Image

എമര്‍ജിങ് കേരള: പാതിരാ നൃത്തശാല, ഗോവന്‍ മോഡല്‍ പാര്‍ടി ക്രൂയിസ് ?

Published on 07 September, 2012
എമര്‍ജിങ് കേരള: പാതിരാ നൃത്തശാല, ഗോവന്‍ മോഡല്‍ പാര്‍ടി ക്രൂയിസ് ?
വേളിയില്‍ കാബറെയും ഡിസ്കോത്തിക്കുമുള്ള പാതിരാ നൃത്തശാല, കൊച്ചി-ആലപ്പുഴ-കൊല്ലം ഉള്‍നാടന്‍ ജലപാതയില്‍ മദ്യവും മദിരാക്ഷിയും ചൂതാട്ടവുമുള്ള ഗോവന്‍ മോഡല്‍ പാര്‍ടി ക്രൂയിസ് എന്നിവ എമര്‍ജിങ് കേരളയിലെ പദ്ധതികളിലുണ്ട്. ഇന്‍കെലും മറ്റൊരു അര്‍ധസര്‍ക്കാര്‍ സ്ഥാപനമായ ടൂറിസ്റ്റ് റിസോര്‍ട്സ് കേരള ലിമിറ്റഡു (ടിആര്‍കെഎല്‍)മാണ് ഉല്ലാസപദ്ധതികള്‍ തയ്യാറാക്കിയത്. ഗോവന്‍ മോഡല്‍ ഉല്ലാസനൗക പദ്ധതി ടിആര്‍കെഎല്ലിന്റേതും മറ്റുള്ളവ ഇന്‍കെലിന്റേതുമാണ്. നിശാജീവിത കേന്ദ്രം (നൈറ്റ് ലൈഫ് സോണ്‍) എന്നു പേരിട്ട പദ്ധതിക്ക് തിരുവനന്തപുരം വേളി ബോട്ട്ക്ലബ്ബിനടുത്തെ 18 ഹെക്ടര്‍ സ്ഥലം ഇന്‍കല്‍ കണ്ടെത്തി.
കാബറെ തിയറ്റര്‍, ഡിസ്കോത്തിക്, ഡാന്‍സ് ഫ്ളോര്‍, ജാസ് ക്ലബ്, മദ്യശാല, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയാണ് കേന്ദ്രത്തില്‍ ഉള്‍പ്പെടുക. ജനകീയപ്രശ്നങ്ങളോട് മുഖംതിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ടൂറിസംവികസനത്തിന്റെ പേരിലാണ് ഈ പദ്ധതികള്‍ കൊണ്ടുവരുന്നത്. വിവാദമാകുമെന്ന് ഭയന്ന് എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സൈറ്റില്‍ പരിശോധനയ്ക്കുവച്ച മറ്റു പദ്ധതികളേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇതേക്കുറിച്ച് പദ്ധതിരേഖയിലുണ്ട്.
എമര്‍ജിങ് കേരള മറയാക്കി 12,355ലേറെ ഏക്കര്‍ കൃഷിഭൂമി ഭൂമാഫിയക്ക് കൈമാറാന്‍ നീക്കമുണ്ട്. പരിപാടിയില്‍ പ്രധാന ഇനമായി അവതരിപ്പിക്കുന്ന കൊച്ചി- പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണി (നിംസ്)നായാണ് വന്‍തോതില്‍ കൃഷിഭൂമി നികത്തി കച്ചവടം ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായാണ് പദ്ധതി നടപ്പാക്കുക. 53,825 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കയാണ്.
കൊച്ചിമുതല്‍ പാലക്കാടുവരെ ദേശീയപാതയുടെ ഇരുവശത്തുമായി ഭൂമി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചനപദ്ധതിയുടെ മര്‍മപ്രധാന സ്ഥലത്ത് നക്ഷത്രപദവിയുള്ള വന്‍കിട റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം ലേലത്തില്‍വച്ചിട്ടുണ്ട്. 150 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കാരാപ്പുഴയില്‍ ഹെലിപാഡ് നിര്‍മിക്കാമെന്നും വാഗ്ദാനമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക