Image

ലുഫ്താന്‍സയില്‍ സമരം; 1200 വിമാനങ്ങള്‍ റദ്ദാക്കി

Published on 06 September, 2012
ലുഫ്താന്‍സയില്‍ സമരം; 1200 വിമാനങ്ങള്‍ റദ്ദാക്കി
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സ് ജീവനക്കാരുടെ സമരത്തേത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയില്‍. വേതന വര്‍ധന ആവശ്യപ്പെട്ടും ചെലവു ചുരുക്കല്‍ നടപടികളില്‍ പ്രതിഷേധിച്ചും വിമാന ജീവനക്കാര്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചതോടെ ലുഫ്താന്‍സ 1200 വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഫ്ഒ യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍, മ്യൂണിച്ച് തുടങ്ങി ആറു പ്രധാന വിമാനത്താവളങ്ങളെ സമരം ബാധിച്ചതായി ലുഫ്താന്‍സ വെബ്സൈറ്റ് അറിയിച്ചു. ലുഫ്താന്‍സയിലെ കാബിന്‍ ജീവനക്കാര്‍ക്കു അഞ്ചു ശതമാനം ശമ്പള വര്‍ധനവും ജോലി സ്ഥിരതയും ആവശ്യപ്പെട്ടാണ് യുഎഫ്ഒ സമരം നടത്തുന്നത്. ലുഫ്താന്‍സയിലെ കാബിന്‍ ജീവനക്കാരില്‍ മൂന്നില്‍ രണ്ടു അംഗബലമുള്ള സംഘടനയാണ് യുഎഫ്ഒ. അതേസമയം, കരാര്‍ അടിസ്ഥാനത്തിലുള്ള ജോലി നിയന്ത്രിക്കാമെന്നും താത്കാലിക ജീവനക്കാരെ നിയോഗിക്കുന്ന സമ്പ്രദായം നിര്‍ത്തിവയ്ക്കാമെന്നും ലുഫ്താന്‍സ സമരനേതാക്കള്‍ക്കു ഉറപ്പുനല്‍കിയതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ വേതന വര്‍ധന 3.5 ശതമാനം മാത്രമെ തത്ക്കാലത്തേയ്ക്കു സാധ്യമാകൂവെന്നാണ് കമ്പനിയുടെ നിലപാട്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ഉയര്‍ന്ന ഇന്ധനവില, കടുത്ത മത്സരം എന്നിവയെത്തുടര്‍ന്ന് ലുഫ്താന്‍സ ശ്വാസം മുട്ടുകയാണ്. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച് എന്നിവിടങ്ങളില്‍ നിന്ന് ദിവസവും 1850 സര്‍വീസുകള്‍ ലുഫ്താന്‍സ നടത്തുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക