Image

ന്യൂയോര്‍ക്കിലെ കാതോലിക്കാ ശതാബ്‌ദി ആഘോഷങ്ങള്‍ സമാപിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 15 September, 2012
ന്യൂയോര്‍ക്കിലെ കാതോലിക്കാ ശതാബ്‌ദി ആഘോഷങ്ങള്‍ സമാപിച്ചു
സഫേണ്‍ (ന്യൂയോര്‍ക്ക്): മാര്‍ത്തോമാ ശ്ലീഹാ പകര്‍ന്നു നല്‍കിയ വിശ്വാസദീപ്തി രണ്ടു സഹസ്രാബ്ദത്തിലൂടെ ചൈതന്യധന്യമാക്കിയ പാരമ്പര്യത്തിന്റെ പതാകകളുമേന്തി കാതോലിക്കാ ശതാബക്കദി ആഘോഷങ്ങള്‍ സമാപിച്ചു.

സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, കൊച്ചി ഭദ്രാസനാധിപനും ശതാബ്ദി ആഷോഷ കമ്മിറ്റി ചെയര്‍മാനുമായ ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പൊലീത്ത, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പൊലീത്ത, വൈദികര്‍, ഭദ്രാസന നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റാലി ഹോട്ടലിലെ ബാങ്ക്വറ്റ് ഹാളില്‍ പ്രവേശിച്ചതോടെ ഭദ്രാസനത്തിലെ കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദിയുടെ സമാപനം കുറിക്കുന്ന സമ്മേളനത്തിനു തുടക്കമായി. എംസി ഫാ. പൗലോസ് പീറ്റര്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. പരിശുദ്ധ ബാവയുടെ പ്രാരംഭ പ്രാര്‍ഥനയ്ക്കു ശേഷം കാലം ചെയ്ത എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരി. അബൂനാ പൗലോസിനു വേണ്ടിയും പ്രാര്‍ഥന നടന്നു. റെജി പാപ്പനും ഫാ. തോമസ് പോളും നേതൃത്വം നല്‍കിയ ഗായക സംഘം അമേരിക്കന്‍ ദേശീയ ഗാനവും ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

സ്വാഗത പ്രസംഗം നടത്തിയ ഭദ്രാസനാധിപന്‍ മാര്‍ നിക്കോളോവോസ് മാര്‍ത്തോമാ പാരമ്പര്യത്തിന്റെ പ്രത്യേകതകളിലേക്കും വിരല്‍ചൂണ്ടി. പ്രസിഡന്റ് ബറാക് ഒബാമയുടെ ആശംസാ സന്ദേശം വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ വായിച്ചു. സഭയുടെ വിശ്വാസവും പാരമ്പര്യവും അമേരിക്കയുടെ വിശ്വാസ ജീവിതത്തെ സമ്പന്നമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. സഭയുടെ സേവനങ്ങളെയും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു. യുഎസ് കോണ്‍ഗ്രസ് വുമണ്‍ നിറ്റി ലോവിയുടെ സന്ദേശവും വായിക്കുകയുണ്ടായി.

സഭയോടുള്ള കൂറും വിശ്വാസവും ഫാ. എം.കെ. കുര്യാക്കോസ് ചൊല്ലിക്കൊടുത്തത് വിശ്വാസ സമൂഹം ഏറ്റുചൊല്ലി. തോമാശ്ലീഹായുടെ വിശ്വാസ ധീരത ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

നവംബര്‍ 25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സമ്മേളനത്തോടെ ശതാബ്ദി ആഘോഷം സമാപിക്കും. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനു പുറമെ ദലൈലാമയും സമ്മേളനത്തിന് എത്തുമെന്ന് കരുതുന്നു.

വൈദേശികാധിപത്യത്തിന്റെ അവസാനത്തെ നുകവും വലിച്ചെറിഞ്ഞ ചരിത്രത്തിനാണ് നൂറുവയാസുകുന്നതെന്ന് മാര്‍ ദിമിത്രിയോസ് അനുസ്മരിച്ചു. ക്രിസ്തുവിന്റെ പ്രശാന്തിയും കാരുണ്യവുമാണ് പരി. ബാവായുടെ മുഖത്ത് താന്‍ കാണുന്നതെന്ന് കോപ്റ്റിക് ആര്‍ച്ച് ഡയോസിസിലെ സീനിയര്‍ വൈദികന്‍ ഫാ. മോയിസസ് ബൊഗ്ദാദി പറഞ്ഞു.

നൂറുവര്‍ഷം മുമ്പ് തങ്ങളുടെ സഭ റഷ്യന്‍ ഭാഷയില്‍ ആയിരുന്നു ആരാധന നടത്തിയതെന്ന് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ അമേരിക്ക ചാന്‍സലര്‍ വെരി. റവ. ജോണ്‍ ജില്ലിയന്‍സ് പറഞ്ഞു. ഇപ്പോഴത് ഇംഗ്ലീഷായി മാറി. തങ്ങള്‍ നേരിട്ട അതേ പ്രതിസന്ധിയൊക്കെ നിങ്ങളും നേരിട്ടേക്കും. എന്നാല്‍ ദൈവാഭിമുഖമായി പോകുമ്പോള്‍ നന്മയും പാരമ്പര്യങ്ങളും നിലനിര്‍ത്താനാവും.

സെന്റ് ടിക്കോണ്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ഡീന്‍ വെരി. റവ. അലക്‌സാണ്ടര്‍ ആറ്റിയും ആശംസകള്‍ നേര്‍ന്നു. ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ സഭയുടെ പൈതൃകത്തെപ്പറ്റി സംസാരിച്ചു. ഭദ്രാസന സെക്രട്ടറി എം.കെ. കുര്യാക്കോസ് നന്ദി പറഞ്ഞു. ഫാ. തോമസ് പോളും സംഘവും കാതോലിക്കേറ്റ് ഗാനം പാടി.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചി, റോക്‌ലന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍മാരായ ആനി പോള്‍, ഫ്രാങ്ക് സ്പരാക്കോ, സഫേണ്‍ വില്ലേജ് ട്രസ്റ്റി ചാള്‍സ് ഫാല്‍സിഗ്ലിയ തുടങ്ങിയവരും പ്രസംഗിച്ചു. കൗണ്ടി എക്‌സിക്യൂട്ടീവ് വാന്‍ഡര്‍ ഹോപ്പിന്റെ സന്ദേശം ഫിലിപ്പോസ് ഫിലിപ്പ് വായിച്ചു. തന്റെ സ്വതസിദ്ധമായ ഭാഷയില്‍ ഫിലിപ്പോസ് ഫിലിപ്പ് മലയാളത്തില്‍ സഭാ പിതാക്കന്മാരെയും സഭയ്ക്കു വേണ്ടി ധീരമായി പോരാടിയവരെയും അനുസ്മരിച്ചു സംസാരിച്ചു.

പരി. ബാവായുടെ അപ്പസ്‌തോലിക് ആശീര്‍വാദത്തോടെ ചടങ്ങുകള്‍ സമാപിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി. ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളായ ഫാ. എം.കെ. കുര്യാക്കോസ്, ഫാ. പൗലോസ് പീറ്റര്‍, ഫാ. തോമസ് പോള്‍, ഫാ. ഷിബു ദാനിയേല്‍, ഫാ. ആന്‍ഡ്രൂ ദാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശേരില്‍, കോരസണ്‍ വര്‍ഗീസ്, ഷാജി വര്‍ഗീസ്, ഡോ. സാഖ് സഖറിയ, ഫാ. ഡാനിയേല്‍ പുല്ലേലില്‍, പോള്‍ കറുകപ്പള്ളില്‍, വര്‍ഗീസ് പോത്താനിക്കാട്, ജോര്‍ജ് തുമ്പയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ന്യൂയോര്‍ക്കിലെ കാതോലിക്കാ ശതാബ്‌ദി ആഘോഷങ്ങള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക