Image

കൃഷ്ണ പാകിസ്താനില്‍; വിസാ കരാറില്‍ ഒപ്പുവെക്കും

Published on 07 September, 2012
കൃഷ്ണ പാകിസ്താനില്‍; വിസാ കരാറില്‍ ഒപ്പുവെക്കും
ഇസ്‌ലാമാബാദ്:വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്‌ലാമാബാദിലെത്തി. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ പരസ്പര വിശ്വാസം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും. വിസാചട്ടം ലഘൂകരിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 

മുംബൈ ഭീകരാക്രമണത്തിനുശേഷം സ്തംഭിച്ചുകിടക്കുന്ന സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷ്ണയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്ന് പര്‍വേസ് അഷറഫ് കൃഷ്ണയോട് പറഞ്ഞു. 20 മിനിറ്റ് നീണ്ടുനിന്നചര്‍ച്ചയില്‍ പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറും പങ്കെടുത്തു. 

പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറും കൃഷ്ണയും തമ്മില്‍ ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ വെക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനായി പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനിയും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും ചര്‍ച്ച നടത്തി.

വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. എങ്കിലും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ളബന്ധം നന്നാക്കുകയെന്ന ലക്ഷ്യത്തോടെ വിസാചട്ടം ലളിതമാക്കുന്നതിനുള്ള കരാറില്‍ ശനിയാഴ്ച ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഭീകരതക്കെതിരെ പാകിസ്താന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യതകയെക്കുറിച്ചുമായിരിക്കും ഇന്ത്യന്‍ സംഘം പ്രധാനമായും സംസാരിക്കുക. 

ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ മന്ത്രി കൃഷ്ണയെ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീറും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സഭര്‍വാളുംചേര്‍ന്ന് സ്വീകരിച്ചു. സ്ഥിരതയും സമൃദ്ധിയുമുള്ള പാകിസ്താന്‍ ഈ ലോകത്തോടൊപ്പം സമാധാനത്തോടെ കഴിയുന്നത് കാണാനാണ് ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും ആഗ്രഹമെന്ന് കൃഷ്ണ പറഞ്ഞു. 

പാകിസ്താനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ വെള്ളിയാഴ്ച വൈകിട്ട് കൃഷ്ണയെ സന്ദര്‍ശിച്ചു. മുത്താഹിദ ക്വാമി മൂവ്‌മെന്റ് (എം.ക്യു.എം) സംഘത്തിന് ഡോ.ഫാറൂഖ് സത്താറും, അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി.) സംഘത്തിന് സെനറ്റര്‍ മുഹമ്മദ് അദീലും, പാകിസ്താന്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍.ക്യൂ) സംഘത്തിന് സെനറ്റംഗം മുഷാഹിദ് ഹുസൈനും നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക