Image

ഇറ്റലിയില്‍ ജനച്ചതോ കുറ്റം? - മാത്യു മൂലേച്ചേരില്‍

മാത്യു മൂലേച്ചേരില്‍ Published on 07 September, 2012
ഇറ്റലിയില്‍ ജനച്ചതോ കുറ്റം? - മാത്യു മൂലേച്ചേരില്‍
ലോകത്തില്‍ എല്ലാവരും ഓരോ സ്ഥലങ്ങളില്‍ ജനിക്കുന്നു. എന്നാല്‍ ഇന്നത്തെ ആഗോള സാമ്പത്തീക വ്യവസ്തിയില്‍ ജീവിതം തള്ളിവിടുന്ന മനുഷ്യരില്‍ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ അവര്‍ ജനിച്ച സ്ഥലത്തുതന്നെ അവരുടെ ജീവിതാന്ത്യം വരെ ജീവിക്കുവാന്‍ സാധിക്കുന്നുള്ളൂ. ഇന്ന് നമ്മള്‍ മലയാളികളില്‍ നല്ലൊരു ശതമാനവും വിദേശനാടുകളില്‍ കടന്നുപോയ് ജോലിചെയ്യുന്നവരും ജീവിക്കുന്നവരുമാണ്. ചിലര്‍ കടന്നുപോകുന്ന നാടുകളില്‍ കണ്ടുമുട്ടുന്ന ഇണകളെ വിവാഹം കഴിച്ച് അതാതു നാടുകളില്‍ തന്നെ ഒതിങ്ങിക്കൂടുന്നു. മറ്റുചിലര്‍ അവര്‍ ചെന്നെത്തുന്ന നാടിനെ ഇഷ്ടപ്പെട്ടും, മറ്റു പലവിധമായ സാഹചര്യങ്ങള്‍ കൊണ്ടും അവരായിരിക്കുന്ന നാട്ടിലെ പൌരത്വം സ്വീകരിച്ചു ആ നാടിനെ സ്‌നേഹിച്ചു ജീവിക്കുന്നു. എന്നാല്‍ ആരോക്കെയെവിടെപ്പോയാലും അവര്‍ക്ക് അവര്‍ പിറന്നുവീണ അവരുടെ നാടിനോട് ഒരു പ്രത്യേക സ്‌നേഹം ഉള്ളിന്റെ ഉള്ളില്‍ കരുതിവെയ്ക്കുകയും ചെയ്യും. അത് അവരുടെ ഒരു കുറ്റമായ് വിധിയെഴുന്നത് ഭോഷത്വം എന്നല്ലാതെ പറയുവാന്‍ സാധ്യമല്ല.
ഇറ്റലിയിലെ ഒരു കൊച്ചു ഗ്രാമമായ കൊണ്ട്രാടാ മൈനിയില്‍ മേസ്തിരി ജോലികള്‍ ചെയ്തു കുടുംബം നിലനിര്‍ത്തിയിരുന്ന സ്‌റ്റെഫാനോ മൈനയ്ക്കും പോളയ്ക്കും 1946 ഡിസംബര്‍ 9 നു ജനിച്ച സോണിയ സുന്ദരിയും പഠിക്കുവാന്‍ മിടുക്കിയുമായിരുന്നു. 1964ല്‍ ഇംഗ്‌ളീഷ് പഠിക്കുവാനായ് കേംബ്രിഡ്ജിലുള്ള ബെല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സ്‌കൂളില്‍ ചേര്‍ന്നു. അവിടുത്തെ ഭാരിച്ച ചിലവുകള്‍ എല്ലാം പിതാവായ സ്‌റെഫാനോയ്ക്ക് താങ്ങുവാന്‍ പറ്റുമായിരുന്നില്ല. ആയതിനാല്‍ അവിടെയടുത്തുള്ള ഒരു ഹോട്ടെലില്‍ (ഗ്രീക്ക് റെസ്‌റ്റോറെന്റായ വാഷ്‌സിറ്റി റെസ്‌റ്റോറെന്റ് ) വെയിട്ട്രസ്സിന്റെ ജോലികള്‍ ചെയ്തു ജീവിക്കുകയും പഠിക്കുകയും ചെയ്തു പോന്നു. സോണിയയുടെ പിതാവ് സ്‌റ്റെഫാനോ ഇന്ന് ജീവിച്ചിരിപ്പില്ല 1983 ല്‍ അദ്ദേഹം അവരെ വിട്ടുപിരിഞ്ഞു. മാതാവും രണ്ടു സഹോദരിമാരും ഇപ്പോഴും ഈ കൊച്ചു പട്ടണത്തില്‍ ജീവിക്കുന്നു.
