Image

വിവാദ പദ്ധതികള്‍ പിന്‍വലിച്ചെന്നും ഇല്ലെന്നും

Published on 07 September, 2012
വിവാദ പദ്ധതികള്‍ പിന്‍വലിച്ചെന്നും ഇല്ലെന്നും
തിരുവനന്തപുരം: എമര്‍ജിങ് കേരളയില്‍ ഷോകേസ് ചെയ്ത പദ്ധതികളെ ചൊല്ലിയുള്ള അവ്യക്തത വിട്ടൊഴിയുന്നില്ല. വിവാദ പദ്ധതികള്‍ പിന്‍വലിച്ചെന്നും ഇല്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഔദ്യാഗിക വിശദീകരണം വന്നിട്ടുമില്ല.

ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയെതുടര്‍ന്ന് 38 പദ്ധതികള്‍ പിന്‍വലിച്ചതായാണ് വിവരം. ഇതോടെ പദ്ധതികളുടെ എണ്ണം 194 ആയി കുറഞ്ഞു. പിന്‍വലിച്ച പദ്ധതികള്‍ നേരത്തെ ഷോകേസ് ചെയ്തതിനാല്‍, ഇവക്കുവേണ്ടി എമര്‍ജിങ് കേരളയില്‍ സംരംഭകര്‍ താല്‍പര്യം കാട്ടിയേക്കും. എമര്‍ജിങ് കേരളക്ക് മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും നടത്തിയ ബിസിനസ് മീറ്റുകളില്‍ മുഴുവന്‍ പദ്ധതികളും അവതരിപ്പിച്ചതാണ്.

ഇതിനിടെ, തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിന് സ്വകാര്യ പങ്കാളിത്തം നല്‍കുന്ന പദ്ധതിയും സ്ഥാനംപിടിച്ചിട്ടുണ്ട്. ജില്ലാതാലൂക്ക് ആശുപത്രികളില്‍ ലാബുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള ആരോഗ്യ മേഖലയിലെ പദ്ധതികള്‍, ബി.ഒ.ടി അടിസ്ഥാനത്തില്‍ ബസ് ടെര്‍മിനലുകള്‍, മലപ്പുറം ജില്ലയിലെ ഇന്‍കെല്‍ പദ്ധതികള്‍ തുടങ്ങിയവയാണ് ഒഴിവാക്കിയത്.

ടൂറിസം വകുപ്പ് നിര്‍ദേശിച്ച വാഗമണ്‍, നെല്ലിയാമ്പതി, ഇലവീഴാപൂഞ്ചിറ, ധര്‍മടം തുടങ്ങിയ പദ്ധതികള്‍ പിന്‍വലിച്ചിട്ടില്ല. എന്നാല്‍, ദേവികുളം രാജ്ഭവന്‍ ഗെസ്റ്റ് ഹൗസ് ഭൂമി പാട്ടത്തിന് നല്‍കാനുള്ള നിര്‍ദേശം പിന്‍വലിച്ചു. വാഗമണ്‍ പദ്ധതി പിന്‍വലിക്കാന്‍ നിര്‍ദേശം ഉയര്‍ന്നതാണെങ്കിലും ടൂറിസം വകുപ്പ് അംഗീകരിച്ച പദ്ധതിയെന്ന നിലയിലാണ് നിലനിര്‍ത്തിയത്. ഗോള്‍ഫ് കോഴ്‌സും ഹോട്ടലും റിസോര്‍ട്ടും അടക്കം 400 ഏക്കറിലാണ് വാഗമണില്‍ പദ്ധതി വിഭാവന ചെയ്തതെങ്കിലും അത് 100 ഏക്കറിലെ ഗോള്‍ഫ് കോഴ്‌സ് മാത്രമായി നിജപ്പെടുത്തി. റവന്യു വകുപ്പിന്റെ ഭൂമിയാണ് ഗോള്‍ഫ് കോഴ്‌സിനായി നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെ നിലപാടും നിര്‍ണയാകമാകും.

തിരുവനന്തപുരം എന്‍ജിനിയറിങ്കോളജിന് കീഴിലെ ജലവിഭവ മാനേജ്‌മെന്റ് കേന്ദ്രത്തിന് പങ്കാളിത്തം തേടുന്നതിലൂടെയാണ് കോളജില്‍ സ്വകാര്യ സംരംഭകര്‍ക്ക് അവസരം നല്‍കുന്നത്. 1984ല്‍ കേന്ദ്ര സഹായത്തോടെ തുടങ്ങിയ മാനേജ്‌മെന്റ് കേന്ദ്രത്തിന്റെ സഹകരണത്തോടെ ബി.ടെക്, എം.ടെക്കോഴ്‌സുകളാണ് നടത്തുന്നത്. ലാബ് വികസനത്തിനായി 170 ലക്ഷം രൂപക്ക് വേണ്ടിയാണ് ജലവിഭവ മാനേജ്‌മെന്റ് കേന്ദ്രവും ഷോകേസ് ചെയ്തത്. ഇതിനായി പണം മുടക്കുന്നവര്‍ക്ക് എന്ത് നേട്ടമെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ എന്‍ജിനിയറിങ് കോളജിലെ ബി.ടെക്, എം.ടെക് കോഴ്‌സുകളില്‍ ഇവര്‍ക്ക് സംവരണം നല്‍കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജലവിഭവ മാനേജ്‌മെന്റ് കേന്ദ്രമെന്ന ഗവേഷണ സ്ഥാപനം എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ചത് സംസ്ഥാനത്തിന് നാണക്കേടായെന്നും പറയുന്നു. സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ സഹായമായി 170 ലക്ഷം നല്‍കാമെന്നിരിക്കെയാണ് ഇത്.

ബ്രിട്ടീഷുകാര്‍ ആരംഭിക്കുകയും 1924ലെ പ്രളയത്തില്‍ തകരുകയും ചെയ്ത മൂന്നാര്‍ടോപ്‌സ്‌റ്റേഷന്‍ റോപ്വേയുടെ പുനരുദ്ധാരണവും എമര്‍ജിങ് കേരളയിലുണ്ട്. 500 കോടിയുടേതാണ് പദ്ധതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക