Image

പ്രവാചക നിന്ദ: മസ്‌കറ്റിലെ അമേരിക്കന്‍ എംബസിക്കും സുരക്ഷ

Published on 14 September, 2012
പ്രവാചക നിന്ദ: മസ്‌കറ്റിലെ അമേരിക്കന്‍ എംബസിക്കും സുരക്ഷ
മസ്‌കത്ത്‌: പ്രവാചകനെ അവഹേളിക്കുന്ന അമേരിക്കന്‍ ചലച്ചിത്രം ലോകമെമ്പാടും പ്രതിഷേധങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കെ മസ്‌കത്തിലെ അമേരിക്കന്‍ എംബസിക്കും സുരക്ഷ ശക്തമാക്കി. ലിബിയ, ഈജിപ്‌ത്‌, യമന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്ക്‌ നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ മസ്‌കത്തിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയത്‌. വ്യാഴാഴ്‌ച ഒമാനി യുവാക്കളുടെ ഒരു സംഘം എംബസി പരിസരത്തേക്ക്‌ പ്രകടനം നടത്താന്‍ ശ്രമിച്ചെങ്കിലും റോയല്‍ ഒമാന്‍ പൊലീസ്‌ ഇവരെ ഗ്രാന്‍ഡ്‌ ഹയാത്ത്‌ ഹോട്ടല്‍ പരിസരത്ത്‌ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. മാധ്യമപ്രവര്‍ത്തകരെയും ഈ ഭാഗത്തേക്ക്‌ പ്രവേശിക്കാന്‍ അനുവദിച്ചില്ല. പ്രവാചകനെയും, മുസ്ലിം സമൂഹത്തെയും സ്‌ത്രീലമ്പടന്‍മാരായും, സ്വവര്‍ഗരതിക്കാരായും, കുട്ടികളെ ലൈംഗികദാഹം ശമിപ്പിക്കാന്‍ ഉപയോഗിക്കുന്നവരുമായി ചിത്രീകരിക്കുന്ന സിനിമ അമേരിക്കയിലെ സയണിസ്റ്റ്‌ ശക്തികള്‍ അഞ്ച്‌ ദശലക്ഷം ഡോളര്‍ മുടക്കി ചിത്രീകരിച്ചതാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലെ സാം ബാസില്‍ എന്ന ഇസ്രായേല്‍ വംശജനാണ്‌ ചിത്രത്തിന്‍െറ നിര്‍മാതാവ്‌. ചലച്ചിത്രം വന്‍ വിവാദമായതോടെ കഴിഞ്ഞദിവസം ലിബിയയിലെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടു. യു.എസ്‌ അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീഫന്‍സ്‌ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടു. `ഇന്നസന്‍സ്‌ ഓഫ്‌ മുസ്ലിംസ്‌' എന്ന്‌ പേരിട്ട സിനിമ അറബിയിലേക്ക്‌ മൊഴിമാറ്റി യൂട്യൂബിലുമെത്തിയതോടെ, ഈജിപ്‌തിലും, യമനിലുും അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കെതിരെ ജനം തിരിഞ്ഞു.

ഈജിപ്‌തിലെയും ലിബിയയിലെയും രാഷ്ട്രീയത്തില്‍ ഇസ്ലാമിക കക്ഷികള്‍ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തില്‍ മുസ്ലിംകള്‍ ക്രിസ്‌ത്യാനികളുടെയും യഹൂദരുടെയും ശത്രുവാണെന്ന സന്ദേശം പ്രചരിപ്പിക്കാനാണ്‌ സിനിമ വളരെ സുവ്യക്തമായി ശ്രമിക്കുന്നത്‌. പ്രവാചകന്‍െറ ചിത്രം വരക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഇസ്ലാമിക വിരുദ്ധമായിരിക്കെ ഖുര്‍ആന്‍ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കി അക്രമം നടത്തുന്ന കഥാപാത്രത്തെ പ്രവാചകന്‍ മുഹമ്മദ്‌ എന്ന പേരില്‍ തന്നെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്‌. ചിത്രങ്ങളിലെ 13 മിനിറ്റ്‌ രംഗങ്ങള്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതും മത വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളോടെ. മനുഷ്യന്‍ ഇസ്ലാം സ്വീകരിക്കുന്നതോടെ മൃഗമായി മാറുമെന്നും അതുകൊണ്ട്‌ മനുഷ്യരില്‍ നിന്ന്‌ ഇസ്ലാമിക വിശ്വാസം മാറ്റണമെന്നും ഒരു ക്രിസ്‌ത്യന്‍ കുടുംബനാഥന്‍ മക്കളെ പഠിപ്പിക്കുന്ന രംഗം ക്രിസ്‌തുമത വിശ്വാസികളെ പോലും അവഹേളിക്കുന്നതായി പോയെന്ന്‌ ചിത്രത്തിന്‍െറ ക്‌ളിപ്പിങ്‌ കണ്ടവര്‍ പറയുന്നു. ഈജിപ്‌തിലെ ക്രിസ്‌ത്യന്‍ സമൂഹത്തെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുകയാണ്‌ ചിത്രത്തിന്‍െറ ലക്ഷ്യമെന്ന്‌ സിനിമയുടെ കഥാപശ്ചാത്തലം പോലും വ്യക്തമാക്കുന്നുണ്ട്‌. പ്രവാചകനെയും ബിലാല്‍ ഉള്‍പ്പെടെയുള്ള അനുചരന്‍മാരെയും കോമാളി വേഷത്തില്‍ സിനിമയില്‍ കാണിക്കുന്നുമുണ്ട്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പ്രവാചകനെ അവഹേളിക്കുന്നവിധം പുറത്തുവന്ന കാര്‍ട്ടുണ്‍ സൃഷ്ടിച്ച കോലാഹലങ്ങളേക്കാള്‍ രൂക്ഷമായിരിക്കും സിനിമയോടുള്ള പ്രതിഷേധമെന്ന്‌ പല രാജ്യങ്ങളിലും നടന്ന ആദ്യ പ്രതികരണങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.
പ്രവാചക നിന്ദ: മസ്‌കറ്റിലെ അമേരിക്കന്‍ എംബസിക്കും സുരക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക