Image

18 കഴിഞ്ഞ പ്രവാസി പുരുഷന്‍മാര്‍ക്ക്‌ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ നിര്‍ബന്ധം

Published on 11 September, 2012
18 കഴിഞ്ഞ പ്രവാസി പുരുഷന്‍മാര്‍ക്ക്‌ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ നിര്‍ബന്ധം
ദോഹ: ഖത്തറില്‍ നിന്ന്‌ വിദേശ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന 18 വയസ്സുകഴിഞ്ഞ എല്ലാ പ്രവാസി പുരുഷന്‍മാര്‍ക്കും എക്‌സിറ്റ്‌ പെര്‍മിറ്റ്‌ നിര്‍ബന്ധമാണെന്ന്‌ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. റെസിഡന്‍റ്‌ വിസയിലുള്ളവരോ സന്ദര്‍ശകവിസയില്‍ 30 ദിവസത്തിലധകം രാജ്യത്ത്‌ തങ്ങിയവരോ ആയ 18 വയസ്സ്‌ കഴിഞ്ഞ പ്രവാസി പുരുഷന്‍മാര്‍ രാജ്യം വിടുന്നതിന്‌ മുമ്പ്‌ നിര്‍ബന്ധമായും എക്‌സിറ്റ്‌ പെര്‍മിറ്റ്‌ എടുത്തിരിക്കണം. പിതാവിന്‍െറയോ ഭര്‍ത്താവിന്‍െറയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള സ്‌ത്രീകള്‍ക്ക്‌ ഇത്‌ ബാധകമല്ല. എന്നാല്‍, സ്വദേശികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള സ്‌ത്രീകള്‍ക്ക്‌ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ നിര്‍ബന്ധമാണ്‌.

എല്ലാവിധ എക്‌സിറ്റ്‌ പെര്‍മിറ്റുകളും ആഭ്യന്തര മന്ത്രാലയത്തിന്‍െറ സേവനകേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ട്‌ പാസ്‌പോര്‍ട്‌സ്‌ വകുപ്പ്‌, ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ്‌, ഇഗവണ്‍മെന്‍റ്‌ വെബ്‌സൈറ്റ്‌ എന്നിവ വഴി എടുക്കാന്‍ കഴിയുമെന്ന്‌ ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ ബോര്‍ഡര്‍ പാസ്‌പോര്‍ട്‌സ്‌ ആന്‍റ്‌ എക്‌സ്‌പാട്രിയേറ്റ്‌സ്‌ അഫയേഴ്‌സ്‌ (ജി.ഡി.ബി.പി.ഇ.എ) അസിസ്റ്റന്‍റ്‌ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ്‌ അഹമദ്‌ അല്‍ അതീഖ്‌ അറിയിച്ചു. എയര്‍പോര്‍ട്ട്‌ പാസ്‌പോര്‍ട്‌സ്‌ വകുപ്പില്‍ നിന്ന്‌ മാത്രമേ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ എടുക്കാനാവൂ എന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിറ്റ്‌ പെര്‍മിറ്റ്‌ വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും ലഭ്യമാക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കകം എക്‌സിറ്റ്‌ പെര്‍മിറ്റ്‌ ലഭിക്കും. സ്വദേശികളായ കുട്ടികളുടെ എക്‌സിറ്റ്‌ പെര്‍മിറ്റിനുള്ള അപേക്ഷാ ഫോറം മന്ത്രാലയത്തിന്‍െറ വെബ്‌സൈറ്റില്‍ ലഭിക്കും. ഇത്‌ രക്ഷിതാവ്‌ പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ രക്ഷിതാവിന്‍െറ ഒറിജിനല്‍ ഖത്തരി ഐ.ഡിയും കുട്ടിയുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ടും സഹിതമാണ്‌ സമര്‍പ്പിക്കേണ്ടത്‌.

പേഴ്‌സണല്‍ സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക്‌ വേണ്ടി സ്‌പോണ്‍സറും കമ്പനി സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക്‌ വേണ്ടി കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധിയുമാണ്‌ എക്‌സിറ്റ്‌ പെര്‍മിറ്റിന്‌ അപേക്ഷ നല്‍കേണ്ടതെന്ന്‌ എയര്‍പോര്‍ട്ട്‌ പാസ്‌പോര്‍ട്‌സ്‌ വിഭാഗം തലവന്‍ മേജര്‍ നാസര്‍ അല്‍ ഹുമൈദി വിശദീകരിച്ചു. ഏഴ്‌ ദിവസമാണ്‌ എക്‌സിറ്റ്‌ പെര്‍മിറ്റിന്‍െറ കാലാവധി. ഒപ്പമുള്ള ആണ്‍കുട്ടികള്‍ 18 വയസ്സിന്‌ മുകളിലുള്ളവരാണെന്ന കാര്യം മറന്ന്‌ അവര്‍ക്ക്‌ എക്‌സിറ്റ്‌പെര്‍മിറ്റെടുക്കാതെയാണ്‌ പല പ്രവാസികളും വിമാനത്താവളത്തിലെത്തുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്ക്‌ തൊട്ടുമുമ്പുണ്ടാകുന്ന ഇത്തരം പ്രായാസങ്ങള്‍ ഒഴിവാക്കുന്നതിന്‌ 18 വയസ്സ്‌ കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക്‌ എക്‌സിറ്റ്‌ പെര്‍മിറ്റുണ്ടെന്ന്‌ രക്ഷിതാക്കള്‍ മുന്‍കൂട്ടി ഉറപ്പാക്കിയിരിക്കണം.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിനുള്ളില്‍ എക്‌സിറ്റ്‌ പെര്‍മിറ്റ്‌ നല്‍കുന്നതിന്‌ പ്രത്യേക ഓഫീസ്‌ പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ അല്‍ ഹുമൈദി പറഞ്ഞു. എന്നാല്‍, ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്‌ പുറത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓഫീസില്‍ എക്‌സിറ്റ്‌ പെര്‍മിറ്റിന്‌ അപേക്ഷിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

സ്വദേശികളും വിദേശികളും നടപടിക്രമങ്ങള്‍ കഴിവതും ഓണ്‍ലൈനായി പൂര്‍ത്തിയാക്കി സമയനഷ്ടം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന്‌ ലഭ്യമായിരിക്കുമെന്നും അല്‍ ഹുമൈദി അറിയിച്ചു. റെസിഡന്‍റ്‌ പെര്‍മിറ്റിന്‍െറ കാലാവധി, പാസ്‌പോര്‍ട്ടിന്‍െറ കാലാവധി തുടങ്ങിയ കാര്യങ്ങള്‍ എക്‌സിറ്‌ പെര്‍മിറ്റിന്‌ അപേക്ഷിക്കുന്നതിന്‌ മുമ്പ്‌ പരിശോധിച്ചിരിക്കണം. ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. ഓണ്‍ലൈനില്‍ തന്നെ ഈ വിവരങ്ങള്‍ പുന:പരിശോധിക്കുകയും ചെയ്യും. അപേക്ഷകര്‍ക്ക്‌ സ്‌മാര്‍ട്ട്‌കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓണ്‍ലൈനായി തന്നെ ഒപ്പിടാനും സൗകര്യമുണ്ട്‌. ഇത്തരം കേസുകളില്‍ എമിഗ്രേഷന്‍ ജീവനക്കാരുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ എക്‌സിറ്റ്‌പെര്‍മിറ്റ്‌ അനുവദിച്ചതുസംബന്ധിച്ച വിവരം താനേ ലഭ്യമാകുമെന്നും അധികൃതര്‍ വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക