Image

എമര്‍ജിങ് കേരള: സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കരുത് സംവാദ സദസ്സ്

Published on 12 September, 2012
എമര്‍ജിങ് കേരള: സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കരുത് സംവാദ സദസ്സ്
മനാമ: എമര്‍ജിങ് കേരള പദ്ധതിയെക്കുറിച്ച് പ്രവാസികളുടെ ആശയും ആശങ്കയും പങ്കുവെച്ച് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച സംവാദ സദസ്സ് ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടി വാദങ്ങളും പ്രദിവാദങ്ങളുംകൊണ്ട് സജീവമായി. നിയന്ത്രണവും കാഴ്ചപ്പാടുമില്ലാതെ ഭൂമി വിറ്റുതുലക്കുന്ന പദ്ധതികള്‍ കേരളത്തെ നശിപ്പിക്കുമെന്ന് സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. തലമുറകള്‍ക്ക് വേണ്ടി സൂക്ഷിച്ചുവെക്കേണ്ട നാടിന്റെ പ്രകൃതി സമ്പത്തുകള്‍ മുതലാളിത്ത താല്‍പര്യത്തിനു വഴങ്ങി നശിപ്പിക്കുന്നതിന് പകരം സുസ്ഥിര വികസന പദ്ധതികള്‍ ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണപക്ഷ എം.എല്‍.എ.മാര്‍ക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്ത ദുരൂഹ പദ്ധതികളാണ് എമര്‍ജിങ് കേരളിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് എസ്.വി. ബഷീര്‍ പറഞ്ഞു. വികസന പദ്ധതികള്‍ പലപ്പോഴും വഴിപാടായി മാറുന്ന അവസ്ഥയാണ് കേരളത്തിലെന്ന് രാജീവ് വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. പദ്ധതികളിലൂടെ കോര്‍പറേറ്റ് ബന്ധങ്ങള്‍ നേടാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍, മറുഭാഗത്ത് പലപ്പോഴും രാഷ്ട്രീയ പ്രേരിതമായ എതിര്‍പ്പുകളാണുണ്ടാകുന്നത്. കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുകയും പദ്ധതികള്‍ സുതാര്യമാക്കുകയും വേണം. ചില നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറാകാതെ കേരളത്തിന് വികസന വിഷയത്തില്‍ ഒന്നും നേടിയെടുക്കാന്‍ കഴിയില്ലെന്ന് അസ്ലം കളത്തില്‍ പറഞ്ഞു. നിക്ഷേപകര്‍ ലാഭം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെങ്കിലും വികസന പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കുന്ന ശൈലി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ച് എഴുന്നെള്ളിച്ച ‘ജിം’ വഴി ഏത് പദ്ധതിയാണ് കേരളത്തില്‍ നടപ്പിലായതെന്ന് മൊയ്തീന്‍ പാലക്കല്‍ ചോദിച്ചു. സാധാരണക്കാര്‍ക്ക് സ്വപ്നങ്ങള്‍ വില്‍ക്കുന്നത് രാഷ്ട്രീയക്കാര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ വികസന പദ്ധതികളെ രാഷ്ട്രീയ പ്രേരിതമായി എതിര്‍ത്ത് തോല്‍പിക്കുന്നതുകൊണ്ടാണ് ഇന്നും മലയാളികള്‍ പ്രവാസ ലോകത്ത് കഴിയേണ്ടി വരുന്നതെന്ന് ബിനു കുന്നന്താനം പറഞ്ഞു. ജനങ്ങള്‍ അതിജീവനത്തിനായി സമരം ചെയ്യേണ്ടി വരുമ്പോഴും സ്ഥാപിത താല്‍പര്യക്കാരുടെ വന്‍കിട പദ്ധതികള്‍ എമര്‍ജിങ് കേരളയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫിറോസ് തിരുവത്ര പറഞ്ഞു. രാഷ്ട്രീയ കക്ഷികളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് അരാഷ്ട്രീയ പ്രവണതയാണെന്ന് ജനാര്‍ധനന്‍ ചൂണ്ടിക്കാട്ടി. ഒരു തരത്തിലുള്ള പഠനവും നടത്താതെയാണ് കേരളത്തെ വിറ്റു നശിപ്പിക്കുന്ന പദ്ധതികള്‍ എമര്‍ജിങ് കേരളയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എമര്‍ജിങ് കേരളക്കുവേണ്ടി ഭൂമി വില്‍ക്കുകയില്ല എന്ന വാഗ്ദാനം വിശ്വസിക്കാന്‍ പറ്റുകയില്ലെന്ന് റഫീഖ് അബ്ദുല്ല പറഞ്ഞു. മുതലാളിത്ത ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതികള്‍ വേണ്ടെന്നുവെക്കാനുള്ള ഇഛാശക്തി കാണിക്കണമെന്ന് അനില്‍ വേങ്കോട് പറഞ്ഞു. ദീര്‍ഘ വീക്ഷണമില്ലാതെ നടപ്പിലാക്കുന്ന പദ്ധതികള്‍ ചെറുത്തു തോല്‍പിക്കേണ്ടത് മണ്ണിനേയും മനുഷ്യനേയും സ്‌നേഹിക്കുന്നവരുടെ കടമയാണെന്ന് ജമാല്‍ മാട്ടൂല്‍ പറഞ്ഞു. ലത്തീഫ് ആയഞ്ചേരി, മുഹമ്മദ് അബ്ദുറഹ്മാന്‍, സി. ഖാലിദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗഫൂളിലെ കെ.ഐ.ജി. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നജീര്‍ വിഷയം അവതരിപ്പിച്ചു. ഷാനവാസ് മോഡറേറ്ററായിരിന്നു.

എമര്‍ജിങ് കേരള: സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കരുത് സംവാദ സദസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക