Image

`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

കുഞ്ഞൂസ്‌ Published on 11 September, 2012
`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു
`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' The way she is venerated in love

പ്രണയമില്ലാത്ത മനസ്സില്‍ ജീവിതത്തിന്‍റെ പുതിയ പ്രകാശങ്ങള്‍ തെളിയുന്നില്ല. പുതിയ പ്രഭാതത്തെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങളോ ഊര്‍ജ്ജസ്വലമായ ചിന്തയോ ഉണ്ടാവുന്നില്ല. കാണുന്നതിനും കേള്‍ക്കുന്നതിനുമപ്പുറം സങ്കല്‍പ്പലോകം പണിതുയര്‍ത്താന്‍ പറ്റുന്നതാണ്‌ പ്രണയം. പ്രണയിനികള്‍ക്ക്‌ ഏതൊക്കെ ലോകത്തിലൂടെ വേണമെങ്കിലും സഞ്ചരിക്കാം. ഫ്രെയിമുകളില്‍ നിന്നും നിറഞ്ഞൊഴുകുന്ന സ്വപ്‌നസാമ്രാജ്യമാണത്‌. പ്രണയം ഒരു സൃഷ്ടിയാണ്‌. സമൂഹനിര്‍മ്മിതമായ വിവാഹത്തില്‍ പ്രണയം ഇല്ലാതാവുന്നതായും അവിടെ കടമകളും കടപ്പാടുകളും മേല്‍ക്കോയ്‌മകളും ആധിപത്യം ഉറപ്പിക്കുന്നതായും പൊതുവെ കാണപ്പെടുന്നു . പ്രണയത്തില്‍ വാഴ്‌ത്തപ്പെടലുണ്ട്‌ .... ഭൂമിയില്‍ ഒതുങ്ങാതെ , അതിന്റെ നിയമങ്ങളില്‍ നിന്നുമുള്ള കുതറി പോകലുണ്ട്‌. ഭാരമില്ലാത്ത ഒരവസ്ഥയെ പ്രാപിക്കലുണ്ട്‌. പ്രണയത്തിലാവുന്നതോടെ ലോക നിയമങ്ങളില്‍ നിന്നും ഉയര്‍ന്നു പോകുന്ന സ്‌ത്രീ മനസ്സിന്റെ സ്വാതന്ത്ര്യം , ചിന്തകള്‍ പങ്കു വെക്കുന്ന ചിത്രമാണ്‌ 'പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' . നവീന കാലത്തെ ആഴവും പരപ്പും ജൈവീകതയും നഷ്ടപ്പെട്ട പ്രണയത്തെ ആവിഷ്‌കരിക്കുന്ന ചിത്രം. സൈബര്‍ ലോകത്തിനടിപ്പെട്ട പുതുതലമുറയെക്കുറിച്ചാണ്‌ പറയുന്നതെങ്കിലും പകിട്ടുള്ള ദൃശ്യങ്ങളും കാവ്യാത്മകമായ പദപ്രയോഗങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ ഈ ചിത്രം. വാക്കുകളില്‍ കുരുങ്ങിപ്പോകാതെ പ്രമേയത്തെ തീര്‍ത്തും നവ്യമായ ദൃശ്യാനുഭവമാക്കാനുള്ള സംവിധായകന്റെ ശ്രമം വിജയകരമായിട്ടുണ്ട്‌. പതിവു പശ്ചാത്തലസംഗീതത്തിന്റെ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായി, കഥ കടന്നു പോകുന്ന പശ്ചാത്തലങ്ങളും മുഹൂര്‍ത്തങ്ങളിലെ വികാരങ്ങളും സാര്‍ത്ഥകമാക്കാന്‍ വ്യത്യസ്‌തമായ സംഗീതവും കൂട്ടിനുണ്ട്‌.

മികച്ച ടെലിസിനിമ, തിരക്കഥ, സംവിധാനം, സംഗീതം, കലാസംവിധാനം എന്നിങ്ങിനെ നാല്‌ കേരള സംസ്ഥാന അവാര്‍ഡുകളും ഇംഫാല്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡും കൊല്‍ക്കൊത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ നല്ല ഹൃസ്വ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കിയ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ തിയറ്റര്‍ വിദ്യാര്‍ത്ഥിനിയും അമച്വര്‍ നാടകരംഗത്ത്‌ സജീവ സാന്നിദ്ധ്യവുമായ സുരഭിയും തിരുവനന്തപുരം 'അഭിനയ' നാടക സംഘത്തിലെ പ്രതീഷുമാണ്‌. കേരളത്തിന്റെ വിവിധഭാഗങ്ങളിലും അനേകം ഫിലിം ഫെസ്റ്റിവലുകളിലും ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു.

സൃഷ്ടിയുടെ പൂര്‍ണത നിലനിര്‍ത്തുന്നത്‌ പ്രണയമാണ്‌. പുരുഷന്‍ , പുരുഷനാകുന്നത്‌ സ്‌ത്രീ അംഗീകരിക്കുമ്പോള്‍ മാത്രവും സ്‌ത്രീ , സ്‌ത്രീയാവുന്നത്‌ പുരുഷന്‍ അംഗീകരിക്കുമ്പോള്‍ മാത്രവുമാണ്‌. അങ്ങിനെയൊന്നില്ലാതെ വരുമ്പോള്‍ തന്റെ പൂര്‍ണതയെന്തെന്നും തന്നിലെ സ്‌ത്രീയുടെയോ പുരുഷന്റെയോ ചൈതന്യമെന്തെന്നും സ്വയം അറിയാതെ പോകും. ആ തിരിച്ചറിവിലാണ്‌, അംഗീകരിക്കലിലാണ്‌ അവള്‍ വാഴ്‌ത്തപ്പെടുന്നത്‌.വ്യവസ്ഥാപിതമായ സാമൂഹിക നിയമങ്ങളില്‍ നിന്നും അവള്‍ ശരിക്കും സ്വന്തന്ത്രയാക്കപ്പെടുകയാണോ അതോ അനിശ്ചിതത്വത്തിലേക്ക്‌ കൂപ്പു കുത്തുകയാണോ... കാണികളില്‍ ഭ്രമാത്മകമായ ഒരു തലം സൃഷ്ടിക്കുന്നു ഈ സിനിമ. പ്രണയത്തിലാവുമ്പോള്‍ പുരുഷനും സ്‌ത്രീയും വ്യത്യസ്‌തമായ ഏകാന്തതയിലേക്കാണ്‌ എത്തിച്ചേരുന്നത്‌ . പുരുഷന്റെ പ്രണയം നിസ്സഹായതയുടെ ശൂന്യതയിലേക്കും സ്‌ത്രീയുടേത്‌ സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേക്കും. സജിത ക്രിയേഷന്‍സിന്റെ ബാനറില്‍ സഞ്‌ജു മാധവ്‌ നിര്‍മ്മിച്ച്‌ , മണിലാല്‍ സംവിധാനം ചെയ്‌ത ' പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടും വിധം' എന്ന ഹൃസ്വചിത്രം മുന്നോട്ടു വെക്കുന്ന പ്രമേയം ഇതാണ്‌. മനുഷ്യരെ ഏകാന്തരും അരക്ഷിതരും നിസ്സഹായരുമാക്കുന്ന പുതിയ ലോകക്രമത്തില്‍ മനുഷ്യന്റെ ഏകാന്തതയെ ഈ സിനിമ അഭിസംബോധന ചെയ്യുന്നു. പ്രണയത്തെ സമര്‍പ്പണവുമായി ബന്ധപ്പെടുത്തിയാണ്‌ ഈ സിനിമയുടെ കഥ വികസിക്കുന്നത്‌. സദാചാരം ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍വരകളേയും മായ്‌ച്ചു കളയാന്‍ പ്രണയ മൂര്‍ച്ഛകള്‍ക്കാവുമെന്ന്‌ ഈ സിനിമ സമര്‍ത്ഥിക്കുന്നു. പ്രണയങ്ങളില്‍ സംഭവിച്ചേക്കാവുന്ന പ്രലോഭനങ്ങളും സാദ്ധ്യതകളുമാണ്‌ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ 15 നു ടോറൊന്റോയില്‍ പ്രശസ്‌ത സാഹിത്യകാരനായ സഖറിയായുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹിത്യ ശില്‌പശാലയോടനുബന്ധിച്ചു ഈ ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്‌.

`മഴയോടൊപ്പം മായുന്നത്‌' എന്ന തന്റെ അടുത്ത ഹൃസ്വചിത്രത്തിന്റെ സംവിധാനത്തിന്റെയും ഷൂട്ടിങ്ങിന്റെയും തിരക്കിലാണ്‌ ഇപ്പോള്‍ മണിലാല്‍ .

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
മണിലാല്‍ : മൊബൈല്‍ 91 944 738 0651
email:manilalbodhi@gmail.com
Blog: http://marjaaran.blogspot.com
`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു`പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടുന്ന വിധം' ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക