായില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക