Image

ശിവകാശി പടക്കദുരന്തം: അന്വേഷണം തുടങ്ങി

Published on 07 September, 2012
ശിവകാശി പടക്കദുരന്തം: അന്വേഷണം തുടങ്ങി
ചെന്നൈ: ശിവകാശി പടക്കനിര്‍മാണശാലയില്‍ ബുധനാഴ്ചയുണ്ടായ അപകടത്തെക്കുറിച്ച് വിരുദുനഗര്‍ ജില്ലാ റവന്യൂ ഓഫിസര്‍ രാജു അന്വേഷണം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ആര്‍.ഡി.ഒ അന്വേഷണം തുടങ്ങിയത്. കലക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചനക്കു ശേഷം ആര്‍.ഡി.ഒ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പടക്കനിര്‍മാണശാല ഉടമകളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചകളാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്‌ളോസിവ്‌സ്, റവന്യൂ വകുപ്പ് എന്നിവ പടക്കശാലകള്‍ക്കുള്ള ലൈസന്‍സ് വര്‍ഷന്തോറും പുതുക്കിനല്‍കണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപാര്‍ട്‌മെന്റില്‍നിന്നുള്ള എന്‍.ഒ.സി ഉണ്ടെങ്കിലേ ലൈസന്‍സ് പുതുക്കാവൂ. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പടക്കനിര്‍മാണശാലകള്‍ സന്ദര്‍ശിച്ച് നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ എന്‍.ഒ.സി നല്‍കാവൂ. അപകടമുണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍, അഗ്‌നിശമന സംവിധാനങ്ങള്‍, സുഗമമായ ഗതാഗതസൗകര്യം എന്നിവ നിബന്ധനകളില്‍ പ്രധാനമാണ്. സുരക്ഷാനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പടക്കശാലകളെ ഫയര്‍ഫോഴ്‌സ് വര്‍ഷം മുഴുവന്‍ നിരീക്ഷിക്കുകയും വേണം.

എന്നാല്‍, അപകടമുണ്ടായ ഓംശക്തി ഫയര്‍ വര്‍ക്‌സ് ഉള്‍പ്പെടെ ശിവകാശി മുതലിപ്പട്ടിയിലെ 40ലേറെ പടക്കനിര്‍മാണശാലകള്‍ക്ക് ഈ നിബന്ധനകള്‍ പാലിക്കാതെയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപാര്‍ട്‌മെന്റ് എന്‍.ഒ.സി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കാട്ടൂരില്‍നിന്നും ശിവകാശിയില്‍നിന്നും മുതലിപ്പട്ടിയിലെ പടക്കശാലകളിലേക്കുള്ള രണ്ട് റോഡുകളും വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകര്‍ന്നുകിടക്കുകയാണ്. ഗതാഗതസൗകര്യമില്ലാത്തതിനാല്‍ അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസം നേരിട്ടതാണ് മരണനിരക്ക് ഉയര്‍ത്തിയത്.

ശിവകാശി പടക്കദുരന്തം: അന്വേഷണം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക