Image

ജനസേവന കേന്ദ്രം: ഐ.ടി. വകുപ്പ് കൈമലര്‍ത്തുന്നു

Published on 07 September, 2012
ജനസേവന കേന്ദ്രം: ഐ.ടി. വകുപ്പ് കൈമലര്‍ത്തുന്നു
തിരുവനന്തപുരം: ജനോപകാരപ്രദമായിരുന്ന 'ഫ്രണ്ട്‌സ്' ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പങ്കാളിത്ത വകുപ്പുകളുടെ നിസ്സഹകരണം മൂലം ഇല്ലാതാകുന്നു. വകുപ്പുകള്‍ ജീവനക്കാരെ കൂട്ടത്തോടെ പിന്‍വലിച്ചതോടെ സംസ്ഥാനവ്യാപകമായി ഇവയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. വകുപ്പുകള്‍ ജീവനക്കാരെ പിന്‍വലിക്കുന്നതോടെ ഐ. ടി .വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്.

എന്നാല്‍ അതത് വകുപ്പുകള്‍ ജീവനക്കാരെ വിട്ടുനല്‍കാതെ ഫ്രണ്ട്‌സിനെ മെച്ചപ്പെടുത്താനാവില്ലെന്നാണ് ഐ. ടി. വകുപ്പ് പറയുന്നത്.

സര്‍വകലാശാല, റവന്യൂ, മോട്ടോര്‍വാഹനവകുപ്പ്, ജല അതോറിറ്റി, വൈദ്യുതി ബോര്‍ഡ് തുടങ്ങി നിത്യജീവിതവുമായി സാധാരണക്കാര്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ കൗണ്ടറുകള്‍ ഒറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ എന്ന ആശയമാണ് ജനസേവനകേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയത്. ജനത്തെ സംബന്ധിച്ച് ഏറെ ഉപകാരപ്രദവുമായിരുന്നു ഈ സംവിധാനം.

ഈയിടെ പോലീസ് പരാതി സെല്‍ കൂടി ആരംഭിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെയാകെ തകിടം മറിക്കുന്ന രീതിയാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്.

ജീവനക്കാരെ പിന്‍വലിച്ചാണ് അതത് വകുപ്പുകള്‍ ജനത്തെ പീഡിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പകുതിയിലേറെ ജീവനക്കാരെയാണ് പിന്‍വലിച്ചത്. ജീവനക്കാരെ പിന്‍വലിക്കുന്നത് അതത് വകുപ്പുകളാണെന്നും ഇതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ഐ.ടി വകുപ്പ് പറയുന്നത്. ജനസേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ അതത് വകുപ്പുകള്‍ ജീവനക്കാരെ വിട്ടുനല്‍കണമെന്നാണ് ഐ.ടി വകുപ്പിന്റെ നിലപാട്.

ഫ്രണ്ടസ് ജനസേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നുവെന്ന ആക്ഷേപം യുക്തിക്ക് നിരക്കാത്തതാണെന്നാണ് ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യന്‍ പറയുന്നത്. ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം മാതൃവകുപ്പില്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്നതുകൊണ്ടാണ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരെ തിരിച്ചുവിളിക്കുന്നതെന്ന് പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക