Image

കല്‍ക്കരി അഴിമതി: കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമമെന്നു മുരളി മനോഹര്‍ ജോഷി

Published on 07 September, 2012
കല്‍ക്കരി അഴിമതി: കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമമെന്നു മുരളി മനോഹര്‍ ജോഷി
തിരുവനന്തപുരം: കല്‍ക്കരി വിവാദത്തില്‍ അഴിമതിക്കാരെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാവും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ ഡോ.മുരളീ മനോഹര്‍ ജോഷി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാരെ പുറത്തു കൊണ്ടു വരാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ കുറ്റം കണ്ടു പിടിച്ചവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതു ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കും.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണെ്ടത്തലുകള്‍ക്കു വിശദീകരണം നല്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഒന്നിലേറെ അവസരമുണ്ട്. ഇങ്ങനെ വിശദീകരണം കേട്ട ശേഷമാണു സിഎജി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയാണു റിപ്പോട്ടിലെ കണെ്ടത്തലുകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ ശിപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍, അതിനു മുമ്പേ സിഎജിയുടെ കണെ്ടത്തലുകളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രിയും മറ്റും രംഗത്തു വന്നതോടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു തന്നെ പ്രസക്തിയില്ലാതായിരിക്കുകയാണ്. 

ഭരണഘടനാ സ്ഥാപനമായ സിഎജിയെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രിക്കോ മറ്റു മന്ത്രിമാര്‍ക്കോ അധികാരമില്ല. സിഎജിക്കെതിരെ നടപടി വേണമെങ്കില്‍ പാര്‍ലമെന്റിന് ഇംപീച്ച് ചെയ്യാം. അതിനപ്പുറം സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശിക്കാന്‍ പാടില്ലെന്നു മുമ്പ് ഒന്നിലധികം തവണ സ്പീക്കര്‍ റൂള്‍ ചെയ്തിട്ടുള്ളതാണെന്നും മുരളി മനോഹര്‍ ജോഷി ചൂണ്ടിക്കാട്ടി. 1960ല്‍ വി.കെ. കൃഷ്ണമേനോനും പിന്നീട് കെ.പി. ഉണ്ണികൃഷ്ണനും സിഎജിയെ വിമര്‍ശിച്ചപ്പോള്‍ അക്കാലത്ത് റൂളിംഗ് വന്നിട്ടുണ്ട്. കല്‍ക്കരി വിവാദത്തില്‍ പ്രതിപക്ഷത്തെ അനൈക്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസും ഡിഎംകെയും ഒഴികെ എല്ലാവരും അഴിമതിക്കെതിരെ ഒരേ അഭിപ്രായക്കാരാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക