Image

യുഎസ് ഓപ്പണ്‍ ഫൈനലില്‍ പെയ്‌സ് സഖ്യത്തിനു അടിതെറ്റി

Published on 07 September, 2012
യുഎസ് ഓപ്പണ്‍ ഫൈനലില്‍ പെയ്‌സ് സഖ്യത്തിനു അടിതെറ്റി
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്- ചെക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെഫാനക് സഖ്യത്തിനു ഫൈനലില്‍ അടിതെറ്റി. ഫൈനലില്‍ രണ്ടാം സീഡ് അമേരിക്കയുടെ ബോബ് ബ്രയാന്‍ - മൈക്ക് ബ്രയാന്‍ സഖ്യത്തോടാണ് പെയ്‌സ് സഖ്യം അടിയറവുപറഞ്ഞത്. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ബ്രയാന്‍ സഹോദരന്‍മാരുടെ വിജയം. അമേരിക്കന്‍ സഖ്യത്തിന്റെ പന്ത്രണ്ടാമത് ഗ്ലാന്റ് സ്ലാം കിരീടമാണ് ഇന്തോ ചെക് കൂട്ടുകെട്ടിനെ കീഴടക്കി നേടിയത്. 

സെമിയില്‍ ആറാം സീഡായ സ്‌പെയിനിന്റെ മാര്‍സെല്‍ ഗ്രനോളേഴ്‌സ് - മാര്‍ക് ലോപ്പസ് സഖ്യത്തെ മറികടന്നാണ് പെയ്‌സ് സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. പാക്കിസ്ഥാന്റെ അയ്‌സാം ഉള്‍ ഹഖ് ഖുറേഷി- ഹോളണ്ടിന്റെ ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റിനു കീഴടക്കിയാണ് ബ്രയാന്‍ സഹോദരന്‍മാര്‍ ഫൈനലില്‍ എത്തിയത്. സീസണിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ പെയ്‌സ് - സ്റ്റെഫാനക് കൂട്ടുകെട്ട് കലാശപ്പോരാട്ടത്തില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു. 

യുഎസ് ഓപ്പണില്‍ ഇതു നാലാം കിരീടമാണ് ബ്രയാന്‍ സഹോദരന്‍ ഉയര്‍ത്തുന്നത്. 2005, 2008, 2010, 2012 ടൂര്‍ണമെന്റുകളിലാണ് ബ്രയാന്‍ സഹോദരന്‍മാരുടെ കിരീടനേട്ടം. 2008ല്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ് - ചെക്ക് റിപ്പബ്‌ളിക്കിന്റെ ലൂക്കാസ് ദ്‌ളൗഹി സഖ്യത്തെ കീഴടക്കി ബ്രയാന്‍ സഹോദരന്‍മാര്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ 2010ല്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- പാക്കിസ്ഥാന്റെ അയ്‌സാം ഉള്‍ ഹഖ് ഖുറേഷി സഖ്യമായിരുന്നു അമേരിക്കന്‍ സഖ്യത്തിന്റെ എതിരാളികള്‍. ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ കൂടിയാണ് ബ്രയാന്‍ സഖ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക