Image

ലാസ്‌ വെഗാസ്‌ സ്വര്‍ഗ്ഗീയ നഗരത്തില്‍ നുരയുന്ന രതി സാമ്രാജ്യം: പ്രൊ. ജി.ബാലചന്ദ്രന്‍

പ്രൊഫസര്‍ ജി.ബാലചന്ദ്രന്‍ Published on 06 September, 2012
ലാസ്‌ വെഗാസ്‌ സ്വര്‍ഗ്ഗീയ നഗരത്തില്‍ നുരയുന്ന രതി സാമ്രാജ്യം: പ്രൊ. ജി.ബാലചന്ദ്രന്‍
നൂറു രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന്‌ ഉല്‍പ്പന്നങ്ങളുടെ മഹാപ്രദര്‍ശനമായിരുന്നു അവിടെ. കയര്‍ വ്യവസായത്തിന്‌ പുതിയ സാദ്ധ്യത ആരായാനും വിപണി വര്‍ദ്ധിപ്പിക്കാനുമാണ്‌ ഞങ്ങള്‍ അവിടെയെത്തിയത്‌. കയര്‍ വ്യവസായത്തിലെ കയറ്റുമതിക്കാരായ അനില്‍ മാധവനും ഗംഗാധര അയ്യരും പ്രഭുവും ബൈജുവും സുശീല്‍ തോമസും എന്നോടൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന്‌ ഹോട്ടലില്‍ എത്തിയപ്പോള്‍ തന്നെ കണ്ണു മഞ്ഞളിച്ചുപോയി. അത്രയ്‌ക്ക്‌ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍. ആദ്യമായാണ്‌ ഞാന്‍ ആ നഗരം കാണുന്നത്‌. അമേരിക്കയിലെ ലാസ്‌ വെഗാസ്‌. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ്‌ കേന്ദ്രം.

മാനത്തോടു മല്ലടിക്കുവാനായി ഉയര്‍ന്നു നില്‍ക്കുന്ന നൂറു കണക്കിനു ഹോട്ടലുകള്‍. എല്ലാം ഒന്നിനൊന്നിനു വലുപ്പമുള്ളവ. പ്രഭാതം പൊട്ടി വിരിഞ്ഞതേയുള്ളൂ. ഹോട്ടലിന്റെ ഉമ്മറം ഒരു ഉല്‍സവപ്പറമ്പു പോലെ. നിറയെ ചൂതുകളി ശൃംഖല. നമ്മുടെ നാട്ടിലെ പകിടയേറും മുച്ചീട്ടുകളിയും കറക്കിക്കുത്തുമൊക്കെ അത്യാധുനിക മോഡലില്‍ സംവിധാനം ചെയ്‌തു നിരത്തി നിരത്തി വച്ചിരിക്കുന്നു. ഓരോന്നിന്റേയും ചുറ്റും അഞ്ചും പത്തും പേര്‍. മൊത്തം പത്തു മൂവായിരം പേര്‍. യുവാക്കളും വൃദ്ധരും അല്‌പ വസ്‌ത്രധാരികളായി മുട്ടിയും ഉരുമ്മിയും അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. എനിക്കു നാണം വന്നു. പക്ഷേ അവിടെ ആര്‍ക്കും നാണമില്ല. കള്ളുകുടിയും ചൂതുകളിയും നിശാക്ലബ്ബുകളും ലാസ്‌ വെഗാസില്‍ സര്‍വ്വത്ര. പതിനായിരങ്ങള്‍ കൈ നിറയെ ഡോളറുമായി ലാസ്‌ വെഗാസിലെത്തുന്നു. ജീവിതം ആസ്വദിക്കുന്നു. കാമകേളിയും, കളിയും, കുടിയും- അയ്യോ ഇങ്ങനെയൊരു നഗരം ലോകത്തൊരിടത്തും ഉണ്ടാകുകയില്ല. റോഡു നിറയെ കാറുകള്‍. എല്ലാം വലിയ വലിയ കാറുകള്‍. മൈതാനം പോലെ വീതിയുള്ള റോഡുകള്‍. ഡ്രൈവറന്മാര്‍ കണ്ണടച്ചും പാട്ടുപാടിയും ടാക്‌സികള്‍ ഓടിക്കുന്നു. ടാക്‌സികളില്‍ മാത്രമേ ജോലിക്കു ഡ്രൈവറന്മാരുള്ളൂ. മറ്റൊരു കാറിലും ഡ്രൈവറന്മാരെ മുതലാളികള്‍ വയ്‌ക്കാറില്ല, മുതലാവുകില്ല. ഒരൊറ്റ സ്‌കൂട്ടറും ആട്ടോറിക്ഷയും അവിടെയൊരിടത്തും കാണാന്‍ കഴിഞ്ഞില്ല.

എല്ലാവരും സന്തോഷത്തിലാണ്‌. ചിരി - പലതരം ചിരിയാണ്‌ ഓരോത്തരുടേയും മുഖത്ത്‌. നാണം മറക്കാനെന്നോണം നാട കൊണ്ട്‌ മാറത്തും അരയിലും ചുറ്റിക്കെട്ടി നടക്കുന്ന പെണ്‍കൊടിമാര്‍ ആളുകളെ മുട്ടിമാറ്റിക്കൊണ്ടാണ്‌ വഴിയോരത്തൂടെ പോകുന്നത്‌. വഴിനീളെ നടന്നു കുടിക്കാനോ വഴിയോരങ്ങളില്‍ പരസ്‌പരം ആലിംഗനം ചെയ്യാനോ ആരെയും സുഖം പങ്കിടാന്‍ ക്ഷണിക്കാനോ ഒരു മടിയുമില്ല. കിളുന്നു പെണ്‍കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ സുരപാനത്തിനും സുഖപാനത്തിനും വെമ്പുകയും ഉഴലുകയുമാണ്‌.

ഇവിടെ നമ്മള്‍ സാധനങ്ങളുടെ വില രൂപക്കണക്കിലാണ്‌ പറയുന്നത്‌. എല്ലം അവിടെ ഡോളര്‍ കണക്കാണ്‌. എന്നു പറഞ്ഞാല്‍ അവിടെ രൂപയുടെ വിലയേ ഡോളറിനു കല്‍പ്പിക്കുന്നുള്ളൂ. ഒരു ഡോളറിന്റെ മൂല്യം അമ്പതു രൂപയാണെന്നോര്‍ക്കണം. ഒരു കുപ്പി വെള്ളത്തിനു പുറത്ത്‌ ഒരു ഡോളര്‍. ഹോട്ടല്‍ മുറിയിലെത്തിയാല്‍ അതിന്‌ പതിമൂന്നു ഡോളര്‍.

ലാസ്‌ വെഗാസ്‌ മരുഭൂമിയായിരുന്നു. നാലു വശവും പാറമലകളാല്‍ ചുറ്റപ്പെട്ട മരുഭൂമി. അവിടെയാണ്‌ റോഡും ഡാമും ഹോട്ടലുകളും പണിതുയര്‍ത്തി സ്വര്‍ഗ്ഗ നഗരം സൃഷ്ടിച്ചത്‌. മനുഷ്യന്റെ മായാവിലാസം. ശില്‍പ കലയും വാസ്‌തുശില്‍പവും കൈകോര്‍ത്ത്‌ ഉയര്‍ന്നും പടര്‍ന്നും നില്‍ക്കുന്നു.

ലാസ്‌ വെഗാസില്‍ എല്ലാവരും വരുന്നത്‌ സുഖിക്കാനാണ്‌, മദിക്കാനാണ്‌, ജീവിതം ആസ്വദിക്കാനാണ്‌. എല്ലാ ടാക്‌സിയുടെ മുകളിലും നൈറ്റ്‌ ക്ലബ്ബുകളുടെ പരസ്യങ്ങളാണ്‌. തെരുവോരങ്ങളില്‍ പോസ്റ്റ്‌ ബോക്‌സു പോലെയുള്ള പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. അതു തുറന്ന്‌ ആര്‍ക്കും അതിലുള്ള പേപ്പര്‍ എടുക്കാം. അതിലെല്ലാ നഗ്ന നൃത്തശാലകളുടെ പരസ്യവും വിവിധ പ്രായത്തിലും രൂപത്തിലും വേഷത്തിലുമുള്ള പെണ്‍കുട്ടികളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളും. പരമതന്ത്ര സ്വാതന്ത്ര്യം. വാത്സ്യായനന്റെ കാമ കലയുടെ ദൃശ്യാവിഷ്‌കാരം. ഒന്നിനും വിലക്കില്ല. അതിരുകളും നിയന്ത്രണങ്ങളും ലാസ്‌ വെഗാസില്‍ തീരെ ഇല്ലേ ഇല്ല. ഒരു നാട്ടുമ്പുറത്തുകാരനെപ്പോലെ ഞാനമ്പരന്നു നിന്നുപോയി. നൂറുകണക്കിനു നഗ്നനൃത്തവേദികള്‍ അവിടെയൊക്കെ സ്വതന്ത്രമായി ഇണകളെ തെരഞ്ഞെടുക്കുകയുമാവാം. എല്ലാത്തിനും പണം വേണം. സ്‌ത്രീകളുടെ നഗ്ന നൃത്തങ്ങള്‍ ഒരു ഭാഗത്ത്‌. മറ്റൊരു ഭാഗത്ത്‌ സ്‌ത്രീകളെ ആകര്‍ഷിക്കാന്‍അരോഗദൃഢഗാത്രരായ പുരുഷന്മാരുടെ നഗ്നനൃത്തവുമുണ്ട്‌. ഇവിടെയൊക്കെ സ്‌ത്രീകള്‍ പുരുഷന്മാരുടെ നൃത്തത്തിനും പോകുന്നു എന്നു മാത്രം ധരിക്കരുത്‌. ഇണപിണഞ്ഞ്‌ എല്ലാവരും ഒരുമിക്കുന്നു. അനുരാഗവും അനുഭൂതിയും ആവേശവും കെട്ടുപിണഞ്ഞാടുന്നു. രാവിലെ കൈയില്‍ ലിഫ്‌സ്‌ടിയ്‌ക്കുമായി മറുനാടുകളില്‍ നിന്ന്‌ ലാസ്‌ വെഗാസില്‍ പറന്നെത്തി, കൈ നിറയെ ഡോളറുകളുമായി മടങ്ങുന്ന സുന്ദരിമാര്‍. പെട്ടി നിറയെപണവുമായി പറന്നെത്തി അനുഭൂതികള്‍ അയവിറക്കി മയങ്ങിയ കണ്ണുകളും ഒഴിഞ്ഞ പെട്ടികളുമായി മടങ്ങുന്ന യുവാക്കള്‍. രതിസാമ്രാജ്യത്തോടു വിട പറയുന്നവര്‍ വീണ്ടും വീണ്ടും വരുന്നു പോകുന്നു. സുഖലോലുപത്വത്തിന്റെ വിളഭൂമി.

ലാസ്‌ വെഗാസില്‍ യാചകരെ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ `എനിക്ക്‌ ബീയര്‍ കഴിക്കാന്‍ പണം തരൂ' എന്നെഴുതിയ പ്ലക്കാര്‍ഡുമായി നടക്കുന്ന ചിലരെ കു. അതിനിടയില്‍ ഒരു ഹോട്ടലില്‍ നിന്ന്‌ ആഹാരം കഴിച്ചിറങ്ങിയപ്പോള്‍ ഒരു വെള്ളക്കാറില്‍ ഒരുത്തി വന്നു കാര്‍ നിര്‍ത്തിയിട്ടു പറഞ്ഞു. `എന്റെ കാശു തീര്‍ന്നു പോയി. കാര്‍ഡ്‌ പ്രവര്‍ത്തിക്കുന്നില്ല. കുഞ്ഞ്‌ പുറകിലുണ്ട്‌ പെട്രോളടിക്കാന്‍ പത്തു ഡോളര്‍ തരൂ'. അതു കൊടുക്കാന്‍ ഞാനൊരുങ്ങി. അപ്പോള്‍ വില്ലി വിളിച്ചു പറഞ്ഞു. അയ്യോ കൊടുക്കല്ലേ. ഇതു അവളുമാരുടെ തൊഴിലാ. മാന്യമായ വെട്ടിപ്പ്‌. ഒന്നിനുമൊരു മറയില്ല, മടിയില്ല. അറപ്പോ വെറുപ്പോ ഇല്ല. കിഴക്കിന്റേയും പടിഞ്ഞാറിന്റേയും വ്യത്യാസം. സംസ്‌കാരത്തിന്റെ മതില്‍ക്കെട്ടുകള്‍ സൃഷ്ടിക്കുന്ന നമ്മുടെ ഉറച്ച സാമൂഹ്യ ജീവിതം. അഴിഞ്ഞ ജീവിതത്തിന്റെ ചിതറിയ ചില്ലുകൊട്ടാരം പോലെ എവിടെയോ തുടങ്ങുകയും എവിടെയോ ഒടുങ്ങുകയും ചെയ്യുന്ന അലഞ്ഞുലഞ്ഞ ജീവിതത്തോട്‌ അറപ്പും വെറുപ്പും തോന്നി.


ഒരു തകര്‍പ്പന്‍ എക്‌സിബിഷനാണ്‌ ലാസ്‌ വെഗാസില്‍. ഹാര്‍ഡ്‌വെയര്‍ ഷോയില്‍ ലാണ്‍ ആന്റ്‌ ഹോം ഗാര്‍ഡന്‍സ്‌ ഐറ്റങ്ങളുണ്ട്‌. 90 ശതമാനവും ചൈനീസ്‌ ഇനങ്ങളാണ്‌. ഇത്രയും വൈവിദ്ധ്യമുള്ള സാധനങ്ങള്‍ തീരെ വിലക്കുറവില്‍ അവര്‍ എങ്ങനെ നിര്‍മ്മിക്കുന്നു? ജനങ്ങള്‍ കൂടുതല്‍, കൂലിക്കുറവ്‌. എന്തും ചൈനയില്‍ ഉണ്ടാക്കും. അമേരിക്കയാണ്‌ വലിയ മാര്‍ക്കറ്റ്‌. ഇപ്പോള്‍ ഇന്ത്യയും. ജനങ്ങളൂടെ അഭിരുചിക്കനുസരിച്ച്‌ സാധനങ്ങള്‍ നിര്‍മ്മിച്ച്‌ വിറ്റഴിക്കാനുള്ള ചൈനയുടെ സാമര്‍ത്ഥ്യം, വളരെ വലുതാണ്‌. എല്ലാവരും കഠിനാദ്ധ്വാനികള്‍ - സമയം കളയാറില്ല. ഒരു അമേരിക്കന്‍ വ്യവസായിയെ ഞാന്‍ പരിചയപ്പെട്ടു. `ചൈനക്കാര്‍ എത്രയോ വൈവിദ്ധ്യമുള്ള ഉല്‍പ്പന്നങ്ങളാണ്‌ ഉണ്ടാക്കുന്നത്‌'. ഞാന്‍ പറഞ്ഞു. `ഇങ്ങനെയായാല്‍ അവര്‍ ലോകമാര്‍ക്കറ്റ്‌ വെട്ടിപ്പിടിക്കുമല്ലോ, ലോകം തന്നെ അവരുടെ കാല്‍ക്കീഴിലാകില്ലേ?' സായ്‌പ്പ്‌ ഒന്നു ചിരിച്ചു. ഒരു പ്രത്യേക തരത്തില്‍ തലകുലുക്കിയിട്ടു പറഞ്ഞു `ശരിയാണ്‌. ലോകത്തിനാവശ്യമായ ചെറിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ ചൈനയ്‌ക്കു വില്‍ക്കാന്‍ കഴിയുന്നു. അതിന്‌ ഞങ്ങള്‍ അവരെ പ്രോല്‍സാഹിപ്പിക്കുന്നു. ലാഭമുള്ളതുകൊണ്ട്‌ ലക്ഷക്കണക്കിനു ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി ചൈനക്കാര്‍ വരുമാനമുണ്ടാക്കുന്നു. എന്നാല്‍ ഏതാനും ആയുധങ്ങള്‍, റഡാറുകള്‍, വിമാനങ്ങള്‍, ബോംബുകള്‍ ഉണ്ടാക്കി അവര്‍ ഉണ്ടാക്കുന്നതിന്റെ ലക്ഷമിരട്ടി ഞങ്ങള്‍ ലാഭം ഉണ്ടാക്കുന്നു. അതാണു ഞങ്ങളുടെ കച്ചവട രീതി'. ഓ - ഓരോ രാജ്യത്തിന്റെയും വിപണന തന്ത്രങ്ങള്‍! ബുദ്ധിയും ശക്തിയും സാമ്പത്തിക ശാസ്‌ത്രവും ഏതൊക്കെ തരത്തിലാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. നാം ഇനിയും എത്രയോ പാഠങ്ങള്‍ പഠിച്ചാലാണ്‌ അവര്‍ക്കൊപ്പം എത്താന്‍ കഴിയുക, നാം അദ്ധ്വാനിക്കുകയില്ല. അലസരാണ്‌, പരാതിക്കാരാണ്‌. ഇത്രയും മനുഷ്യ വിഭവശേഷിയുള്ള ഇന്ത്യക്കാരുടെ മൈന്റ്‌ സെറ്റ്‌ മാറിയാല്‍ ലോകോത്തര ശക്തിയായി കുതിച്ചുയരാന്‍ ഇന്ത്യയ്‌ക്കു കഴിയും. അതിനും വേണം ഒരു മനസ്സ്‌!

പറഞ്ഞുകേട്ട മറ്റു കാര്യങ്ങള്‍ സംഭ്രമം ഉളവാക്കുന്നവയാണ്‌. ലൈവ്‌ ഷോ ക്ലബ്ബുകള്‍ക്ക്‌ കണക്കില്ല. ശ്ലീലവും അശ്ലീലവും തിരിച്ചറിയാന്‍ കഴിയാത്തിടത്ത്‌ അശ്ലീല ചിത്രപ്രദര്‍ശനം ഒരു മഹാകാര്യമല്ലല്ലോ. ചില കടകളില്‍ സ്‌ത്രീയുടെയും പുരുഷന്റേയും, ഡമ്മികള്‍; ഉത്തേജക മരുന്നുകളും സി.ഡികളും നിരത്തി വച്ചിരിക്കുന്നു. ഓരോ ഹോട്ടലും ഇത്തരം വൈവിദ്ധ്യമാര്‍ന്ന കേളീരംഗമാണ്‌. ഓരോ ഹോട്ടലിലും അയ്യായിരത്തിലധികംമുറികളുണ്ട്‌. ഹോട്ടലുകള്‍ക്കകത്ത്‌ ഡസന്‍ കണക്കിന്‌ റസ്റ്റോറന്റുകള്‍, റെഡിമെയ്‌ഡ്‌ ഷോപ്പുകള്‍ സ്‌റ്റേഷനറി കടകള്‍. ഞാന്‍ താമസിച്ചത്‌ M.G.M ഗ്രാന്റിലാണ്‌ കുഞ്ഞുനാളില്‍ M.G.M പ്രാഡക്ഷന്‍സ്‌ ഇംഗ്‌ളീഷ്‌ സിനിമകള്‍ കിട്ടില്ലേ. സിംഹമാണടയാളം അതിനകത്ത്‌ സംഭ്രമജനകമായ ഒരു വിസ്‌മയപ്രദര്‍ശനം. അതില്‍ സെക്‌സില്ല. അത്ഭുതകരമായി ഉയരുകയും താഴുകയും മാറുകയും തിരിയുകയും ചെയ്യുന്ന സെറ്റിംഗുകള്‍, മായാജാലപ്രകടനങ്ങള്‍. ലൈറ്റിംഗ്‌ കൊണ്ട്‌ വിഭ്രമിപ്പിക്കുന്ന ആ ഷോയുടെ പേര്‌ K A (കാ) എന്നാണ്‌. ആ ഷോയിലെ തീയും പുകയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും തീപ്പന്തങ്ങളുംഒക്കെ കണ്ടപ്പോള്‍ എന്റെ നെഞ്ചിലും ഒരു തീയരെിയാന്‍ തുടങ്ങി. ഇതേ എം.ജി.എംഹോട്ടലില്‍ ഒരു തീപിടുത്തമുായി, 1980-ല്‍. അതോര്‍ത്തു ഞാന്‍ നടുങ്ങി. ഇരുപത്താറു നിലകളുള്ള ആ കൂറ്റന്‍ കെട്ടിടത്തിന്റെ അടുക്കളയില്‍ എണ്ണയ്‌ക്ക്‌ അന്ന്‌ തീപിടിച്ചു. എണ്‍പത്തിനാലു പേര്‍ മരിച്ചു. അറുന്നൂറു പേര്‍ക്ക്‌ ഗുരുതരമായ പൊള്ളലേറ്റു.ആയിരത്തോളം ആളുകളാണ്‌ അന്ന്‌ ആ ഹോട്ടലില്‍ താമസിച്ചിരുന്നത്‌. ശാസ്‌ത്രീയമായ അഗ്നിശമന സംവിധാനങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നിട്ടും തീ ആളിക്കത്തി. തീയുണ്ടായല്‍വിളിച്ചറിയിക്കുന്ന അലാറം പോലും പ്രവര്‍ത്തിച്ചില്ല. അടിയന്തിര സന്ദര്‍ഭങ്ങളില്‍ പെട്ടെന്നു തുറക്കാനുള്ള പ്രത്യേക വാതിലുകളില്‍ പലതും ജാമായിപ്പോയി. ആ സംഭവമോര്‍ത്ത്‌ ഞാന്‍ അസ്വസ്ഥനായി. അന്നു രാത്രിയില്‍ ഒരു പോള കണ്ണടയ്‌ക്കാന്‍ പോലും കഴിഞ്ഞില്ല.

പല ഹോട്ടലുകളും ഓരോ രാജ്യത്തിന്റെ പ്രതീകങ്ങളായി നിര്‍മ്മിച്ചിരിക്കുന്നു. ഈഫല്‍ ഗോപുരം അതേ തരത്തില്‍ ഒരു ഹോട്ടലിന്റെ മുന്‍വശത്ത്‌. മറ്റൊരു ഹോട്ടലിന്റെ മുന്‍വശത്ത്‌ ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ. അതേ വലുപ്പത്തിലാണ്‌, വേറൊരു ഹോട്ടലില്‍ വെനീസിന്റെ മിനിപ്പതിപ്പ്‌. മറ്റൊരു ഹോട്ടലിന്റെ മുന്‍വശത്ത്‌ നൃത്തമാടുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍. അതൊന്നു കാണേണ്ടതുതന്നെ.

ലോകത്തെല്ലായിടത്തുമുള്ള ഹോട്ടല്‍ മുറികളേക്കാള്‍ മുറികളുള്ള ഹോട്ടല്‍ സമുച്ചയമാണത്രേ ലാസ്‌ വെഗാസ്‌. ഒരു ലക്ഷത്തി എഴുപതിനായിരം മുറികള്‍. ശരിയായിരിക്കാം. എപ്പോഴും മുറികള്‍ നിറയെ ആളുകള്‍. എല്ലാരാജ്യങ്ങളുടേയും ഒരു പരിചേ്‌ഛദം അവിടെക്കാണാം. എല്ലാവരും വെളുത്തുതുടുത്ത്‌, ഇളകിത്തുടിച്ച്‌ ഒഴുകുന്ന ദൃശ്യം. സംസ്‌കാരത്തിന്റെ വ്യത്യസ്‌താനുഭവങ്ങളെ വേര്‍ തിരിച്ചറിയാന്‍ നാം മെനക്കെടുന്നു. ഒരിക്കലേ ജന്മമുള്ളു.അതിനുള്ളില്‍ എല്ലാം ആസ്വദിച്ചാനമ്പി!ണമെന്ന പാശ്ചാത്യ തത്ത്വശാസ്‌ത്രം. ആ വിഭ്രമത്തില്‍ വിലയം പ്രാപിക്കുന്ന മറ്റൊരു ജനത. ഇതില്‍ ആരാണു ശരി? ആരാണ്‌ തെറ്റ്‌.

വിചിത്രമായ മറ്റൊരു വസ്‌തുത. ഇത്രയധികം ജനങ്ങള്‍ പരിധികളില്ലാതെ തിങ്ങിനിറഞ്ഞ്‌ നിങ്ങുന്ന നഗരത്തില്‍ ഒരു പോലീസുകാരനെയും എങ്ങും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ നിയമമൊന്നു തെറ്റിച്ചാല്‍ എങ്ങുനിന്നന്നറിയില്ല കൈകള്‍ മുകളിലേയ്‌ക്കുയര്‍ത്തി വിലങ്ങിനകത്തായതു തന്നെ.!

അമേരിക്കയില്‍ ദൂരം പറയുന്നത്‌ കിലോമീറ്ററല്ല, മൈലാണ്‌. പെട്രോളിന്റെ അളവ്‌ ലിറ്ററിലല്ല, ഗ്യാലനിലാണ്‌.

ഷാരൂഖ്‌ ഖാനെ അപമാനിച്ചു എന്നൊക്കെ നമ്മള്‍ പത്രത്തില്‍ വായിച്ചല്ലോ. അത്‌ സുരക്ഷയുടെ പേരിലാണ്‌. ലാസ്‌ വെഗാസിലും, ന്യൂയോര്‍ക്കിലും, പാരിസിലും ബല്‍റ്റും, ഷൂസും, വാച്ചും എല്ലാം അഴിച്ചുവച്ചുള്ള പരിശോധന കഴിഞ്ഞേ വിമാനത്താവളങ്ങളില്‍ കടത്തി വിടൂ. അതിനൊന്നും പ്രതിഷേധിച്ചിട്ടു കാര്യമില്ല. ട്രേഡ്‌ സെന്റര്‍ തകര്‍ത്തതിന്റെ ആഘാതമുണ്ടാക്കിയതു മുതല്‍ സുരക്ഷയുടെ പുതിയ സംവിധാനങ്ങളില്‍ അമേരിക്ക മുഴുകി നില്‍ക്കുന്നു. ക്യൂ അലംഘനീയമായി പാലിച്ചേ മതിയാകൂ.

പണം തന്നെ എല്ലാം. എല്ലാത്തിനും കണക്കുണ്ട്‌. പക്ഷേ ടിപ്പു കൊടുക്കണം. ഹോട്ടലില്‍ പത്തു ശതമാനം ടിപ്പുകൊടുത്തില്ലെങ്കില്‍ നമ്മള്‍ ദരിദ്രവാസികളാണെന്ന്‌ അവര്‍ അടക്കം പറയും. പല നാടിന്റേയും പലതരം ഭക്ഷണം. മത്സ്യവും മാംസവും. നമ്മുടെ ചെമ്മീന്‍ തീന്‍ മേശയിലിരുന്നു ചിരിക്കുന്നതു കണ്ടു. ലാസ്‌ വെഗാസ്‌ ഒരു മായാ നഗരമാണ്‌. മഹാനഗരമാണ്‌. സെക്‌സിന്റെ അതിപ്രസരം. വിലക്കപ്പെട്ട കനി ഭക്ഷിക്കുന്ന നാട്‌. സദാചാരം, മര്യാദ, അടക്കം, ഒതുക്കം ഈ പദങ്ങളെല്ലാം ആ നാടിന്‌ അന്യമാണ്‌. അവിടെ മലയാളികള്‍ കുറവാണ്‌. അവരില്‍ ചിലര്‍ ഞങ്ങളെ കാണാനും സല്‍കരിക്കാനും വന്നു. പക്ഷേ അവര്‍ക്കും തിരക്കാണ്‌. ഓരോ മിനിട്ടിലും പണിയെടുക്കണം. എങ്കിലേ അതിനനുസരിച്ച്‌ വേതനം കിട്ടൂ. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നു. അതിനിടയില്‍ മക്കളെ നന്നായി വളര്‍ത്താന്‍ അവരെല്ലാം പാടുപെടുന്നു. കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നു. താളമൊന്നു പിഴച്ചാല്‍ കാലൊന്നിടറിയാല്‍ കുടുംബം കലങ്ങും. വശ്യ സുമ്പരമായ ലാസ്‌ വെഗാസിന്‌ മറ്റൊരു പേരുണ്ട്‌.

ആ പേര്‌ പതുക്കെയാണെങ്കിലും അവരെല്ലാം പരക്കെ പറയുന്നുണ്ട്‌. സിന്‍ സിറ്റി (Sin City) -പാപ നഗരം. ലാസ്‌ വെഗാസ്‌ ഒന്നു കാണണം. അതൊരനുഭവപാഠമാണ്‌.
ലാസ്‌ വെഗാസ്‌ സ്വര്‍ഗ്ഗീയ നഗരത്തില്‍ നുരയുന്ന രതി സാമ്രാജ്യം: പ്രൊ. ജി.ബാലചന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക