Image

ജയരാജന്മാര്‍ അറിയാത്തത്; പറയാത്തതും

ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ Published on 08 September, 2012
ജയരാജന്മാര്‍ അറിയാത്തത്; പറയാത്തതും
ഒരു തുറന്ന അഭിപ്രായം കണ്ണൂരിലെ കമ്മ്യുണിസ്റ്റ് നേതാക്കാന്‍ മാരെ കുറിച്ച് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ എഴുതുന്നു


എണ്‍പത്തിയഞ്ചു വര്‍ഷത്തെ ജീവിതത്തിനിടയില്‍ എന്നെ പരസ്യമായി അവഹേളിച്ചവര്‍ ജയരാജന്മാര്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ നിരവധി വിഷയങ്ങളില്‍ ഇതിനു മുന്‍പ് പലരുമായും ഞാന്‍ തര്‍ക്കങ്ങളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലൊന്നും അവഹേളനപരമായ വാക്കുകള്‍ ആരും പരസ്പരം ഉപയോഗിച്ചിരുന്നില്ല. പരസ്പരബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളത്. ആരോഗ്യപരമായ സംവാദങ്ങളെ ഭയപ്പെടുന്നവരാണ് ഒറ്റയ്ക്കുനിന്ന് എതിരാളികളെ തെറിപറയുന്നത്. ജയരാജന്മാര്‍ ഇന്ന് പഴയ നാടുവാഴികളെപ്പോലെയാണ്. ഇഷ്ടംപോലെ പണം, സമ്പത്ത്, ആരെ വേണമെങ്കിലും കായികമായി നേരിടാന്‍ പറ്റുന്ന കിങ്കരന്മാര്‍. ഇങ്ങനെ വിഭവസമൃദ്ധിയില്‍ അഭിരമിക്കുന്ന ജയരാജന്‍മാര്‍ക്ക് ആരെയും ഭയപ്പെടാനില്ല; പാര്‍ട്ടി അണികളെപ്പോലും 85 വയസ്സു കഴിഞ്ഞ് വയോധികനായ എന്നെ ജയരാജന്‍മാര്‍ക്ക് വേണമെങ്കില്‍ ശാരീരികമായി നശിപ്പിക്കാം. എന്റെ വീട്ടിന്റെ ഗേറ്റ് രാത്രിയിലും അടയ്ക്കാറില്ല. വീട്ടില്‍ ഞാനും ഭാര്യയും മാത്രമേ താമസമുള്ളൂ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാം. മോഷ്ടാക്കളെയും എനിക്കു ഭയമില്ല. കാരണം, അവര്‍ക്ക് വേണ്ടുന്നതൊന്നും വീട്ടില്‍നിന്ന് കിട്ടുകയില്ല. ഒരുതരി പൊന്നുപോലും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടില്ല. പണവും വീട്ടില്‍ സൂക്ഷിക്കാറില്ല.

നമ്മള്‍ കഴിച്ച് ബാക്കിവന്ന ഒരുപിടി ചോറ് വാരിവലിച്ചെറിയുമ്പോള്‍, ആ വലിച്ചെറിയുന്ന ഒരുപിടി ചോറിനു പിന്നിലെ മഹത്തായ മനുഷ്യാധ്വാനത്തെ വിസ്മരിച്ചുപോകരുത്. നിലമൊരുക്കി, വിത്തിട്ട്, വളമിട്ട്, കളപറിച്ച്, വെള്ളം നനച്ച്, കീടനാശിനി തളിച്ച്, മൂപ്പെത്തി ശേഷം കൊയ്ത,് മെതിച്ച്, നെല്ലും പതിരും വേര്‍തിരിച്ച,് ഉണക്കി കുത്തി-അരിയാക്കി പാചകം ചെയ്യുന്നതുവരെയുള്ള അഞ്ചുമാസത്തോളം നീണ്ടുനില്ക്കുന്ന പ്രക്രിയ.

അതുപോലെ, കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പുഷ്‌കലകാലത്ത് അതിന്റെ നേതൃനിരയില്‍ അഭിരമിക്കുന്ന ജയരാജന്മാര്‍ക്ക് എന്റെ തലമുറയില്‍പ്പെട്ടവര്‍ അനുഭവിച്ച ബുദ്ധിമുട്ട് അറിയണമെന്നില്ല. ജയരാജന്മാര്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ നാള്‍മുതലല്ല ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിച്ചത്. അവര്‍ ജനിക്കുന്നതിനും മുന്‍പാണ്. എന്നെപ്പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭംതൊട്ട് 1951 ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പുവരെ, രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ജീവന്‍ പണയംവെച്ച് രഹസ്യസംഘടനാപ്രവര്‍ത്തനം നടത്തിയവരെക്കുറിച്ചുള്ള ചരിത്രമൊന്നും അധികം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ പൊളിച്ചെഴുത്തില്‍ എന്റെ അനുഭവങ്ങള്‍ എഴുതിയത്, ഒരു രേഖയ്ക്കുവേണ്ടി. 1943-ല്‍ ബോംബെയില്‍ നടന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല എന്നാണ് ജയരാജന്മാര്‍ എന്റെ നാട്ടില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിച്ചത്. ഞാനെന്തു പറയാന്‍!

എ.കെ.ജി. സെന്ററിലും എല്ലാ ദേശാഭിമാനി ഓഫീസുകളിലും കണ്ണൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലുമെല്ലാം സുര്‍ജിത്തും ജ്യോതിബസുവും എഡിറ്റു ചെയ്ത ഡോക്യുമെന്റ്‌സ് ഓഫ് ദി കമ്യൂണിസ്റ്റ് മൂവ്‌മെന്റ് ഇന്‍ ഇന്ത്യ എന്ന ബൃഹദ്ഗ്രന്ഥമുണ്ട്, നിരവധി വോള്യങ്ങളായി. സമയം കിട്ടുമ്പോള്‍ അതിന്റെ നാലാം വോള്യത്തില്‍ 656 മുതല്‍ 661 വരെയുള്ള പേജുകള്‍ മറിച്ചുനോക്കിയാല്‍ എന്റെ പേര് മൂന്നിടത്ത് കാണാം-പിന്നീട് ഏഴാം വോള്യത്തില്‍ 1948ലെ കല്‍ക്കത്ത കോണ്‍ഗ്രസ്സിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് ഒരിടത്തും. പോരാത്തതിന് പി.സുന്ദരയ്യയുടെ ആത്മകഥയിലും. മുന്‍പ് ബാലസംഘത്തിന്റെ യോഗങ്ങളില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോള്‍ സ്ഥാപക പ്രസിഡന്റായ ഇ.കെ. നായനാരുടെയും സ്ഥാപക സെക്രട്ടറിയായ എന്റെയും പേരുകള്‍ പറയാറുണ്ടായിരുന്നു. എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയശേഷം സ്ഥാപക പ്രസിഡന്റിന്റെ പേരു മാത്രമേ പറയാറുള്ളുവത്രേ.

1943ലെ ഒന്നാം കോണ്‍ഗ്രസ്സില്‍ ബാലസംഘത്തിന്റെ പ്രതിനിധിയായാണ് ഞാന്‍ പങ്കെടുത്തത്. 16 വയസ്സുള്ള ഞാനായിരുന്നു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി. 135 പ്രതിനിധികളില്‍ ഏറ്റവും പ്രായംകൂടിയ ആള്‍ 80 വയസ്സുള്ള പഞ്ചാബിലെ ഗദര്‍പാര്‍ട്ടി നേതാവ് ബാബ സോഹന്‍സിങ് ബഖാനയായിരുന്നു.

കണ്ണൂരില്‍നിന്ന് പി.യശോദയും ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധിയായിരുന്നു. (കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവിന്റെ ഭാര്യയാണ് യശോദ ടീച്ചര്‍.)

'കോണ്‍ഗ്രസ്സിന്റെ ചെരിപ്പുനക്കലാണോ വര്‍ഗസമരം' എന്നാണ് ജയരാജന്‍ എന്നോടു ചോദിച്ചത്.
2008ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സുധാകരന് അനുകൂലമായി ഞാന്‍ നിലപാടെടുത്തതാണ് ജയരാജന്മാരെ ചൊടിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി തിരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയതി
ലും അദ്ദേഹവുമായി പിണറായി വിജയന്‍ വേദി പങ്കിട്ടതിലും പ്രതിഷേധിച്ചാണ് ഞാന്‍ എല്‍.ഡി.എഫിനെ ആ തിരഞ്ഞെടുപ്പില്‍ തോല്പിക്കാന്‍ പരിശ്രമിച്ചത്. പ്രതികരണശേഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരന് അന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു നിലപാടു മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ. എന്റെ നിലപാട് നിരവധി പാര്‍ട്ടി വോട്ടര്‍മാരും സ്വീകരിച്ചതുകൊണ്ടാണ് അരലക്ഷം വോട്ടിന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. രാഗേഷ് ജയിക്കുമെന്നു കണക്കുകൂട്ടിയിടത്ത് അത്രയും ഭൂരിപക്ഷത്തിന് കെ. സുധാകരന്‍ ജയിച്ചത്.

ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ കേരള വികസന മാര്‍ച്ചിന്റെ ശംഖുമുഖത്തെ സമാപനപരിപാടിയില്‍ വേദിയിലേക്ക് കയറിവരുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ എല്ലാവരും എഴുന്നേറ്റുനിന്ന് ആദരപൂര്‍വം സ്വീകരിച്ചപ്പോള്‍, അദ്ദേഹത്തെ മൈന്‍ഡ് ചെയ്യാതെ ക്രുദ്ധനായി ഇരുന്ന പിണറായി, മലപ്പുറത്തെ ഒരു തിരഞ്ഞെടുപ്പുപ്രചാരണവേദിയില്‍ മഅ്ദനി കയറിവരുമ്പോള്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്ന് ഹസ്തദാനം ചെയ്യുന്ന രംഗം ടിവിയില്‍ കണ്ടപ്പോള്‍ത്തന്നെ ജനം തീരുമാനിച്ചിരുന്നു, വരുന്ന തിരഞ്ഞെടുപ്പില്‍ പിണറായിയെ ഒരു പാഠം പഠിപ്പിക്കണമെന്ന്. ഇപ്പോള്‍ മഅ്ദനി എവിടെ? 2008ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം 2010-ല്‍ പഞ്ചായത്തു തിരഞ്ഞെടുപ്പും 2011-ല്‍ നിയമസഭാതിരഞ്ഞെടുപ്പും നടന്നു. ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും ഞാന്‍ എല്‍.ഡി.എഫിന്റെ വിജയത്തിന് ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. ഇതുകൊണ്ട് എന്നെ കോണ്‍ഗ്രസ്സിന്റെ ആളായി മുദ്രകുത്താന്‍ ജയരാജന്മാര്‍ ശ്രമിക്കേണ്ടതില്ല.

ജയരാജന്മാര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്ന ചില കാര്യംകൂടി ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു. 2001 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് മുന്‍ ഡി.സി.സി. പ്രസിഡന്റും മുന്‍ മന്ത്രിയുമായ എന്‍. രാമകൃഷ്ണനെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയ കാര്യമാണ് ഒന്ന്. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്ന എന്‍. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ എത്രയെത്ര സി.പി.എം. പ്രവര്‍ത്തകരാണ് വേട്ടയാടപ്പെട്ടത്? എത്ര ഗ്രന്ഥാലയങ്ങളും വായനശാലകളും പാര്‍ട്ടി ഓഫീസുകളുമാണ് തകര്‍ന്നത്. എം.എല്‍.എയായ തന്നെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ച കാര്യം പിണറായി ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. കണ്ണൂരിലെ ബീഡിത്തൊഴിലാളിയായിരുന്ന സഖാവ് എന്‍. അബ്ദുള്ള അടിയന്തരാവസ്ഥയില്‍ ഏറ്റ പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. സഖാക്കള്‍ കെ.പി. സഹദേവനും ഇ.പി. ജയരാജനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഭീകരമര്‍ദനമേറ്റു. ഇതിനെല്ലാം നേതൃത്വം നല്കിയത് അന്നത്തെ പോലീസ് സേനയെയാകെ ഉള്ളംകൈയിലെടുത്ത് അമ്മാനമാടിയ ആഭ്യന്തരമന്ത്രി കെ. കരുണാകരനും അദ്ദേഹത്തിന്റെ കണ്ണൂരിലെ വിശ്വസ്തനായ എന്‍. രാമകൃഷ്ണനുമായിരുന്നു. 2001-ല്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജയരാജന്‍മാര്‍ ഇക്കാര്യം സൗകര്യപൂര്‍വം മറന്നുപോയതാവാം.

കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ. സഖാക്കളെ വെടിവെച്ചുകൊന്നുവെന്നാരോപിച്ച് എം.വി. രാഘവനെതിരേ സംസ്ഥാനത്തെങ്ങും ബഹുമുഖപോരാട്ടങ്ങള്‍ പാര്‍ട്ടിയും ബഹുജനസംഘടനകളും നടത്തുമ്പോള്‍ സ്വന്തം ഭാര്യയ്ക്ക് ജോലിക്കയറ്റം സംഘടിപ്പിക്കാന്‍ സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവനെ അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി പി. ജയരാജന്‍ കണ്ട കാര്യം ഞാന്‍ മുന്‍പൊരു ലേഖനത്തില്‍ വിവരിച്ചിരുന്നു.
കൂത്തുപറമ്പ് സഹകരണ റൂറല്‍ ബാങ്കില്‍ ജോലിചെയ്യുന്ന പി. ജയരാജന്റെ ഭാര്യ യമുനയ്ക്ക് ബ്രാഞ്ച് മാനേജരായി സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ബാങ്കിന് ഒരു പുതിയ ശാഖകൂടി അനുവദിക്കണം. ഇതിന് അനുമതിവാങ്ങാനാണ് പി. ജയരാജന്‍ സഹകരണമന്ത്രിയായിരുന്നപ്പോള്‍ എം.വി. രാഘവനെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ എത്തിയത്. രാഘവന്‍ ആവശ്യം അംഗീകരിച്ചുവെങ്കിലും ജയരാജനെ കണ്ട ഭാവംപോലും നടിച്ചില്ലെന്ന് ഞാന്‍ അറിഞ്ഞു. സ്വന്തം ഭാര്യയുടെ ജോലിക്കയറ്റത്തിന് വര്‍ഗശത്രുവിന്റെ കാല്‍ക്കല്‍ പി. ജയരാജന് കുമ്പിടാം. അതിലൊരു തെറ്റുമില്ല. കൂത്തുപറമ്പില്‍ അഞ്ചു സഖാക്കളെ കൊലയ്ക്കുകൊടുത്ത സമരത്തിനു നേതൃത്വം നല്കിയത് ടൗണ്‍ഹാളിനു പുറത്ത് പി. ജയരാജനും അകത്ത് എം.വി. ജയരാജനുമായിരുന്നു.

1972-ല്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ. നേതാവായിരുന്ന സഖാവ് സെയ്താലി ഇതേ കോളേജില്‍ വെച്ച് കൊലചെയ്യപ്പെട്ടു. എസ്.എഫ്.ഐയുടെ അനേകം രക്തസാക്ഷികളില്‍ ആദ്യത്തേത്. എ.ബി.വി.പിക്കാരാണ് കൊല നടത്തിയത്. കേസിലെ എട്ടാംപ്രതി ശങ്കരനാരായണന്‍. പല സാക്ഷികളും കൂറുമാറിയതും പോലീസ് ഫലപ്രദമായി തെളിവെടുക്കാഞ്ഞതും കാരണം, ജില്ലാകോടതി പ്രതികളെ വെറുതേ വിട്ടു. ഈ കേസിലെ എട്ടാംപ്രതി ശങ്കരനാരായണനാണ് തൃശൂര്‍ കുന്നംകുളം മണ്ഡലത്തില്‍നിന്നും രണ്ടുതവണ സി.പി.എം. പ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു പാലിശ്ശേരി. ആര്‍.എസ്.എസ്സുകാരനായ ശങ്കരനാരായണന്‍ പ്രതികാരം ഭയന്ന് സി.പി.എമ്മില്‍ ചേര്‍ന്ന് നേതാവും എം.എല്‍.എയുമായി.
അതിരിക്കട്ടെ, സാമ്പത്തിക ഇടപാടുകളില്‍ എന്റെ കണിശത ഞാന്‍ വെളിപ്പെടുത്തി. എന്നാല്‍ പി. ജയരാജന്‍ തന്റെ രാഷ്ട്രീയജീവിതത്തില്‍ പണമിടപാടിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു സുതാര്യതയും കൃത്യനിഷ്ഠയും പാലിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നാണ് എന്റെ അപേക്ഷ.
ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചതുകാരണം, ജയരാജന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കിയിരുന്നു. ഈ കേസ് സുപ്രീംകോടതിയില്‍ നടത്താന്‍ പലരില്‍നിന്നും സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു. ഈ കേസ് നടത്തിയതിന്റെ വരവുചെലവു കണക്കുകള്‍ ഏതെങ്കിലും കമ്മിറ്റിയെ ബോധിപ്പിക്കാന്‍ ജയരാജന്‍ ഒരുപക്ഷേ, മറന്നുപോയിട്ടുണ്ടാവാം

അതുപോലെ, ജയരാജന്‍ ഇപ്പോള്‍ താമസിക്കുന്ന പാട്യത്തെ വീട് നിര്‍മിച്ചു നല്കിയത് പാര്‍ട്ടി അധികാരത്തിലുള്ളപ്പോള്‍ ഒരുപാട് നിര്‍മാണജോലികള്‍ ഏല്പിച്ചുകൊടുത്ത ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. ഇത് ശരിയായിരുന്നോ? പ്രശ്‌നം ആ പ്രദേശത്തെ പാര്‍ട്ടിഘടകത്തില്‍ ചര്‍ച്ചയായിരുന്നു. ഞാന്‍ നടത്തിയ എല്ലാ സാമ്പത്തിക ഇടപാടിന്റെയും കണക്ക് സൂക്ഷിച്ചിട്ടുണ്ട്. ഈ 85-ാം വയസ്സിലും യാതൊരു ഓര്‍മക്കുറവും എന്നെ ബാധിച്ചിട്ടില്ല. ബുദ്ധിയും കൃത്യമായി പ്രവര്‍ത്തിക്കുന്നു. ശാരീരികമായ അസ്വസ്ഥതകളും അല്പം കാഴ്ചക്കുറവും ഉണ്ടെന്നു മാത്രം.
സ്ഥാനമോഹവും പകയും പി. ജയരാജന്റെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ജയരാജന്റെ സ്ഥാനമോഹത്തെക്കുറിച്ചും അതിനായി അധികാരത്തിലുള്ളവരെ സുഖിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ വൈഭവത്തെക്കുറിച്ചും സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം.
1987 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കുമെന്ന് ജയരാജന്‍ കരുതി. ആ സമയത്ത് പാര്‍ട്ടിയുടെ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു ജയരാജന്‍. എന്നാല്‍ കണ്ണൂരില്‍നിന്ന് ഒരു മുസ്‌ലിം പ്രതിനിധി വേണം എന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിനാല്‍ കെ.പി. മമ്മുമാസ്റ്ററെ സ്ഥാനാര്‍ഥിയാക്കി. അതുവരെ ചിത്രത്തിലേയില്ലാത്ത പേരായിരുന്നു അധ്യാപകസംഘടനാനേതാവായ മമ്മുമാസ്റ്ററുടേത്. ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സി.എ. അജീര്‍, എം.വി. രാഘവന്റെ കൂടെ പോയില്ലായിരുന്നുവെങ്കില്‍ നറുക്ക് ഒരുപക്ഷേ, അദ്ദേഹത്തിനു വീണേനേ. 'കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്കകൊത്തിപ്പോയി' എന്നു പറഞ്ഞ അവസ്ഥയിലായി ജയരാജന്‍. താന്‍ ഏറെ നാളായി കൊതിച്ച കൂത്തുപറമ്പ് സീറ്റ് പാര്‍ട്ടിയില്‍ ആരുമല്ലാത്ത മറ്റൊരാള്‍ക്കു കൊടുത്തത് ജയരാജന് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. വ്രണിതഹൃദയനായ ജയരാജന്‍ പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെക്കുന്നതായി കത്തെഴുതിവെച്ച് വീട്ടില്‍പ്പോയി വാതിലടച്ചിരുന്നു. ഒടുവില്‍ പിണറായി വിജയനാണ് ജയരാജനെ വീട്ടില്‍പ്പോയി കണ്ടു തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് ജയരാജനെ പാര്‍ട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി എം.ഒ. പത്മനാഭനെ ആ സ്ഥാനത്തു നിശ്ചയിച്ചു. എന്നാല്‍ അധികം താമസിയാതെ പി. ജയരാജനെ ജില്ലാ സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തി പ്രമോട്ടു ചെയ്തു.
തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാത്തതിന്റെ പേരില്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെക്കുന്ന സംഭവം കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അപൂര്‍വമാണ്. അത് ബൂര്‍ഷ്വാപാര്‍ട്ടി നേതാക്കളുടെ രീതികളാണ്. സ്ഥാനമോഹം മൂത്ത് ഇത്തരം ബൂര്‍ഷ്വാപാര്‍ട്ടികളുടെ സംസ്‌കാരം മനസ്സില്‍ പേറിനടക്കുന്ന പി. ജയരാജനാണ് എന്നെ വര്‍ഗസമരസിദ്ധാന്തം പഠിപ്പിക്കാന്‍ ഓവര്‍ടൈം പണിയെടുക്കുന്നത്.
പി. ജയരാജന്റെ പേരില്‍ അന്നു സ്വീകരിച്ച പാര്‍ട്ടിനടപടികള്‍ വിശദീകരിക്കുന്ന ജില്ലാ കമ്മിറ്റിയുടെ സര്‍ക്കുലര്‍ എന്റെ കൈയിലുണ്ട്.
ജയരാജന് താന്‍ മോഹിച്ച എം.എല്‍.എ. സ്ഥാനം കിട്ടുന്നതിന് പിന്നെയും ഏറെ കാത്തുനില്‌ക്കേണ്ടിവന്നു. 1991 ലെ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് കൂത്തുപറമ്പില്‍ മത്സരിച്ചത്. 1996-ല്‍ കെ.കെ. ശൈലജ ടീച്ചറും. കെ.കെ. ശൈലജ ടീച്ചറെ സ്ഥാനാര്‍ഥിയാക്കിയത് നേരത്തേ മമ്മു മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കിയതുപോലെ ജയരാജന് അംഗീകരിക്കാനായില്ല. ആ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ പിണറായിയെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടി ഏരിയാ കമ്മിറ്റി ആവശ്യമുന്നയിച്ചിരുന്നു. അപ്പോള്‍ എം.ഒ. പത്മനാഭനായിരുന്നു ഏരിയാ സെക്രട്ടറി. അതിനെതിരേ പി. ജയരാജന്‍ രഹസ്യമായി കരുക്കള്‍ നീക്കി. പിണറായിയെ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമല്ലെന്നും പിണറായിയും ഏരിയാ സെക്രട്ടറി എം.ഒ. പത്മനാഭനും ചേര്‍ന്നെടുത്തതാണെന്നും ചൂണ്ടിക്കാട്ടി ജയരാജന്‍ വി.എസ്സിന് കത്തയച്ചു. കത്ത് വി.എസ്. ഗൗനിച്ചില്ല. എന്നാല്‍, പിണറായി പയ്യന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കുകയും കൂത്തുപറമ്പില്‍ കെ.കെ.ശൈലജ ടീച്ചറെ നിശ്ചയിക്കുകയും ചെയ്ത് ജയരാജനോട് പകരംവീട്ടി.
പാര്‍ട്ടിയുടെ വനിതാനേതാക്കളില്‍ ഏറ്റവും കഴിവും ക്വാളിറ്റിയുമുള്ള സഖാവാണ് ശൈലജ. 20-ാം കോണ്‍ഗ്രസ് അവരെ കേന്ദ്രകമ്മിറ്റിയില്‍ എടുത്തത് അര്‍ഹിക്കുന്ന അംഗീകാരമാണ്.
പിന്നീട് ജയരാജനെ ആര്‍.എസ്.എസ്സുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചതിനു ശേഷം അദ്ദേഹത്തോടുള്ള നിലപാടില്‍ പിണറായി അയവുവരുത്തുകയും, അടുത്ത തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ജയരാജനെ മത്സരിപ്പിക്കുകയും ചെയ്തു.
1998ലെ പാലക്കാട് സമ്മേളനത്തില്‍ മത്സരത്തിലൂടെയാണ് പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയംഗമായത്. അന്ന് പാര്‍ട്ടി വി.എസ്സിന്റെ പൂര്‍ണനിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിക്കിട്ടാന്‍, പറ്റുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം വി.എസ്സിന്റെ അപദാനങ്ങള്‍ വാഴ്ത്തലായിരുന്നു ജയരാജന്റെ ജോലി. എന്നാല്‍ മലപ്പുറം സമ്മേളനത്തോടെ ജയരാജന്‍ വി.എസ്സിന്റെ ഏറ്റവും കടുത്ത എതിരാളിയായി മാറി. രാജ്യത്തെ മുതിര്‍ന്ന കമ്യൂണിസ്റ്റുനേതാക്കളില്‍ ഒരാളായ വി.എസ്. അച്യുതാനന്ദനെ സംസ്ഥാനകമ്മിറ്റി യോഗങ്ങളില്‍ ജയരാജന്‍ വിശേഷിപ്പിച്ച വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയതായി ചില സഖാക്കള്‍ എന്നോടു പറഞ്ഞു.
'ബിംബം ചുമക്കുന്ന കഴുത', 'വഞ്ചകന്‍' എന്നീ വാക്കുകളാണ് വി.എസ്സിനെതിരെ ജയരാജന്‍ ഉപയോഗിച്ചത്.
എം.വി. ജയരാജന്റെ കാര്യവും ഇങ്ങനെതന്നെ. പിണറായിയുടെ പ്രത്യേക പരിഗണന കിട്ടിയതുകൊണ്ടാണ് ഡി.വൈ.എഫ്.ഐയിലെ മുതിര്‍ന്ന പലരെയും മറികടന്ന് എം.വി. ജയരാജന്‍ സംസ്ഥാനഭാരവാഹിയായതും ആ നിലയില്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയതും. എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.വി. ജയരാജന്‍ മികച്ച പ്രവര്‍ത്തനംതന്നെ നടത്തി.
2006ലെ തിരഞ്ഞെടുപ്പിലും തനിക്ക് ഇതേ മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് എം.വി. ജയരാജന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പിണറായി നിശ്ചയിച്ചത് പി.ശശിയുടെ പേരാണ്. ജില്ലാ കമ്മിറ്റിയില്‍ ഈ തീരുമാനം കൈക്കൊണ്ടു. എന്നാല്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനവുമായി തിരഞ്ഞെടുപ്പിനായി രൂപീകരിച്ച പാര്‍ട്ടിയുടെ എടക്കാട് മണ്ഡലം കമ്മിറ്റി യോഗത്തിനു പോയത് എം.വി.ജയരാജനും ജില്ലാ സെക്രട്ടറിയറ്റ് അംഗമായ കെ.കെ.നാരായണനുമായിരുന്നു (ഇപ്പോഴത്തെ ധര്‍മടം എം.എല്‍.എ). എടക്കാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പി. ശശിയെ നിര്‍ദേശിക്കുന്നുവെന്ന് യോഗത്തില്‍ എം.വി.ജയരാജന്‍ വിശദീകരിച്ചപ്പോള്‍ സര്‍വത്ര എതിര്‍പ്പ്. 'ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, കീഴോട്ട് ഈ പേരുമായി പോകാന്‍ പറ്റില്ല,' പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സഖാക്കള്‍ വ്യക്തമാക്കി.
എം.വി. ജയരാജന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ തിരിച്ചെത്തി നേതാക്കളോടു പറഞ്ഞു: 'ശശിയുടെ പേരുമായി അങ്ങോട്ടു പോയിക്കൂടാ.'
ശശിയെ പറ്റാത്ത സ്ഥിതിക്ക് ഒരിക്കല്‍ക്കൂടി തനിക്ക് നറുക്കുവീഴും എന്ന് ജയരാജന്‍ പ്രതീക്ഷിച്ചു. പക്ഷേ, സീറ്റു കിട്ടിയത് കടന്നപ്പള്ളി രാമചന്ദ്രന്. പാവം കടന്നപ്പള്ളി ജയിച്ചു മന്ത്രിയായി.
പി. ശശിക്കെതിരെ പെണ്ണുകേസു വന്നപ്പോള്‍ എം.വി. ജയരാജന്റെ കണ്ണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തായിരുന്നു. ഈ സ്ഥാനത്തിനായി രണ്ടുജയരാജന്മാരും മനസ്സുകൊണ്ടു പരസ്പരം മത്സരിച്ചു. ജയം പി. ജയരാജന്. കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍നിന്നു ജയിച്ച കെ. സുധാകരന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ അസംബ്ലി സീറ്റ് ഒഴിവുവന്നു. ഉപതിരഞ്ഞെടുപ്പില്‍ എ.പി. അബ്ദുള്ളക്കുട്ടിയെ നേരിട്ടത് എം.വി. ജയരാജനാണ്. എം.വി. ജയരാജന്‍ വിജയം ഉറപ്പിച്ചു. തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍വെച്ച് ആത്മകഥ എഴുതുന്നതായി എം.വി. ജയരാജന്‍ പ്രഖ്യാപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഭംഗിയായി തോറ്റതോടെ ആത്മകഥാരചനയും അവസാനിപ്പിച്ചിരിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക