Image

എംബസി ജീവനക്കാരെ അമേരിക്ക തിരിച്ചുവിളിക്കുന്നു

Published on 16 September, 2012
എംബസി ജീവനക്കാരെ അമേരിക്ക തിരിച്ചുവിളിക്കുന്നു
വാഷിങ്ടണ്‍:മുഹമ്മദ് നബിയെ അവഹേളിക്കുന്ന അമേരിക്കന്‍ ചലച്ചിത്രത്തിനെതിരെ പ്രതിഷേധം നടക്കുന്ന സുഡാന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 'അധികമുള്ള' ജീവനക്കാരോട് രാജ്യത്തേക്ക് തിരിച്ചുവരാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. സുഡാനിലെ എംബസി ജീവനക്കാരെ ജര്‍മനി തിരിച്ചുവിളിച്ചിട്ടുണ്ട്. 

അതിനിടെ, ഖാര്‍ത്തൂമിലെ എംബസിയുടെ സുരക്ഷിതത്വത്തിനായി സേനയെ അയയ്ക്കാനുള്ള അമേരിക്കയുടെ അപേക്ഷ സുഡാന്‍ തള്ളിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഖാര്‍ത്തൂമിലെ നയതന്ത്രാലയ ഓഫീസുകള്‍ സംരക്ഷിക്കാന്‍ സുഡാന് കഴിവുണ്ടെന്നാണ് വിദേശകാര്യമന്ത്രി അലി അഹമ്മദ് കാര്‍തി അഭിപ്രായപ്പെട്ടത്. സുഡാനിലെ സംഘര്‍ഷങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് യു.എസ് വക്താവ് വിക്ടോറിയ നൂലണ്ട് അറിയിച്ചു. വെള്ളിയാഴ്ച പ്രക്ഷോഭം നടത്തിയ 3000ത്തോളം പേര്‍ ജര്‍മന്‍, അമേരിക്കന്‍, ബ്രിട്ടീഷ് എംബസികള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. 

ടുണീസിലേയും ഖാര്‍ത്തൂമിലേയും എംബസികളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളേയും അധികമുള്ള ജീവനക്കാരെയും തിരിച്ചയയ്ക്കാനാണ് അമേരിക്ക നിര്‍ദേശം നല്‍കിയതെന്ന് സിന്‍ഹ്വ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളില്‍ യാത്രചെയ്യുന്നതിനും തങ്ങളുടെ പൗരന്‍മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ടുണീസിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും മൂന്നുപേര്‍ കൊല്ലപ്പെടുകയും രോഷാകുലരായ പ്രക്ഷോഭകര്‍ അമേരിക്കന്‍ എംബസി കൈയേറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 

ടുണീസില്‍നിന്നും വാണിജ്യവിമാനങ്ങളില്‍ സ്വന്തം രാജ്യത്തേക്ക് വരാനും പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. സുഡാനിലെ ഡാര്‍ഫര്‍ മേഖലയിലും ബ്ലൂ നൈല്‍, ദക്ഷിണ കോര്‍ഡോഫാന്‍ സംസ്ഥാനങ്ങളിലും യാത്രചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. 

നേരത്തേ ലിബിയയിലെ ബെന്‍ഗാസി നഗരത്തിലെ കോണ്‍സുലേറ്റില്‍ നടത്തിയ ആക്രമണത്തില്‍ യു.എസ് സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

അതിനിടെ, നബിയെ അവഹേളിക്കുന്ന സിനിമ നിര്‍മിച്ചവരില്‍ മുഖ്യനായ കാലിഫോര്‍ണിയ സ്വദേശി നകൗല ബാസെലി നകൗല (55)യെ ലോസ് ആഞ്ജലീസ് പോലീസ് ചോദ്യംചെയ്തു. ഇയാളെ അറസ്റ്റുചെയ്തിട്ടില്ലെന്നും ഉടന്‍തന്നെ വിട്ടയയ്ക്കുമെന്നും പോലീസ് അറിയിച്ചു. ബാങ്ക് വഞ്ചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിരീക്ഷണഘട്ടത്തിലാണ് നകൗലയിപ്പോള്‍. അതിനിടെ, നകൗലയുടെ കേറിട്ടോസിലെ വീട്ടില്‍വെച്ചാണ് വിവാദ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ക്രൂ മെമ്പര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഇയാള്‍ തയ്യാറായില്ല. 

വിവാദചിത്രത്തിനെതിരെ നാലുദിവസമായി പ്രക്ഷോഭം നടക്കുന്ന ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തിന്റെ നിയന്ത്രണം പോലീസ് തിരിച്ചുപിടിച്ചു. ഇവിടെനിന്നും നൂറുമീറ്റര്‍മാത്രം ദൂരത്തിലുള്ള യു.എസ്. എംബസിയുടെ പരിസരങ്ങളില്‍നിന്നും പ്രക്ഷോഭകരെ ഒഴിപ്പിച്ചു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചിരുന്നു. നാനൂറിലധികം പ്രകടനക്കാരെ അറസ്റ്റുചെയ്തതായി പ്രധാനമന്ത്രി ഹിഷാം കാന്‍ഡില്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ നിര്‍മിച്ച ചലച്ചിത്രത്തോടുള്ള പ്രതിഷേധമായി അമേരിക്കന്‍ അംബാസഡറെ പുറത്താക്കണമെന്നാണ് ഈജിപ്തിലെ പ്രക്ഷോഭകരുടെ ആവശ്യം. 

എംബസി ജീവനക്കാരെ അമേരിക്ക തിരിച്ചുവിളിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക