Image

പദ്ധതികള്‍ മുഴുവന്‍ നടപ്പില്ലെന്ന് കേന്ദ്രമന്ത്രിമാര്‍

Published on 07 September, 2012
 പദ്ധതികള്‍ മുഴുവന്‍ നടപ്പില്ലെന്ന് കേന്ദ്രമന്ത്രിമാര്‍
ന്യൂദല്‍ഹി: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൊണ്ടുവരുന്ന ‘എമര്‍ജിങ് കേരള’ പരിപാടിയില്‍ മുന്നോട്ടുവെക്കുന്ന എല്ലാ പദ്ധതികളും പ്രായോഗികമല്ലെന്ന് കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും കെ.വി തോമസും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുള്ളവരാണ് പരിപാടി വിവാദത്തിലാക്കിയതെന്ന് രവി കുറ്റപ്പെടുത്തി. പദ്ധതികളില്‍ പത്തിലൊന്നു പോലും നടപ്പായെന്ന് വരില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇരുവരും വ്യത്യസ്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പലതരക്കാരായ ആളുകള്‍ മുഖ്യമന്ത്രിക്ക് ചുറ്റുമുണ്ടെന്ന് വയലാര്‍ രവി പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് താന്‍ പലവട്ടം അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ്. വേണ്ടത്ര പരിശോധനയില്ലാതെയാണ് പദ്ധതികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. പദ്ധതികള്‍ വിലയിരുത്തി അന്തിമ പട്ടിക തയാറാക്കേണ്ട ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലി ചെയ്തില്ല. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം പാട്ടത്തിന് നല്‍കാനുള്ള പദ്ധതിയും മറ്റും ഇങ്ങനെയാണ് സൈറ്റില്‍ കയറിക്കൂടിയത്.

എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം നടപ്പാവുമെന്ന് കരുതേണ്ടതില്ല. ഫയല്‍ നീങ്ങാന്‍ ‘യുഗാന്തരങ്ങള്‍’ എടുക്കും. നേരത്തെ നടന്ന ജിമ്മിലും അതാണ് സംഭവിച്ചത്. അന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ പലതും പ്രായോഗികമല്ലായിരുന്നു. പദ്ധതികളുടെ മറവില്‍ ഭൂമി കൈയേറ്റം അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പിഴവുകളുടെ പേരില്‍ എമര്‍ജിങ് കേരളയെ തെറ്റായി ചിത്രീകരിക്കരുത് രവി ചൂണ്ടിക്കാട്ടി.

വേണ്ടത്ര ആലോചിച്ച് ഉറപ്പിച്ച പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ വരുന്നതെന്ന് പറയാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ് പറഞ്ഞു. പദ്ധതികളുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നതിന് പകരം കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് എല്ലാവരും പ്രകടിപ്പിക്കണമെന്ന് കെ.വി തോമസ് അഭിപ്രായപ്പെട്ടു. അന്ധമായി പദ്ധതികളെ എതിര്‍ക്കുന്നത് വികസനത്തിന് ഗുണം ചെയ്യില്ല.

മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍, വികസന കാര്യത്തില്‍ യോജിപ്പിന്റെ മുഖം പലപ്പോഴും നേതാക്കള്‍ കാട്ടിയിട്ടുണ്ട്. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ‘ജിം’ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പങ്കെടുത്തു. ടെക്‌നോപാര്‍ക്ക് കെ. കരുണാകരന്റെ സംഭാവനയാണ്. പദ്ധതി ഉദ്ഘാടനം ചെയ്തത് ഇ.കെ നായനാരാണ്.
സ്മാര്‍ട് സിറ്റിയുടെയും കൊച്ചി മെട്രോയുടെയും കാര്യത്തില്‍ ആദ്യമുയര്‍ന്നത് വിവാദങ്ങളാണ്. ഇതിനിടയിലും മുന്‍കാലങ്ങളിലുണ്ടായ യോജിപ്പ് എമര്‍ജിങ് കേരളയുടെ കാര്യത്തിലും ഉണ്ടാകണമെന്ന് കെ.വി തോമസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക