Image

ക്രൈസ്തവ- മുസ്‌ലിം സാഹോദര്യത്തിനു മാര്‍പാപ്പയുടെ ആഹ്വാനം

Published on 15 September, 2012
ക്രൈസ്തവ- മുസ്‌ലിം സാഹോദര്യത്തിനു മാര്‍പാപ്പയുടെ ആഹ്വാനം
ബെയ്‌റൂട്ട്: പശ്ചിമേഷ്യയില്‍ ക്രൈസ്തവ- മുസ്‌ലിം സാഹോദര്യത്തിനു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം. ഭിന്ന മതവിശ്വാസങ്ങള്‍ സ്വീകരിച്ചവരുടെ സംഗമഭൂമിയായ പശ്ചിമേഷ്യ, മനുഷ്യമഹത്വത്തെ ആദരിക്കണമെന്നും സമാധാനത്തോടെ ആരാധന നടത്താനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചു. 

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു വെള്ളിയാഴ്ച ലബനനിലെത്തിയ മാര്‍പാപ്പ ഇന്നലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാഷ്ട്രീയ- മതനേതാക്കളോടു സംസാരിക്കുകയായിരുന്നു. ജനങ്ങള്‍ പ്രതികാര മനോഭാവം ഉപേക്ഷിക്കാനും തെറ്റുകള്‍ അംഗീകരിച്ച് ഉപാധികളില്ലാതെ പരസ്പരം ക്ഷമിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. 

പ്രസിഡന്റ്മിഷേല്‍ സുലൈമാന്റെ കൊട്ടാരത്തിലേക്കുള്ള പാതയുടെ ഇരുവശ വും കുട്ടികളുള്‍പ്പെടെ പതിനായിരങ്ങളാണു മാര്‍പാപ്പയെ ഒരു നോക്കുകാണാന്‍ കാത്തുനിന്നത്. അവരില്‍ ഈജിപ്തുകാരും ഇറാക്കുകാരും ജോര്‍ദാന്‍കാരും പലസ്തീന്‍കാരുമുണ്ടായിരുന്നു. 1997-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ലബനനിലെത്തുന്നത്. 

പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ആദ്യം പ്രസിഡന്റ് മിഷേല്‍ സുലൈമാനുമായും പിന്നീട് പ്രധാനമന്ത്രി നജീബ് മിക്കാതി, പാര്‍ലമെന്റ് സ്പീക്കര്‍ നബിബ് ബറി എന്നിവരുമായും കുശല സംഭാഷണം നടത്തി. ലബനനില്‍ 65 ശതമാനം മുസ്‌ലിംകളും ബാക്കി ക്രൈസ്തവരുമാണുള്ളത്. 

സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. മനുഷ്യ മഹത്വത്തെ അംഗീകരിച്ചു കൊണ്ടാവണം സമാധാന നിര്‍മിതി നടത്തേണ്ടത്- മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. 

ഇന്നു രാവിലെ ബെയ്‌റൂട്ട് നഗരത്തിലെ തുറന്ന വേദിയില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം മാര്‍പാപ്പ വത്തിക്കാനിലേക്കു മടങ്ങും. 

ക്രൈസ്തവ- മുസ്‌ലിം സാഹോദര്യത്തിനു മാര്‍പാപ്പയുടെ ആഹ്വാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക