Image

ഫഹദ്‌ ഫാസിലും മെട്രോ സിനിമയും

Published on 07 September, 2012
ഫഹദ്‌ ഫാസിലും മെട്രോ സിനിമയും
കഴിഞ്ഞു പോയ ഓണക്കാലം മലയാള സിനിമയോട്‌ പറയുന്ന ഒരു യഥാര്‍ഥ്യമുണ്ട്‌. പഴകി ദ്രവിച്ച ഫോര്‍മുലകള്‍ക്ക്‌ ഇനി മലയാളത്തില്‍ സ്ഥാനമില്ലെന്ന്‌. സിംഹാസനം, താപ്പാന, മിസ്റ്റര്‍ മരുമകന്‍, ഫ്രൈഡേ എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. ആശ്വാസം പോലെ ജോഷി ചിത്രമായ റണ്‍ ബേബി റണ്‍ തരക്കേടില്ലാത്ത കളക്ഷന്‍ നേടുന്നുണ്ടെങ്കിലും മികച്ചൊരു അഭിപ്രായം സൃഷ്‌ടിച്ചിട്ടില്ല.

ഈ വര്‍ഷം ഏറെ ചര്‍ച്ചയായി മാറിയ ഓര്‍ഡിനറിയും 22 ഫീമെയില്‍ കോട്ടയവും, ഉസ്‌താദ്‌ ഹോട്ടലും, തട്ടത്തിന്‍ മറയത്തും സൃഷ്‌ടിച്ച വിജയപരമ്പരകളുടെ ബാക്കിയാവാന്‍ ഓണ ചിത്രങ്ങളില്‍ ഒന്നിനുപോലും കഴിയുമെന്ന്‌ തോന്നുന്നുമില്ല. ഇവിടെയാണ്‌ മലയാള സിനിമയുടെ മാറിയ സാഹചര്യങ്ങളെ അഥവാ ന്യൂജനറേഷന്‍ സിനിമാതരംഗത്തെ പരിശോധിക്കേണ്ടത്‌. എന്തുകൊണ്ട്‌ മലയാള സിനിമയുടെ സ്ഥിരം ഫോര്‍മാറ്റുകള്‍ തഴയപ്പെടുകയും ഒരു ന്യൂജനറേഷന്‍ തരംഗം രൂപപ്പെടുകയും ചെയ്യുന്നു.

എല്ലാക്കാലത്തും സിനിമയില്‍ പുതുതരംഗങ്ങള്‍ പിറവിയെടുക്കാറുണ്ട്‌. ഭരതനും പത്മരാജനുമൊക്കെ ഒരു കാലത്ത്‌ ഇങ്ങനെ മാറ്റത്തിന്റെ വക്താക്കളായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവരാണ്‌. എന്നാല്‍ പൊതുവില്‍ മലയാള സിനിമ അനുവര്‍ത്തിച്ചു പോരുന്ന എല്ലാ സങ്കല്‌പങ്ങളെയും പൊളിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി വരുന്നുവെന്നതാണ്‌ ഇപ്പോഴുള്ള പ്രത്യേകത.

എപ്പോഴും തിന്മയുടെ ഭാഗമായി നില്‍ക്കുന്ന വില്ലന്‍മാര്‍, നന്മയുടെ സര്‍വ്വലക്ഷണങ്ങളോടും കൂടിയ നായകന്‍ - ഇവര്‍ തമ്മിലുള്ള സംഘടനം. ഇത്‌ തന്നെയായിരുന്നു മിക്ക മലയാള സിനിമകളുടെയും അടിസ്ഥാന പ്രമേയം. പിന്നെ സ്ഥിരം പ്രണയസിനിമകളും, മിമിക്രി കോമഡികളും. ഇതില്‍ ചുറ്റിപ്പറ്റി നിന്ന മലയാള സിനിമക്ക്‌ ഇപ്പോള്‍ വ്യക്തമായൊരു ദിശാബോധം ലഭിച്ചിരിക്കുന്നു. ഈ ബോധമെന്നത്‌ മലയാള സിനിമയിലേക്ക്‌ ചെറിയ തോതിലെങ്കിലും കടന്നു വരുന്ന രാഷ്‌ട്രീയമാണ്‌.

പൊതുവെ നായകനും വില്ലനും തമ്മിലുള്ള സംഘടനത്തിനും അപ്പുറം വര്‍ത്തമാനകാല രാഷ്‌ട്രീയം പറയുന്നതില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കാറാണ്‌ മലയാള സിനിമയുടെ പതിവ്‌. കേരളത്തില്‍ ഏറ്റവും അരാഷ്‌ട്രീയ വല്‍കരിക്കപ്പെട്ട മാധ്യമം സിനിമയായിരുന്നു എന്നു വേണമെങ്കിലും പറയാം. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമ പതിവ്‌ തെറ്റിക്കുകയാണ്‌. മലയാള സിനിമകളിലും സാമുഹിക രാഷ്‌ട്രീയം കടന്നു വരുന്നു. നിസഹാനായ മനുഷ്യന്റെ, നന്മയുടെ വേറിട്ട ശബ്‌ദങ്ങളുടെ, പണാധികാരത്തിനു മുമ്പില്‍ പതറിപ്പോകുന്ന സമൂഹത്തിന്റെ രാഷ്‌ട്രീയം പറഞ്ഞുകൊണ്ടാണ്‌ സമീപകാലത്ത്‌ ഒരുകൂട്ടം സിനിമകള്‍ കടന്നു വന്നത്‌.

ട്രാഫിക്ക്‌, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ചാപ്പാക്കുരിശ്‌, ഉസ്‌താദ്‌ ഹോട്ടല്‍, ട്രാഫിക്ക്‌, ഈ അടുത്തകാലത്ത്‌, സ്‌പിരിറ്റ്‌, ഇന്ത്യന്‍ റുപ്പി, പ്രണയം എന്നീ സിനിമകളാണ്‌ ഇതില്‍ പ്രധാനം. ഈ സിനിമകളുടെയൊക്കെ പ്രത്യേകത ഇതൊരു ന്യൂജനറേഷന്‍ ആഖ്യാന ശൈലിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു എന്നതാണ്‌. എന്നുവെച്ചാല്‍ മലയാള സിനിമയുടെ സ്ഥിരം ഫോര്‍മുലയില്‍ പെടുന്ന അഖ്യാന രീതികള്‍ ഉപയോഗിക്കാതെയിരിക്കുകയും സ്ഥിരം കഥകള്‍ അവലംബിക്കാതിരിക്കുകയും ചെയ്‌തു. ഇത്‌ പ്രേക്ഷകരില്‍ പുതിയൊരു സിനിമാ അനുഭവം സൃഷ്‌ടിച്ചുവെന്ന്‌ മനസിലാക്കണം. ആദ്യം ഈ പ്രേക്ഷക സമൂഹം ചെറുതായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവര്‍ വളര്‍ന്ന്‌ വലിയൊരു ഓഡിയന്‍സ്‌ ബാങ്കായി മാറിയിരിക്കുന്നു.

ന്യൂജനറേഷന്‍ സിനിമകള്‍ക്ക്‌ പ്രേക്ഷകര്‍ വര്‍ദ്ധിക്കുന്നതിന്‌ കാരണം ഈ സിനിമകളിലൂടെ പുതിയ സ്റ്റാര്‍ ഐക്കണായി മാറിയ ഫഹദ്‌ ഫാസിലിനെ നോക്കുമ്പോള്‍ മനസിലാക്കുവുന്നതേയുള്ളു. മലയാളത്തിന്റെ പതിവ്‌ നായക സങ്കല്‌പമായിരുന്നില്ല ഫഹദിന്റേത്‌. പൗരുഷത്തിന്റെ പ്രതീകമായി അയാള്‍ എവിടെയും അവതരിപ്പിക്കപ്പെട്ടില്ല. പക്ഷെ വര്‍ത്തമാനകാല സമൂഹത്തിന്റെ റിയലിസ്റ്റിക്ക്‌ ഭാവങ്ങളെ അയാള്‍ ഉള്‍ക്കൊണ്ടു. അല്ലെങ്കില്‍ അയാളുടെ കഥാപാത്രങ്ങള്‍ ഉള്‍ക്കൊണ്ടു. പത്തുപേരെ ഇടിച്ചിടുന്ന ഒരു കഥാപാത്രവും അയാള്‍ തിരഞ്ഞെടുത്തുമില്ല. അയാളുടെ നായകന്‍മാരൊന്നും മരംചുറ്റി പ്രേമം നടത്തുന്നുമില്ല.

ചാപ്പുകുരിശിലെ അര്‍ജ്ജുന്‍ പ്രണയം നടിച്ച്‌ ഒരു യുവതിയെ ലൈഗീകമായി ഉപയോഗിച്ച്‌ വഞ്ചിക്കാന്‍ ശ്രമിക്കുന്നവനാണ്‌. 22 ഫീമെയില്‍ കോട്ടയത്തിലെ സിറിളാവട്ടെ എല്ലാ തിന്മകളുടെയും ആള്‍രൂപമാണ്‌. എന്നിട്ടും അയാള്‍ തന്നെയാണ്‌ സിനിമയിലെ നായകന്‍. ഡയമണ്ട്‌ നെക്‌ലൈസിലെത്തുമ്പോള്‍ അയാള്‍ ജീവിതം മാനേജ്‌ ചെയ്യാനറിയാതെ പരാജയപ്പെട്ടവനാണ്‌.

വര്‍ത്തമാനകാല മലയാളി സമൂഹത്തിന്റെ മെട്രോ സങ്കല്‌പങ്ങളെ ഇതുപോലെയൊക്കെ ഫഹദ്‌ ഫാസില്‍ അയാളുടെ ശരീരഭാഷകൊണ്ടും മാനറിസങ്ങള്‍കൊണ്ടും കഥാപാത്രങ്ങള്‍ക്കൊണ്ടും വെള്ളിത്തിരയിലെത്തിക്കുന്നു. പൊതുവില്‍ മെട്രോയാവാന്‍ കൊതിക്കുന്ന ഒരു യുവത്വം തങ്ങളുടെ ഫസ്‌ട്രേഷനും, പ്രണയവും, സെക്‌സും, വയലന്‍സും, ആഘോഷവുമെല്ലാം ഫഹദ്‌ ഫാസിലില്‍ കാണുന്നു. ഹീറോയില്‍ പൃഥ്വിരാജ്‌ ചെയ്യുന്നതുപോലെയുള്ള ഒരു ഇടിയന്‍ കഥാപാത്രമോ, ഹാപ്പിഹസ്‌ബന്റ്‌സില്‍ ജയസൂര്യയുടേത്‌ പോലെ ഒരു സ്ഥിരം കോമഡി പറയുന്ന കഥാപാത്രമോ നമ്മുടെ വര്‍ത്തമാന സമൂഹത്തിലില്ല. അത്‌ പുതിയ യുവത്വത്തിന്‌ പ്രത്യേകിച്ചും മമതയൊന്നും തോന്നാത്ത കഥാപാത്രങ്ങളാണ്‌. എന്നാല്‍ ഫഹദ്‌ ഫാസിലിന്റെ കഥാപാത്രങ്ങള്‍ അങ്ങനെയല്ല. ആ കഥാപാത്രങ്ങളിലൂടെ പുതിയ തലമുറയിലെ യുവത്വം തങ്ങളെ കാണുന്നുണ്ട്‌. അവിടെയാണ്‌ ഫഹദ്‌ ഫാസില്‍ വിജയിക്കുന്നത്‌. അങ്ങനെ അയാള്‍ മലയാളി സമൂഹത്തിന്റെ മെട്രോ സങ്കല്‌പങ്ങളെ യാഥാര്‍ഥ്യമാക്കുന്നു.

മലയാളി തീര്‍ച്ചയായും ഒരു മെട്രോ ലോകത്തെ ഇച്ഛിക്കുന്നുവെന്നതാണ്‌ ഈ തരംഗത്തില്‍ നിന്നും മനസിലാക്കേണ്ടത്‌. മെട്രോയെന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം കൊച്ചിയില്‍ ഒതുങ്ങുന്നുവെങ്കിലും എവിടെയും യുവത്വം മെട്രോയുടെ പരിവേഷങ്ങളെ ആഗീകരണം ചെയ്യുന്നു. കേരളീയ സമൂഹത്തിന്റെ പ്രത്യേകത തന്നെയാണിത്‌. ഏത്‌ ഗ്രാമങ്ങളില്‍ പോലും ന്യൂജനറേഷന്‍ കമ്മ്യൂണിക്കേഷന്‍ മാധ്യമങ്ങള്‍ കേരളത്തില്‍ കടന്നു വന്നിരിക്കുന്നു. ചെറുപ്പക്കാരുടെ ഇടയിലാണ്‌ സ്വാഭാവികമായും ഇതിന്‌ വ്യാപകമായി പ്രചാരമുണ്ടായിരിക്കുന്നത്‌. ഉയര്‍ന്ന സാക്ഷരത പുലര്‍ത്തുന്ന കേരളത്തിലെ യുവജനത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്ക്‌ ഒഴുകിയതോടെ പുതുമകളെ എന്തിനെയും കൈയ്യെത്തിപ്പിടിക്കാനുള്ള താത്‌പര്യം പ്രകടമായി. ഇവിടെ ചെറുപ്പക്കാരുടേതായ സ്വപ്‌നങ്ങളും നിരാശകളും മാറിയ കാലഘട്ടത്തിലേതാണ്‌.

ഈ സ്വപ്‌നങ്ങളെയും നിരാശകളെയും പ്രണയത്തെയും വയലന്‍സിനെയും ദൃശ്യവല്‍കരിക്കുകയും അതിലെ നായക ബിംബമായി സ്വയം മാറുകയും ചെയ്‌തതാണ്‌ ഫഹദ്‌ ഫാസില്‍ എന്ന പുത്തന്‍ താരനിര്‍മ്മിതിക്ക്‌ പിന്നില്‍. അതുകൊണ്ടു തന്നെ ഫഹദ്‌ ഫാസില്‍ വരാന്‍ പോകുന്ന മലയാള സിനിമയുടെ കുതിപ്പില്‍ പ്രധാന പന്തയക്കുതിര തന്നെയായിരിക്കും. ഒപ്പം മലയാള സിനിമയില്‍ ഇനിയൊരു നവീകരണത്തിന്റെ കാലമാണെന്ന്‌ ധൈര്യമായി ഉറപ്പിച്ചു പറയുകയും ചെയ്യാം.
ഫഹദ്‌ ഫാസിലും മെട്രോ സിനിമയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക