Image

മണ്ണും മാനവും വില്‍പ്പനയ്ക്ക്

Published on 07 September, 2012
മണ്ണും മാനവും വില്‍പ്പനയ്ക്ക്

തിരു: കേരളത്തിലെ തന്ത്രപ്രധാന പ്രദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുകയും പൊതുമുതല്‍ വിറ്റുതുലയ്ക്കുകയും ചെയ്യുന്ന "എമര്‍ജിങ് കേരള"യില്‍ സംസ്ഥാനത്തെ സാമൂഹ്യമായും സാംസ്കാരികമായും നശിപ്പിക്കുന്ന പദ്ധതികളും അനവധി. നമ്മുടെ പാരമ്പര്യവും പൈതൃകവും വികലമാക്കുന്ന ഇത്തരം പദ്ധതികള്‍ എമര്‍ജിങ് കേരള വെബ്സൈറ്റില്‍പ്പോലും ഉള്‍പ്പെടുത്താതെ രഹസ്യമായി അവതരിപ്പിക്കാനാണ് നീക്കം.

തിരുവനന്തപുരം വേളിയില്‍ കാബറെയും ഡിസ്കോത്തിക്കുമുള്ള പാതിരാ നൃത്തശാല, കൊച്ചി-ആലപ്പുഴ-കൊല്ലം ഉള്‍നാടന്‍ ജലപാതയില്‍ മദ്യവും മദിരാക്ഷിയും ചൂതാട്ടവുമുള്ള ഗോവന്‍ മോഡല്‍ പാര്‍ടി ക്രൂയിസ് എന്നിവ എമര്‍ജിങ് കേരളയിലെ പദ്ധതികളിലുണ്ട്. ഇന്‍കെലും മറ്റൊരു അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ടൂറിസ്റ്റ് റിസോര്‍ട്സ് കേരള ലിമിറ്റഡു (ടിആര്‍കെഎല്‍)മാണ് ഉല്ലാസപദ്ധതികള്‍ തയ്യാറാക്കിയത്. ഗോവന്‍ മോഡല്‍ ഉല്ലാസനൗക പദ്ധതി ടിആര്‍കെഎല്ലിന്റേതും മറ്റുള്ളവ ഇന്‍കെലിന്റേതുമാണ്. നിശാജീവിത കേന്ദ്രം (നൈറ്റ് ലൈഫ് സോണ്‍) എന്നു പേരിട്ട പദ്ധതിക്ക് തിരുവനന്തപുരം വേളി ബോട്ട്ക്ലബ്ബിനടുത്തെ 18 ഹെക്ടര്‍ സ്ഥലം ഇന്‍കല്‍ കണ്ടെത്തി. കാബറെ തിയറ്റര്‍, ഡിസ്കോത്തിക്, ഡാന്‍സ് ഫ്ളോര്‍, ജാസ് ക്ലബ്, മദ്യശാല, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയാണ് കേന്ദ്രത്തില്‍ ഉള്‍പ്പെടുക. ജനകീയപ്രശ്നങ്ങളോട് മുഖംതിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ടൂറിസംവികസനത്തിന്റെ പേരിലാണ് ഈ പദ്ധതികള്‍ കൊണ്ടുവരുന്നത്. വിവാദമാകുമെന്ന് ഭയന്ന് എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സൈറ്റില്‍ പരിശോധനയ്ക്കുവച്ച മറ്റു പദ്ധതികളേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇതേക്കുറിച്ച് പദ്ധതിരേഖയിലുണ്ട്. എമര്‍ജിങ് കേരള മറയാക്കി 12,355ലേറെ ഏക്കര്‍ കൃഷിഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കമുണ്ട്. പരിപാടിയില്‍ പ്രധാന ഇനമായി അവതരിപ്പിക്കുന്ന കൊച്ചി- പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണി (നിംസ്)നായാണ് വന്‍തോതില്‍ കൃഷിഭൂമി നികത്തി കച്ചവടം ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായാണ് പദ്ധതി നടപ്പാക്കുക. 53,825 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കയാണ്. കൊച്ചിമുതല്‍ പാലക്കാടുവരെ ദേശീയപാതയുടെ ഇരുവശത്തുമായി ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചനപദ്ധതിയുടെ മര്‍മപ്രധാന സ്ഥലത്ത് നക്ഷത്രപദവിയുള്ള വന്‍കിട റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം ലേലത്തില്‍വച്ചിട്ടുണ്ട്. 150 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കാരാപ്പുഴയില്‍ ഹെലിപാഡ് നിര്‍മിക്കാമെന്നും വാഗ്ദാനമുണ്ട്.

ആറന്മുള പഞ്ചായത്തില്‍ 150 അടിയോളം ഉയരമുള്ള വല്ലന ചുട്ടിപ്പാറ മലയില്‍നിന്ന് മണ്ണെടുക്കാന്‍ പദ്ധതിയുണ്ട്. ഒരു പ്രദേശത്തിന്റെയാകെ പരിസ്ഥിതിക്ക് നാശംവരുത്തുന്ന പദ്ധതി എംഇഎസ് ട്രസ്റ്റ് എന്ന പേരിലാണ് (ഇതിന് മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുമായി ബന്ധമില്ല.) ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളും ആതുരാലയവും ആരാധനാലയങ്ങളും പട്ടികജാതി കോളനികളും നിറഞ്ഞ ഭൂപ്രദേശത്തെ മല പൂര്‍ണമായി എടുത്തുമാറ്റാനാണ് നീക്കം.

"എമര്‍ജിങ് കേരള"യ്ക്കുവേണ്ടി പൊതുഖജനാവില്‍നിന്ന് സര്‍ക്കാര്‍ 25 കോടിയിലേറെ രൂപ ധൂര്‍ത്തടിക്കുന്നു. പരിപാടിയുടെ നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് ധനവകുപ്പ് ഇതിനകം അഞ്ചുകോടി രൂപ അനുവദിച്ചു. ഇതുപോരെന്നും 20 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഐഡിസി സര്‍ക്കാരിന് കത്ത് നല്‍കി. പണം പ്രശ്നമാക്കേണ്ടെന്നും തുക എത്രയായാലും അനുവദിക്കുമെന്നും ഉന്നതങ്ങളില്‍നിന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്ഐഡിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക