Image

പാര്‍ലമെന്റ് പാഴാക്കിയ മിനിറ്റിന് രാജ്യം ഒടുക്കിയത് രണ്ടര ലക്ഷം

Published on 07 September, 2012
പാര്‍ലമെന്റ് പാഴാക്കിയ മിനിറ്റിന് രാജ്യം ഒടുക്കിയത് രണ്ടര ലക്ഷം
ന്യൂദല്‍ഹി: പാര്‍ലമെന്റ് പാഴാക്കിയ ഓരോ മിനിറ്റിനും രാജ്യം ഒടുക്കിയത് രണ്ടര ലക്ഷം രൂപയാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും കോടി ചെലവിട്ട് നടത്തുന്ന സമ്മേളനം സ്തംഭിപ്പിച്ച ശേഷം പാര്‍ലമെന്റ് അംഗങ്ങള്‍ വേതനം വാങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബന്‍സല്‍ പറഞ്ഞു. വര്‍ഷകാല സമ്മേളനത്തില്‍ നടന്ന കാര്യപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ലമെന്റ് സ്തഭനംമൂലം പാഴായ പണത്തിന്റെ കണക്ക് ബന്‍സല്‍ നിരത്തിയത്.

ഒരു വര്‍ഷം പാര്‍ലമെന്റ് സമ്മേളിക്കുന്നത് 80 ദിവസമാണെന്ന് മന്ത്രി വിശദീകരിച്ചു. ഓരോ ദിവസവും ആറ് മണിക്കൂറാണ് സമ്മേളന സമയമായി നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്മേളനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ലമെന്റ് മന്ദിരവും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. ഇവ പരിപാലിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ചെലവിടുന്ന മൊത്തം തുകയെ 480 മണിക്കൂര്‍ കൊണ്ട് ഹരിച്ചാണ് ഒരു മിനിറ്റിന് രണ്ടേകാല്‍ ലക്ഷം രൂപ ചെലവ് വരുമെന്ന് കണക്കുകൂട്ടിയതെന്ന് ബന്‍സല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവസാനം ദിവസം വരെ ബി.ജെ.പി ഇരുസഭകളും സ്തംഭിപ്പിച്ചതിനാല്‍ നിരവധി നിയമനിര്‍മാണങ്ങള്‍ തടസ്സപ്പെട്ടതായി ബന്‍സല്‍ പറഞ്ഞു. വര്‍ഷകാല സമ്മേളനത്തില്‍ ലോക്‌സഭയുടെ 77 ശതമാനവും രാജ്യസഭയുടെ 72 ശതമാനവും സമയം പാഴായിപ്പോയി. 32 ബില്ലുകളെങ്കിലും പാസാക്കാന്‍ ലക്ഷ്യമിട്ട സമ്മേളനത്തില്‍ പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം അജണ്ട നിര്‍ണയിച്ചപ്പോള്‍ 19 ബില്ലുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ ബില്ലുകളും പാസാക്കാനായില്ല. ലോക്‌സഭയില്‍ ആറ് ബില്ലുകള്‍ പാസാക്കിയപ്പോള്‍ മൂന്ന് ബില്ലുകളാണ് രാജ്യസഭക്ക് പാസാക്കാനായത്. ലോക്‌സഭയില്‍ നാല് ബില്ലുകളും രാജ്യസഭയില്‍ രണ്ട് ബില്ലുകളും പുതുതായി അവതരിപ്പിക്കുകയും ചെയ്തു. ഇരുസഭകളും പാസാക്കേണ്ട 15 ബില്ലുകളെങ്കിലും അടുത്ത സമ്മേളനം വരെ ഇനിയും കെട്ടിക്കിടക്കുമെന്നും ബന്‍സല്‍ കുട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് പാഴാക്കിയ മിനിറ്റിന് രാജ്യം ഒടുക്കിയത് രണ്ടര ലക്ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക