മാര്‍ബിള്‍ ഫോള്‍സ്: നോര്‍ത്ത് അമേരിക്കന്‍ ശാരോണ്‍ സഭകളുടെ യൂത്ത് റിട്രീറ്റ്
ഓഗസ്റ്റ് 26 മുതല്‍ 28 വരെ ടെക്സാസിലെ മാര്‍ബിള്‍ ഫോള്സിലുള്ള ലക്വിന്റാ
റിട്രീറ്റ് സെന്ററില്‍ നടത്തപ്പെടുന്നു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍
നിന്ന് അനേകം യുവജനങ്ങള്‍ പങ്കെടുക്കുന്ന ഈ മീറ്റിംഗില്‍ സുപ്രസിദ്ധരായ
ദൈവദാസന്മാര് വചനം സംസാരിക്കും. ഇവാ. സിംജന്‍ ജേക്കബ്, റവ. ജോണ്‍ തോമസ്
എന്നിവരാണ് ഈവര്‍ഷത്തെ മുഖ്യപ്രാസംഗകര്. ഇവരെ കൂടാതെ മറ്റ് ദൈവദാസന്മാരും യുവജന
നേതാക്കന്മാരും വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കും.
ഇവാ. സിംജന്‍
ജേക്കബ്, മിനസോട്ടാ പെന്തക്കോസ്ത് അസംബ്ലിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ശാരോണ്‍ യുവജനപ്രസ്ഥാനമായ സി.ഇ.എമ്മിലും, ഇന്റര്‍ കൊളിജിയേറ്റ് പ്രെയര്‍
ഫെല്ലോഷിപ്പിലും സജീവമായി പങ്കെടുത്തിരുന്നു. സിംജന്‍ യുവജനങ്ങള്‍ക്ക്
ആത്മപ്രചോദനം നല്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നതാണ്. ശാരോണ്‍ സഭകളുടെ സ്ഥാപക
പ്രസിഡന്റായ പരേതനായ ഡോ. പി.ജെ. തോമസിന്റെ മകനാണ് റവ. ജോണ്‍ തോമസ്. ഷിക്കാഗോ
ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലെ ശുശ്രൂഷകളോടൊപ്പം സോഷ്യല്‍ വര്‍ക്കറായി
പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ ശാരോണ്‍ സഭകള്‍ക്ക് സുപരിചിതനാണ്.
തിരുവല്ലയിലുള്ള ശാരോണ്‍ ബൈബിള്‍ കോളജിന്റെ പ്രസിഡന്റായ റവ. തോമസ്, നോര്‍ത്ത്
അമേരിക്കന്‍ ശാരോണ്‍ സഭകളുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനങ്ങള്‍ക്ക് ശാരോണ്‍
എക്സിക്യൂട്ടീവ് യൂത്ത് ഡയറക്ടറായ ജസ്റ്റിന് വര്‍ഗീസും, മറ്റ് കമ്മിറ്റി
അംഗങ്ങളും നേതൃത്വം നല്കുന്നു. രജിസ്ട്രേഷനും, മറ്റു വിവരങ്ങള്‍ക്കുമായി യൂത്ത്
ഡയറക്ടര്‍ ജസ്റ്റിനുമായി ബന്ധപ്പെടുക. (justinvarghese@gmail.com)
റിട്രീറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
http://sites.google.com/site/sfcnaretreat/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.