1965 ല്‍ ഇറ്റലിയിലെ കേംബ്രിഡ്ജു സര്‍വകലാശാലയ്ക്ക് കീഴിലുള്ള ട്രിനിറ്റി കോളേജില്‍ പഠനത്തിനായെത്തിയ ശ്രീ.രാജീവ് ഗാന്ധി, ഒരു ദിവസം ഭക്ഷണം കഴിക്കുവാനായ് സോണിയ ജോലിചെയ്തിരുന്ന വാഷ്‌സിറ്റിയില്‍ ചെന്നു. അവിടെ വെച്ച് അവര്‍ പരസ്പരം കണ്ടുമുട്ടുവാനും ഇഷ്ടപ്പെടുവാനും ഇടയായ്. ആ ബന്ധം വളര്‍ന്നു അവരുടെ വിവാഹത്തില്‍ എത്തി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരികെയെത്തിയ രാജീവ് മുത്തച്ഛന്റെയും മാതാവിന്റെയും രാഷ്ട്രീയ പാത പിന്തുടരാതെ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയി ജോലിയില്‍ ചേര്‍ന്നു. സോണിയ ഉത്തമയായ ഒരു കുടുംബിനിയായ് ശാന്തമായ ജീവിതവും നയിച്ചു. 1980ല്‍ സഞ്ജയ് ഗാന്ധിയുടെ മരണശേഷം അക്കാലത്തുണ്ടായിരുന്ന കൊണ്‌ഗ്രെസ്സ് നേതാക്കളുടെ ആവശ്യപ്രകാരം ആണ് രാജീവ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഭര്‍ത്താവിന്റെ കൈപിടിച്ച് അദ്ദേഹത്തിന്റെകൂടെ യാത്രകളിലും ഒക്കെ പങ്കെടുത്തിരുന്നു കൂടാതെ 1984 ല്‍ മേനക ഗാന്ധിയ്‌ക്കെതിരെ പ്രസ്താവനകളും മീറ്റിങ്ങുകളും ഒക്കെ നടത്തുകയും ചെയ്തു, അതല്ലാതെ കാര്യമായ ഒരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സോണിയ നടത്തിയിരുന്നില്ല. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണശേഷം കൊണ്‌ഗ്രെസ്സിനെ മുന്‍പോട്ടു നയിക്കുവാന്‍ കഴിവും ജനസമ്മതവും ഉള്ള ഒരു വ്യക്തിയെ തേടി നേതാക്കള്‍ നടന്നു. അവരുടെ അന്വേഷണത്തിനൊടുവില്‍ അവരുടെ ശ്രദ്ധ സോണിയയില്‍ ചെന്നെത്തുകയും അവരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി സോണിയ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും ചെയ്തത്. അന്നുമുതല്‍ തുടങ്ങി അവരെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങള്‍!
ഇന്ന് ഭാരതത്തില്‍ അനേകര്‍ അവരുടെ മുഖത്തേയ്ക്കു ഓരോ ദിനവും ചെളി വാരിയെറിഞ്ഞു രസിക്കുന്നു. സോണിയ ഇലെക്ഷനില്‍ മത്സരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ പൌരത്വം ഇല്ലെന്നു പറഞ്ഞായിരുന്നു ആദ്യത്തെ പ്രചാരണങ്ങള്‍. എന്നാല്‍ 1983 ഏപ്രില്‍ 27 മുതല്‍ ഇന്ത്യന്‍ പൌരത്വം ഉള്ളവള്‍ ആയിരുന്നു അവര്‍. ഒരു രാജ്യത്തെ പൌരത്വം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് ആ രാജ്യത്ത് എല്ലാവിധമായ അവകാശങ്ങളും ഉണ്ട്. ഇലെക്ഷനില്‍ മത്സരിക്കുവാന്‍ പോലും. എന്നാല്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങളും എതിര്‍ രാഷ്ട്രീയക്കാരും ഈ വിഷയം അതീവ ഗൌരവം കൊടുത്ത് പ്രചരിപ്പിച്ചു. ഏതായാലും അവര്‍ ഒരു ഇന്ത്യക്കാരന്റെ ഭാര്യയാണെന്നു പോലുമുള്ള കാര്യം അവര്‍ വിസ്മരിച്ചു. നമ്മുടെ ഭാരതത്തില്‍ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു മറ്റൊരു കുടുംബത്തെയ്ക്ക് അയച്ചാല്‍ പിന്നെ അവള്‍ അവളുടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഒരു അംഗം തന്നെ. ആ സ്ഥാനമാണ് സോണിയയ്ക്ക് നമ്മുടെ ജനം നിരസിച്ചത്. ഇറ്റലിയില്‍ വെളുത്തവര്‍ഗ്ഗത്തില്‍ ജനിച്ചു എന്നുള്ളതാണ് അവര്‍ക്കുള്ള അടുത്ത കുറവ്. അതും പറഞ്ഞു അവരെ അധിക്ഷേപിക്കുവാനുള്ള ഉദ്ദേശത്തോടെ 'മാദാമ്മ' എന്ന് വിളിക്കുന്നു. ഇത് വിളിക്കുന്ന പലര്‍ക്കും ഈ 'മാദാമ്മ' എന്ന പദം എങ്ങനെയുണ്ടായ് എന്ന് വലിയ പിടിയില്ല. ശരിക്കും ഇത് ഇംഗ്‌ളീഷിലെ ' ങമറമാ ' തന്നെയാണ്. ആ വാക്ക് മലയാളീകരിക്കുമ്പോള്‍ ' മദാമ്മ' യാവുന്നു എന്നുമാത്രം. ശരിക്കും പറഞ്ഞാല്‍ ഈ മദാമ്മയെന്നു സോണിയയെ വിളിക്കുമ്പോള്‍ അത് ശരിക്കും അവരെ ബഹുമാനിക്കുന്നത് ആണെന്ന് നമ്മുടെ പല മാന്യന്മാരും അറിയുന്നില്ല.
അടുത്ത ആക്ഷേപം ഇന്ത്യയെ പങ്കിട്ടു തിന്നാന്‍ വട്ടം ചുറ്റിനടക്കുന്ന അമേരിക്കന്‍ കുത്തക മൂലധന ശക്തിക്ക് വേണ്ടി ഒത്താശകള്‍ ചെയ്തു നടക്കുന്നവള്‍ ആണ് സോണിയ എന്നുള്ളതാണ്. ഈ പ്രസ്താവന കാണുന്നവര്‍ക്ക് തന്നെയറിയാം ഇത് വെറും പൊള്ളത്തരം ആണെന്നുള്ള കാര്യം. എന്നാണു അമേരിക്ക ഇന്ത്യയെ പങ്കിട്ടു തിന്നുവാന്‍ വന്നിട്ടുള്ളത്. ആ ചിന്താഗതി എവിടെ നിന്നും വരുന്നുവെന്ന് എല്ലാവര്ക്കും അറിയാം. ലോകത്തില്‍ പലയിടത്തും പ്രാവര്‍ത്തീകമാക്കി അവിടെയെല്ലാം പരാജയവും ഏറ്റുവാങ്ങിയതും, നമ്മുടെ ഭാരതത്തില്‍ പ്രാവര്‍ത്തീകമാക്കുവാന്‍ സ്വാതന്ത്ര്യം കിട്ടിയ നാള്‍ തൊട്ടു അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യവസ്ഥിതിയുടെയും ആശയത്തിന്റെയും വ്യക്താക്കള്‍. അവരൊക്കെ പൂര്‍ണ്ണമായ അമേരിക്കന്‍ വിരോധം വെച്ച് പുലര്‍ത്തുന്നവരും തന്നെ. എന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും അമേരിക്കയ്ക്ക് ഒരു വിസ ഇന്ന് ലഭിച്ചാല്‍ അവരുടെ തത്വചിന്തകള്‍ എല്ലാം വെടിഞ്ഞു അമേരിക്കയിലേക്ക് കടന്നു ചെന്നു ആ നാടിന്റെ ഫലം അനുഭവിക്കാന്‍ ഒരു മടിയുമില്ലാത്തവര്‍ തന്നെ. ഇവര്‍ അമേരിക്കയില്‍ പോയാലോ പിന്നെ വായടച്ചു അവിടുത്തെ നീയമങ്ങള്‍ക്കനുസരണം നന്നായ് ജീവിക്കുകയും ചെയ്യും. ചിലര്‍ മാത്രം ഏതെങ്കിലും തരത്തിലുള്ള കൂതറ എഴുത്തുകളില്‍ കൂടെയോ ഫോണ്‍ വിളികളില്‍ കൂടെയോ ഇവരുടെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്. അമേരിക്കയില്‍ ഉള്ള ചില ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ഇത്തരം ആള്‍ക്കാരുടെ ലേഖനങ്ങളും മറ്റും വല്ലപ്പോഴും പ്രത്യക്ഷപ്പെടാറും ഉണ്ട്. ഇവരൊക്കെ ഒന്ന് പറയണം എന്ത് തരത്തിലുള്ള ഒത്താശകള്‍ ആണ് സോണിയ അമേരിക്കയ്ക്കുവേണ്ടി ചെയ്യുന്നത്, അല്ലെങ്കില്‍ ചെയ്തിട്ടുള്ളത്. അവരുടെ പക്ഷം തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് നമ്മുടെ നീതിന്യായ കോടതിയില്‍ സോണിയയ്‌ക്കെതിരെ രാജ്യ ദ്രോഹത്തിന് പരാതി കൊടുത്തുകൂടെ. ഇതൊന്നും ഇല്ലാതെ വെറുതെ മനുഷ്യനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഓരോന്ന് ഓരോരുത്തര്‍ പടച്ചു വിടുന്നു. അതേറ്റു പാടുവാന്‍ കുറച്ചു മാധ്യമങ്ങളും.
മറ്റൊരു കാര്യം സോണിയയെക്കുറിച്ച് പറയുന്നത് സോണിയയുടെ നിലപാടുകള്‍ എല്ലാം ഇന്ത്യ വിരുദ്ധം എന്നാണു. അത് കേട്ട് തുടങ്ങിയത് ഈ വര്ഷം ഫെബ്രുവരിയില്‍ ഇറ്റാലിയന്‍ കപ്പലായ എന്രിക്കാ ലെക്‌സിയിലെ ജീവനക്കാര്‍ നമ്മുടെ മീന്‍പിടുത്തക്കാരെ കടലില്‍ വെച്ച് കൊലപ്പെടുത്തിയ നാള്‍ തൊട്ടു തന്നെ. അന്ന് തൊട്ടു സോണിയയ്ക്ക് കിടക്കപ്പോറുതിയില്ല. കാരണം എല്ലാവരുടെയും ചിന്ത സോണിയ ഇറ്റലിക്കാരിയായതുകൊണ്ട് അവരുടെ സ്വാധീനത്താല്‍ ആ കൊലപാതകികള്‍ക്കു ശിക്ഷകള്‍ കൊടുക്കാതെ രക്ഷപെടുത്തും എന്നുള്ളതാണ്, അത് തീര്‍ച്ചയായും ഒരു പരിധിവരെ ശരിയായ ഒരു കാര്യം തന്നെ. നമ്മള്‍ ആണെങ്കിലും അപ്രകാരം ചെയ്യും. അമേരിക്കയില്‍ ജീവിക്കുകയും ഇവിടുത്തെ രാഷ്ട്രീയത്തില്‍ അധികാരവും പിടിപാടുകളും ഉള്ള ഒരു ഇന്ത്യാക്കാരന്‍ ഉണ്ടെങ്കില്‍ ഇതുപോലെ ഇന്ത്യക്കാരായ ആര്‍ക്കെങ്കിലും ഒരു വിന വന്നു സംഭവിച്ചാല്‍ ഇന്ത്യാ ഗവേര്‍ന്മേന്റും ജനങ്ങളും അദ്ദേഹത്തോട് തീര്‍ച്ചയായും സഹായം ആവശ്യപ്പെടും. ആ വ്യക്തിയുടെ ഹൃദയത്തിലുള്ള മാതൃ രാജ്യസ്‌നേഹത്താല്‍ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യും. അതുപോലെ ഇക്കാര്യം സോണിയ ചെയ്തുകാണാന്‍ സാധ്യതയുണ്ട്. അത് അവരുടെ ഒരു കുറ്റമായ് ചിത്രീകരിക്കുവാന്‍ സാധ്യമല്ല. ഒരു മാതൃരാജ്യ സ്‌നേഹി എന്ന് മാത്രം അതിനെ കരുതിയാല്‍ മതി.
അങ്ങനെ തുടരുന്നു ശ്രീ. സോണിയ ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങള്‍. ഒരു സ്ത്രീയെ അവരുടെ വര്‍ഗ്ഗവും ജാതിയും നിറവും നോക്കി തരം തിരിക്കാതെ അവരെ ഒരു സ്ത്രീയെന്നും ഒരു പൌരയെന്നും കരുതുക. ശ്രീ.സോണിയ ഗാന്ധിയിപ്പോള്‍ ഭാരതമാതാവിന്റെ മരുമകള്‍ ആണ്. അവര്‍ നമ്മുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. അവരെ വെറുതെ ആവശ്യമില്ലാത്ത ആരോപങ്ങങ്ങളില്‍ ഇട്ടു വലിച്ചിഴക്കാതെ ഒരു സ്ത്രീയുടെതും മാതാവിന്റെതുമായ പരിഗണന നല്‍കുക. അവരുടെ കുറ്റമല്ല അവര്‍ ഇറ്റലിയില്‍ ജനിച്ചത്., ഇന്ന് ഭാരത സ്ത്രീകളെപ്പോലെതന്നെ സാരിയും വേഷവും, ഭാഷയുമായ് അവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു. അവരും ജീവിക്കട്ടെ. അമ്മായിയമ്മ പോരുകള്‍ ഇന്ന് കാലത്തും തുടരുന്നത് മോശമല്ലേ. അതുകൊണ്ട് അത്തപ്പോരുകള്‍ നിര്‍ത്തി ചിത്തം വെടിപ്പാക്കുക.

ഇറ്റലിയില്‍ ജനച്ചതോ കുറ്റം? - മാത്യു മൂലേച്ചേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക