Image

പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍ (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 14 September, 2012
പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍ (മൊയ്‌തീന്‍ പുത്തന്‍ചിറ)
പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന്‌ അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ്‌ ലഭിക്കുക. മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന്‌ സെപ്‌തംബര്‍ 11 സംഭവം പോലെ ഇസ്ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌.

ഇത്തരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നവരും പ്രസിദ്ധീകരിക്കുന്നവരും പെട്ടെന്നുള്ള പണവും പ്രശസ്‌തിയുമാകാം ആഗ്രഹിക്കുന്നത്‌. സിനിമയോ ലേഖനങ്ങളോ വിവാദമാക്കുന്നതോടെ, പ്രത്യേകിച്ച്‌ അത്‌ ഇസ്ലാമുമായി ബന്ധമുള്ളതാണെങ്കില്‍, നല്ല വിപണനമൂല്ല്യമാണ്‌ ഇക്കാലത്തുള്ളത്‌. ഇത്തരം വിപണന സാധ്യത ലക്ഷ്യം വെച്ചാകാം ചിലരുടെ പ്രവാചകവിരുദ്ധ പ്രകടനങ്ങള്‍.

മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരേയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്‌ത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട്‌ പ്രായോഗികമായി സംഭവിക്കുന്നത്‌ പ്രവാചകന്റെ പേരും പ്രശസ്‌തിയും വര്‍ദ്ധിക്കുകയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ പഠിക്കാന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുക. ഇസ്ലാമിന്റെ പ്രചാരണത്തില്‍ അസൂയയുള്ള സയണിസ്റ്റുകളെപ്പോലുള്ള ചില ശത്രു വിഭാഗങ്ങളും ഈ പ്രചാരണങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. പ്രതിയോഗികള്‍ക്ക്‌ ആയുധങ്ങള്‍ കൊടുത്ത്‌ തമ്മിലടിപ്പിക്കാന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക്‌ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ അധികം സമയം വേണമെന്നില്ല.

ക്രിമിനല്‍ സ്വഭാവമുള്ളവരും മാനസികവൈകല്യമുള്ളവരും കുറ്റകൃത്യങ്ങള്‍ ചെയ്‌ത്‌ പല പ്രാവശ്യം ജയില്‍ വാസമനുഭവിച്ചവരുമായ ഒരു അമേരിക്കക്കാരന്‍ നിര്‍മ്മിച്ച `ഇന്നസന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌' എന്ന സിനിമ തന്നെ ഉദാഹരണമായിട്ടെടുക്കാം. ഈ സിനിമ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നും, ലോകമൊട്ടാകെ വ്യാപരിച്ചുകിടക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കും ഇതര പൗരന്മാര്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമായി അറിയാമായിരുന്നിട്ടും അമേരിക്കന്‍ ഭരണാധികാരികള്‍ ഈ സിനിമയ്‌ക്ക്‌ അംഗീകാരം നല്‍കിയതുതന്നെ തെറ്റ്‌.

പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ വ്യക്തിത്വം?ആരുടെയെങ്കിലും ചില പൊള്ള വാദങ്ങള്‍കൊണ്ട്‌ തകരുന്നതല്ല. അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിനെതിരെയുള്ള എല്ലാ പ്രചാരവേലകളും ഇസ്ലാമിനും മുസ്ലീങ്ങള്‍ക്കും ഉപകാരമാകുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സെപ്‌തംബര്‍ 11 സംഭവത്തിനുശേഷം ലോകത്ത്‌ ഇസ്ലാമിന്റെ പ്രചാരം വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌.

പ്രവാചകന്‍ ഉന്നതമായ മനോദാര്‍ഢ്യത്തിനുടമയായിരുന്നു. മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ്‌ അദ്ദേഹം നിയോഗിക്കപ്പെട്ടത്‌. പ്രസ്‌തുത ഉത്തരവാദിത്വത്തെക്കുറിച്ച്‌ ഉത്തമ ബോധ്യമുള്ളവനായിരുന്നു പ്രവാചകന്‍. അതിനാല്‍ തന്നെ ശത്രുക്കളുടെ വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക്‌ അദ്ദേഹം ഒരു പരിഗണനയും നല്‍കിയില്ല. സധീരം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അങ്ങനെ അല്ലാഹു പ്രവാചക വചനങ്ങള്‍കൊണ്ട്‌ കാഴ്‌ചയില്ലാത്ത കണ്ണുകള്‍ക്ക്‌ കാഴ്‌ച നല്‍കി. ബധിരമായ കാതുകളെ അത്‌ തുറപ്പിച്ചു. അടപ്പിട്ട ഹൃദയങ്ങളില്‍ അത്‌ തിരയിളക്കമുണ്ടാക്കി.

പ്രവാചകന്‍ ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ ആരോപണങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്‌. എന്നാല്‍, തിന്മയെ തിന്മകൊണ്ട്‌ നേരിടുകയെന്നത്‌ പ്രവാചക മാതൃകയായിരുന്നില്ല. അവിവേകികള്‍ വാദകോലാഹലത്തിന്‌ വന്നാല്‍ `നിങ്ങള്‍ക്ക്‌ സമാധാനം' എന്നുമാത്രം പറഞ്ഞൊഴിയണമെന്നാണ്‌ അദ്ദേഹം പഠിപ്പിച്ചിരിക്കുന്നത്‌.

യേശുകൃസ്‌തുവിനെ നിന്ദിക്കുകയും ക്രൈസ്‌തവ സഭയെ അവഹേളിക്കുകയും ക്രൈസ്‌തവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത ഭാരതത്തിലും പാക്കിസ്ഥാനിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്‌. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ക്രൈസ്‌തവര്‍ ഉയര്‍ത്തെഴുന്നേല്‌ക്കുകയും സംഘടിതമായി അക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ക്രൈസ്‌തവ സഭ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. അതുപോലെ മുസ്ലീങ്ങള്‍ക്കും പ്രവാചകനും ഇസ്ലാം സമുദായത്തിനും നേരെയുള്ള അക്രമങ്ങള്‍ക്ക്‌ സല്‍ഫലങ്ങളും ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മുസ്ലീങ്ങളില്‍ ഐക്യബോധം വര്‍ദ്ധിക്കുകയും പ്രതികരണശേഷി ഉണര്‍ത്തുകയും ചെയ്യുന്നുവെന്നതാണ്‌. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ്‌ സമുദായം ഇത്ര ഐക്യത്തോടെ പ്രശ്‌നങ്ങളോട്‌ പ്രതികരിക്കാറുള്ളത്‌. ഈ ഐക്യബോധം വളര്‍ത്തി അത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുക എന്നതാണ്‌ മുസ്ലീങ്ങള്‍ ചെയ്യേണ്ടത്‌.

പ്രവാചകനെതിരെ അപവാദപ്രചരണങ്ങള്‍ നടക്കുന്നത്‌ ആധുനിക മീഡിയകള്‍ വഴിയാണ്‌. അതുകൊണ്ടുതന്നെ ആധുനിക മീഡിയകള്‍, പ്രത്യേകിച്ച്‌ സിനിമയും സോഷ്യല്‍ നെറ്റുവര്‍ക്കുകളും, ശ്രദ്ധിക്കലും അവയിലൂടെ ഇതിന്‌ മറുപടി നല്‍കലും അനിവാര്യമാണെന്ന്‌ മുസ്ലീങ്ങള്‍ക്ക്‌ ബോധ്യപ്പെടാനിത്‌ സഹായകരമായിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ അനുവദനീയമോ അല്ലയോ എന്ന ചര്‍ച്ചകള്‍ക്കപ്പുറത്ത്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ ചുവടു വെക്കാന്‍ മുസ്ലീങ്ങളെ നിര്‍ബ്ബന്ധിതരാക്കിയിട്ടുണ്ട്‌. സാധാരണ വളരെ നിഷ്‌ക്രിയരായ അറബ്‌ ജനതയും അറബ്‌ സര്‍ക്കാറുകളും ഉണരാനും ഇത്‌ കാരണമായിട്ടുണ്ട്‌. സൗദി അറേബ്യയെ പോലുള്ള രാഷ്ട്രങ്ങള്‍ നയതന്ത്രത്തില്‍തന്നെ ചില നടപടികള്‍ എടുക്കുകയുണ്ടായി. മറ്റു മിക്ക രാഷ്ട്രങ്ങളിലും യുവാക്കള്‍ തെരുവിലിറങ്ങാനും ഇതു കാരണമായിട്ടുണ്ട്‌. ലിബിയയില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാന്‍?നമുക്ക്‌ പ്രാര്‍ത്ഥിക്കാം.
പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍ (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക