Image

പ്രവാചക നിന്ദ: ദോഹ അമേരിക്കന്‍ എബസിക്കു മുമ്പില്‍ പ്രതിഷേധം നടന്നു

എം.കെ. ആരിഫ്‌ Published on 16 September, 2012
പ്രവാചക നിന്ദ: ദോഹ അമേരിക്കന്‍ എബസിക്കു മുമ്പില്‍ പ്രതിഷേധം നടന്നു
ദോഹ: പ്രവാചകന്‍ മുഹമ്മദ്‌ (സ) യെ മോശമായി ചിത്രീകരിച്ച അമേരിക്കന്‍ സിനിമയ്‌ക്കെതിരെ ഇസ്‌ലാമിക ലോകത്തോടൊപ്പം തങ്ങളുടെ ശക്തമായ പ്രതിഷേധവുമായി ഖത്തറും തെരുവിലിറങ്ങി. മദിന ഖലീഫയിലെ ഉമര്‍ ബിന്‍ അല്‍ഖത്താബ്‌ മസ്‌ജിദില്‍ നടന്ന ജുമുഅ നമസ്‌കാരശേഷം പുറത്തിറങ്ങിയ ആയിരങ്ങള്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചും ഈ സിനിമയെ ശക്തമായ ഭാഷയില്‍ അപലപിച്ചും അമേരിക്കന്‍ എംബസിയുടെ മുമ്പിലേക്ക്‌ പ്രകടനമായി നീങ്ങി.

ലോക ഇസ്‌ലാമിക പണ്ഡിത സഭയുടെ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യദ്ദീന്‍ ആല്‍ഖുറദാഗി അടക്കം നിരവധി ഇസ്‌ലാമിക പണ്ഡിതന്മാരും നേതാക്കളും റാലിക്ക്‌ നേതൃത്വം നല്‍കി. പ്രകടനത്തില്‍ രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന്‌ വനിതകളും കുട്ടികളും പ്രകടനത്തില്‍ പങ്കെടുത്തു. `അല്ലാഹുവാണ്‌ ഏറ്റവും ഉത്യുന്നന്‍', `അല്ലാഹുവല്ലാതെ ആരാധ്യനില്ല മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണ്‌', `വില്ലനായ അമേരിക്കേ അറിയുക ഞങ്ങളുടെ പ്രവാചകന്‍ വിലകുറഞ്ഞവനല്ല', `അമേരിക്കന്‍ തടവറയില്‍ കഴിയുന്ന ഖത്തറി തടവുകാരന്‍ അലി ബിന്‍ സാലഹ്‌ ആല്‍മര്‍റിയെ മോചിപ്പിക്കുക' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രകടനത്തില്‍ പങ്കെടുത്തവര്‍ കൈയിലേന്തിയിരുന്നു. സിറിയയില്‍ നിന്നുള്ളവര്‍ അമേരിക്കയോടൊപ്പം ബഷാര്‍ അല്‍അസദിനേയും ശക്തമായി അപലപിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയിരുന്നു. ആവേശം പകരുന്ന മുദ്രവാക്യങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചു കൊണ്‌ട്‌ ആവേശത്തോടെയും എന്നാല്‍ തികച്ചും സമാധാനപരമായും അമേരിക്കന്‍ എംബസിക്കു മുമ്പിലേക്ക്‌ നീങ്ങിയ പ്രകടനക്കാര്‍ എംബസിയുടെ എതിര്‍ വശത്തായി നിലയുറപ്പിച്ചു തങ്ങളുടെ പ്രതിഷേധം ശക്തമായി തന്നെ രേഖപ്പെടുത്തി.

പ്രതിഷേധ പ്രകടനം നടക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ സജീകരണങ്ങളാണ്‌ അമേരിക്കന്‍ എംബിസിക്കു ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്‌. ഏതു സാഹചര്യത്തേയും നേരിടാന്‍ സുരക്ഷാസേനകള്‍ സജ്ജരായിരുന്നു. അതേ സമയം പ്രതിഷേധ പ്രകടനത്തിന്‌ യാതൊരു ബുദ്ധിമുട്ടും ഉണ്‌ടാവാത്ത നിലയിലാണ്‌ സുരക്ഷാ സേനകള്‍ എംബസിക്ക്‌ സംരക്ഷണ തീര്‍ത്തത്‌.എല്ലാ മതങ്ങളേയും മതചിഹ്നങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ശക്തമായ അന്താരാഷ്ട്ര നിയമം ഉണ്‌ടാക്കാന്‍ അറബ്‌ ഇസ്‌ലാമിക ഭരണകര്‍കത്താക്കളും ഐക്യരാഷ്ട്ര സഭയും അന്തരാഷ്ട്ര സമൂഹവും ഉടന്‍ രംഗത്തു വരണമെന്ന്‌ ഡോ. അലി ആല്‍ഖുറദാഗി ആവശ്യപ്പെട്ടു. വിശ്വാസങ്ങളേയും അവയുടെ ചിഹ്നങ്ങളേയും അപകീര്‍ത്തിപ്പെടുന്നത്‌ തുടരുവോളും ഇസ്‌ലാമിക ലോകവും പാശ്ചാത്യ ലോകവും തമ്മിലുള്ള ഭിന്നതകളും അവിശ്വാസവും വര്‍ധിക്കുക മാത്രമേ ചെയ്യുകയുള്ളു. ഇത്തരം സാഹചര്യങ്ങള്‍ അവധാനതയോടെ നേരിടാന്‍ ഭരണ കര്‍ത്താക്കള്‍ക്ക്‌ കഴിയേണ്‌ടതുണ്‌ട്‌. സെപ്‌റ്റംബര്‍ ആക്രമണത്തിന്റെ അതേ സമയത്തു തന്നെ ഇത്തരം നീചമായ ഒരു സിനിമ പുറത്തിറക്കിയതിന്റെ പിന്നിലുള്ള നീചമായ ലക്ഷ്യങ്ങളും നാം കാണാതിരുന്നു കൂടാ അദ്ദേഹം ചൂണ്‌ടിക്കാണിച്ചു.

നേരത്തെ ഉമര്‍ ബിന്‍ ഖത്താബ്‌ മസ്‌ജിദില്‍ നടന്ന ജുമുഅ ഖുത്‌ബയ്‌ക്ക്‌ ലോക ഇസ്‌ലാമിക പണ്ഡിതസഭാ അധ്യക്ഷന്‍ ഡോ. യൂസുഫ്‌ ആല്‍ഖര്‍ദാവി നേതൃത്വം നല്‍കി. പ്രവാചകനെ നീചമായി ചിത്രീകരിച്ച സിനിമക്കെതിരെ പ്രവാചകന്റെ യഥാര്‍ഥ സന്ദേശങ്ങളും അധ്യാപനങ്ങളും ലോകത്തിന്‌ പരിചയപ്പെടുത്തുന്ന സിനിമകളും ടെലിവിഷന്‍ പരിപാടികളും നിര്‍മിക്കാന്‍ ഇസ്‌ലാമിക ലോകം മുന്നോട്ടു വരണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള ചില ചെറുപ്പക്കാരുടെ ശ്രമങ്ങളെ ഖത്തര്‍ സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത മഹത്തായ ഒരു ജീവിതവും ചര്യയും നമുക്കു നല്‍കിയാണ്‌ പ്രവാചകന്‍ നമ്മോടു വിടവാങ്ങിയത്‌. ലോകം മുഴുവന്‍ ഇസ്‌ലാമിക സമൂഹം വ്യാപിച്ചിട്ടുണ്‌ട്‌. എല്ലാ അടിസ്ഥാന സൗകര്യങ്ങളും നമുക്കുണ്‌ട്‌. അവ ഫലപ്രദമായി ഉപയോഗിക്കാന്‍ എല്ലാ ഇസ്‌ലാമിക രാജ്യങ്ങളും മുന്നോട്ടു വരണം.

എല്ലാ മര്യാദകളും ലംഘിക്കുന്ന ഈ നീചമായ ഈ ചിത്രം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും ചിത്രത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അമേരിക്കയോടാവശ്യപ്പെട്ടു. പ്രവാചകന്മാരേയും അവരുടെ അധ്യാപനങ്ങളേയും അധിക്ഷേപിക്കുന്നതില്‍ യാതൊരു ക്രിയാത്മകതയുമില്ല മറിച്ച്‌ അത്‌ ധാര്‍മിക മൂല്യങ്ങള്‍ക്കും മാനവികതക്കും എതിരാണ്‌ ഷെയ്‌ഖ്‌ ഖര്‍ദാവി ചൂണ്‌ടിക്കാണിച്ചു.

ഖര്‍ദാവിയുടെ വികാരനിര്‍ഭരമായ ഖുതുബയക്കു ശേഷം പൂര്‍വേഷ്യന്‍ രാജ്യത്തു നിന്നുള്ള ഒരാള്‍ മസ്‌ജിദില്‍ ഇസ്‌ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഡോ. അലി ആല്‍ഖുറദാഗിയാണ്‌ അദ്ദേഹത്തിന്‌ ശഹാദത്ത്‌ (പ്രതിജ്ഞാവാചകം) ചൊല്ലിക്കൊടുത്തത്‌. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അത്‌ പൂര്‍വാധികം ശക്തിപ്പെടുകയാണ്‌ ചെയ്യുന്നത്‌ എന്നതിനുള്ള ഉദാഹരണമാണ്‌ ഇതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാചക നിന്ദ: ദോഹ അമേരിക്കന്‍ എബസിക്കു മുമ്പില്‍ പ്രതിഷേധം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക